ad
Deshabhimani

വികസനത്തുടർച്ച പ്രവചിച്ച് കേരളം; യുഡിഎഫ് അനുകൂല 'ഉഡായിപ്പ്' സർവേയുമായി മനോരമയും

manorama news
വെബ് ഡെസ്ക്

Published on Apr 01, 2026, 01:18 PM | 2 min read

തിരുവനന്തപുരം: കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ എങ്ങനെയെങ്കിലും എൽഡിഎഫ് സർക്കാരിനെ താറടിച്ച് കാണിക്കാൻ പതിവുപോലെ സർവേകളുമായി ഇറങ്ങിയിരിക്കുകയാണ് മനോരമ. സർവേയുടെ ആദ്യഘട്ടത്തിൽ എൽഡിഎഫ് മേൽക്കൈ പ്രകടമായിരുന്നെങ്കിലും, ഫലം പുറത്തുവിട്ടപ്പോൾ എങ്ങനെയൊക്കെയോ യുഡിഎഫിന് അനുകൂലമായി കണക്കുകൾ ഒപ്പിച്ചെടുക്കുകയായിരുന്നു. 69 മുതൽ 81 വരെ സീറ്റുകൾ യുഡിഎഫിന് ലഭിക്കുമെന്ന മനോരമയുടെ പ്രവചനം വെറും പകൽക്കിനാവാണെന്ന് മറ്റ് പ്രമുഖ മാധ്യമങ്ങളുടെ സർവേകൾ വ്യക്തമാക്കുന്നു. പോരാത്തതിന് ബിജെപിക്ക് അഞ്ച് സീറ്റുകൾ വരെ ദാനം നൽകി എൻഡിഎയെയും മനോരമ സുഖിപ്പിക്കുന്നുണ്ട്.


നേമത്തും കഴക്കൂട്ടത്തും ബിജെപി നേതാക്കൾക്ക് വിജയസാധ്യത കൽപ്പിക്കുന്നതിലൂടെ വലതുപക്ഷ കൂട്ടുകെട്ടിന്റെ രാഷ്ട്രീയ അജണ്ടയാണ് പുറത്തുവരുന്നത്. എന്നാൽ 90,000 സാംപിളുകൾ എടുത്തുവെന്ന് അവകാശപ്പെടുന്ന ഈ സർവേ ഫലത്തെ കേരളം പുച്ഛിച്ചുതള്ളുകയാണ്. സർവേ ഫലം പുറത്തുവിട്ടതോടെ സാമൂഹിക മാധ്യമങ്ങളിൽ ട്രോളുകൾ നിറയുകയാണ്.


ഭരണവിരുദ്ധ വികാരം തൊട്ടുതീണ്ടാത്ത കേരളത്തിൽ, എൽഡിഎഫിന് ഭരണത്തുടർച്ചയുണ്ടാകുമെന്ന് റിപ്പോർട്ടർ ടിവി, കേരള ലൈവ്, മാതൃഭൂമി, എബിപി ലൈവ്, ബിഗ് ടിവി തുടങ്ങി ഒട്ടുമിക്ക മാധ്യമങ്ങളും അടിവരയിടുന്നു. റിപ്പോർട്ടർ ടിവിയുടെ സർവേയിൽ 44.23 ശതമാനം പേരും മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാരിന്റെ തുടർച്ചയാണ് ആഗ്രഹിക്കുന്നത്. കേരള ലൈവ് സർവേയാകട്ടെ എൽഡിഎഫിന് 95 സീറ്റുകൾ വരെയാണ് പ്രവചിക്കുന്നത്. ജനകീയ ബജറ്റിന് മാർക്കിടാൻ മനോരമ ഓൺലൈനിൽ തുടങ്ങിയ പോളിൽ 90 ശതമാനം പേരും 'മികച്ചത്' എന്ന് വോട്ട് ചെയ്തതോടെ ആ പേജ് തന്നെ മുക്കി തടിതപ്പിയ ചരിത്രം കേരളം മറന്നിട്ടില്ല.


2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കായംകുളത്ത് കോൺഗ്രസ് സ്ഥാനാർത്ഥി അരിത ബാബു വിജയിച്ചെന്ന തരത്തിൽ മനോരമ ഓൺലൈൻ നൽകിയ തെറ്റായ വാർത്ത വലിയ പരിഹാസങ്ങൾക്ക് വഴിവെച്ചിരുന്നു. തെരഞ്ഞെടുപ്പ്‌ കഴിഞ്ഞ്‌ മാസങ്ങൾ കഴിഞ്ഞപ്പോഴാണ്‌ 6298 വോട്ടിന്‌ യു പ്രതിഭയോട്‌ പരാജയപ്പെട്ട യുഡിഎഫ്‌ സ്ഥാനാർഥി അരിതാ ബാബു ജയിച്ചെന്ന്‌ മനോരമ ഓൺലൈനിൽ വാർത്ത പ്രത്യക്ഷപ്പെട്ടത്‌. യു പ്രതിഭതന്നെയാണ്‌ ലിങ്ക്‌ സഹിതം ഫെയ്‌സ്‌ബുക്കിൽ വാർത്ത പങ്കുവച്ചത്‌. ഭൂരിപക്ഷം എഴുതാനുള്ള സ്ഥലം ഒഴിച്ചിട്ട്‌ ബാക്കി വാർത്ത മുഴുവനായി ചേർത്തിട്ടുണ്ട്‌. യുഡിഎഫ് വിജയം മുൻകൂട്ടി ഉറപ്പിച്ച് തയ്യാറാക്കിയ വാർത്ത സാങ്കേതിക പിഴവ് മൂലം പുറത്തുവന്നതാണെന്ന് മനോരമ പിന്നീട് വിശദീകരിച്ചെങ്കിലും, സർവേ ഫലങ്ങൾ പാളിയ മറ്റൊരു ഉദാഹരണം കൂടിയായിരുന്നു ഈ സംഭവം.


പറഞ്ഞ് തഴമ്പിച്ച മനോരമയുടെ ഈ 'ഉഡായിപ്പ്' സർവേകൾക്ക് പഴയ ചരിത്രമാണുള്ളത്. 2016-ലും 21-ലും ഇതേപോലെ യുഡിഎഫ് ഭരണം വരുമെന്ന് സർവേ നടത്തി വിലപിച്ചിരുന്നു. 2016-ൽ ഉമ്മൻചാണ്ടിയെയും ചെന്നിത്തലയെയും മുഖ്യമന്ത്രിയാക്കി സാങ്കൽപിക ബജറ്റ് വരെ അവതരിപ്പിച്ച മനോരമ ബുദ്ധിക്ക് 2021ലും മറുപടി കിട്ടിയതാണ്. അന്ന് മനോരമ തോൽപ്പിച്ചുകളഞ്ഞ എം എം മണി, മുഹമ്മദ് റിയാസ്, കടകംപള്ളി സുരേന്ദ്രൻ തുടങ്ങി എം ബി രാജേഷും വി അബ്ദുറഹ്മാനും ഉൾപ്പെടെയുള്ളവർ വൻ ഭൂരിപക്ഷത്തിലാണ് സഭയിലെത്തിയത്. ജനങ്ങളുടെ വികസന മോഹങ്ങളെ തമസ്കരിച്ച് പടച്ചുവിടുന്ന ഇത്തരം കള്ളക്കണക്കുകൾ കേരള ജനത തള്ളിക്കളയുകതന്നെ ചെയ്യും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home