print edition ഒൗദ്യോഗിക ഭാഷ മലയാളം ; പത്താംക്ലാസ് വരെ മലയാളം നിർബന്ധമാക്കും

തിരുവനന്തപുരം
ഒൗദ്യോഗിക ഭാഷ മലയാളമാക്കുന്നതിനുള്ള ബില്ലിൽ ഗവർണർ ഒപ്പുവച്ചതോടെ കേരളത്തിലെ എല്ലാ സർക്കാർ-എയ്ഡഡ് വിദ്യാലയങ്ങളിലും പത്താം ക്ലാസ് വരെ മലയാളം നിർബന്ധിത ഒന്നാംഭാഷയായിരിക്കും. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നു പഠിക്കുന്ന വിദ്യാർഥികൾക്ക് 9, 10, ഹയർസെക്കൻഡറി തലങ്ങളിൽ മലയാളം പരീക്ഷ എഴുതുന്നത് നിർബന്ധമല്ല.
നിയമസഭയിൽ അവതരിപ്പിക്കുന്ന ബില്ലുകളും പാസാക്കുന്ന നിയമങ്ങളും സർക്കാർ ഓർഡിനൻസുകളും ഇനി മലയാളത്തിലാകും. ഭരണഘടനാപ്രകാരമോ പാർലമെന്റോ നിയമസഭയോ ഉണ്ടാക്കിയ ഏതെങ്കിലും നിയമമനുസരിച്ചോ സർക്കാർ ഇറക്കുന്ന ഉത്തരവുകൾ, ചട്ടങ്ങൾ, റെഗുലേഷനുകൾ, ബൈലോകൾ എന്നിവയിൽ ഉപയോഗിക്കേണ്ട ഭാഷ മലയാളമായിരിക്കും. ആവശ്യമെങ്കിൽ ഇംഗ്ലീഷ് പരിഭാഷകൂടി പ്രസിദ്ധീകരിക്കും.
കേന്ദ്ര –സംസ്ഥാന നിയമങ്ങളും ഭേദഗതികളും നിശ്‌ചിത കാലയളവിനകം മലയാളത്തിലാക്കും. കേന്ദ്ര സർക്കാർ, കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾ, ഇതര രാജ്യങ്ങൾ, ഇതര സംസ്ഥാനങ്ങൾ, ഹൈക്കോടതി, സുപ്രീംകോടതി എന്നിവയുമായുള്ള കത്തിടപാടുകൾക്ക് ഇംഗ്ലീഷ് ഉപയോഗിക്കും.
• മറ്റ് ഭാഷ മാതൃഭാഷയായ വിദ്യാർഥികൾക്ക് മലയാളവും പഠിക്കാൻ സൗകര്യമൊരുക്കും
• ഏകീകൃത ലിപി വിന്യാസം നടപ്പാക്കും
• ഭാഷാ ന്യൂനപക്ഷങ്ങളുമായി ബന്ധപ്പെട്ട ഉത്തരവുകൾ അവരുടെ മാതൃഭാഷയിലോ ഇംഗ്ലീഷിലോ ലഭ്യമാക്കും
• തദ്ദേശ, സഹകരണ, പൊതുമേഖലാ സ്ഥാപനങ്ങളുടെ പേര്, ഉദ്യോഗസ്ഥരുടെ പേര്, ഉദ്യോഗപ്പേര് എന്നിവ ബോർഡുകളിലും വാഹനങ്ങളിലും മലയാളത്തിലും ഇംഗ്ലീഷിലും രേഖപ്പെടുത്തും
• സർക്കാർ വെബ്‌സൈറ്റുകൾ, ആപ്പുകൾ എന്നിവയ്‌ക്ക് മലയാളം പതിപ്പുകൾ
• സർക്കാർ വെബ്‌സൈറ്റുകളിൽ മലയാളം തെരഞ്ഞെടുക്കാം
• ഭാഷാന്യൂനപക്ഷ സംരക്ഷണം
പുതിയ നിയമം തമിഴ്, കന്നഡ ഭാഷാന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ പൂർണമായും സംരക്ഷിക്കും. ഭാഷാന്യൂനപക്ഷ പ്രദേശങ്ങളിലെ ഓഫീസുകളുമായുള്ള കത്തിടപാടുകൾക്ക് അവരുടെ മാതൃഭാഷ ഉപയോഗിക്കാവുന്നതും മറുപടികൾ അതേ ഭാഷയിൽ തന്നെ നൽകും. ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശങ്ങളിൽ നിന്നും എത്തുന്ന വിദ്യാർഥികൾക്ക് മലയാളം പരീക്ഷ എഴുതുന്നതിൽ ഇളവ് അനുവദിക്കും.










0 comments