ഇതരസംസ്ഥാന തൊഴിലാളി കുടുംബത്തിലെ മൂന്ന് പേർക്ക് മലമ്പനി സ്ഥിരീകരിച്ചു

വണ്ടൂർ: അമ്പലപ്പടിയിൽ ഇതരസംസ്ഥാന തൊഴിലാളി കുടുംബത്തിലെ മൂന്നുപേർക്ക് മലമ്പനി സ്ഥിരീകരിച്ചു. ഉത്തർപ്രദേശ് സ്വദേശികളായ എഴുപത്തിയൊന്നുകാരൻ, ഇയാളുടെ മകന്റെ മുപ്പതുകാരിയായ ഭാര്യ, ഏഴുവയസ്സുള്ള കൊച്ചുമകൻ എന്നിവർക്കാണ് രോഗം ബാധിച്ചത്. അമ്പലപ്പടിയിലെ കെട്ടിടത്തിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു കുടുംബം.
രോഗബാധിതയായ മുപ്പതുകാരിയും ഭർത്താവും രണ്ട് മക്കളുമാണ് ഇവിടെ താമസിച്ചിരുന്നത്. നാട്ടിലേക്കുപോയ ഇവർ മാതാപിതാക്കളെയും കൂട്ടി ഈമാസം 14നാണ് തിരിച്ചെത്തിയത്. പിതാവിന് പനി ബാധിച്ചതോടെ ആശുപത്രിയിൽ ചികിത്സ തേടി. 22ന് മലമ്പനി സ്ഥിരീകരിച്ചു. തുടർന്ന് കുടുംബത്തിലെ എല്ലാവരിലും പരിശോധന നടത്തി. ഇതോടെയാണ് മറ്റുള്ള രണ്ടുപേർക്കുകൂടി രോഗം സ്ഥിരീകരിച്ചത്.
മറ്റുള്ളവർക്ക് രോഗബാധയില്ല. ഉത്തർപ്രദേശിൽനിന്ന് രോഗം പിടിപെട്ടതാണെന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം. മലമ്പനി റിപ്പോർട്ചെയ്ത പശ്ചാത്തലത്തിൽ പ്രദേശത്ത് ആരോഗ്യപ്രവർത്തകർ പ്രതിരോധ പ്രവർത്തനം ഊർജിതമാക്കി. വീടുകൾ കയറിയിറങ്ങി പനി സർവേയും ഉറവിട നശീകരണവും നടത്തുന്നുണ്ട്. ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റിന്റെ നേതൃത്വത്തിൽ വെക്ടർ സർവേ, വെക്ടർ കലക്ഷൻ, ലാർവ കലക്ഷൻ എന്നിവയും നടക്കുന്നു. രോഗബാധിത പ്രദേശത്തെ കുടിവെള്ള ടാങ്കുകളും ജലസ്രോതസ്സുകളും പരിശോധിച്ചു.
കഴിഞ്ഞദിവസത്തെ പരിശോധനയിൽ രോഗകാരിയായ "അനോഫിലിസ്' കൊതുകിനെയും ലാർവയെയും കണ്ടെത്തിയിട്ടുണ്ട്. വണ്ടൂർ മെഡിക്കൽ ഓഫീസർ ഡോ. ഉമ്മർ പള്ളിയാളി, ഹെൽത്ത് സൂപ്പർവൈസർ ഇൻ ചാർജ് ശ്രീജിത്ത് അംബ്രക്കാട്ട്, ഹെൽത്ത് ഇൻസ്‌പെക്ടർ എം ടി ജാൻസി, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ എം പ്രഭാകരൻ, കെ വി പുഷ്പ, എം എം ജസീർ, പി ജിതേഷ് തുടങ്ങിയർ നേതൃത്വം നൽകി.










0 comments