ad
Deshabhimani

print edition മലപ്പുറത്തെ പ്ലസ് വണ്‍ സീറ്റ്‌: ധാർമികരോഷമില്ല; മാധ്യമങ്ങൾ ശാന്തരാണ്‌

plus one
വെബ് ഡെസ്ക്

Published on Jul 06, 2026, 12:01 AM | 1 min read

തിരുവനന്തപുരം: ‘മലബാറിലെ വിദ്യാഭ്യാസ വിഷയങ്ങള്‍ ഉടന്‍ പരിഹരിക്കാനാകില്ല. പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയടക്കമുണ്ട്. തല്‍ക്കാലം സഹിക്കുകയേ വഴിയുള്ളൂ’– മന്ത്രി കെ എം ഷാജി. ‘നിഷ്‌പക്ഷ’ യുഡിഎഫ്‌ മാധ്യമങ്ങൾ പൊട്ടിത്തെറിച്ചില്ല. രോഷം അണപൊട്ടിയില്ല. പ്ലസ്‌ വൺ ക്ലാസുകൾ തിങ്കളാഴ്‌ച തുടങ്ങവെ, അലോട്ട്‌മെന്റ്‌ ഘട്ടത്തിലും മാധ്യമങ്ങൾ ശാന്തരാണ്‌. ‘മലബാറിലെ കുട്ടികൾ തെരുവിൽ പഠിക്കണമെന്നാണോ മന്ത്രി പറയുന്നത്‌’ എന്ന്‌ എൽഡിഎഫ്‌ കാലത്ത്‌ ധാർമികരോഷംകൊണ്ട മാധ്യമങ്ങൾ ഇന്ന്‌ മ‍ൗനത്തിലാണ്‌. മുന്പ്‌ അതിക്രമസമരങ്ങൾ നടത്തിയ എംഎസ്‌എഫ്‌ അടക്കമുള്ള സംഘടനകളെയും കാണാനില്ല.


എൽഡിഎഫ്‌ സർക്കാർ മലപ്പുറത്തെ അവഗണിക്കുന്നെന്ന്‌ മുസ്ലിംലീഗും ജമാഅത്തെ ഇസ്ലാമിയുമടക്കം വ്യാപകമായി കള്ളപ്രചാരണം നടത്തിയിരുന്നു. ലീഗ്‌ മന്ത്രിമാർ വിദ്യാഭ്യാസ വകുപ്പ്‌ ഭരിച്ചപ്പോൾ മലപ്പുറത്ത്‌ എസ്‌എസ്‌എൽസി വിജയത്തിന്‌ ആനുപാതികമായി പ്ലസ്‌ വൺ സീറ്റ്‌ ഉണ്ടായിട്ടില്ലെന്നത്‌ സ‍ൗകര്യപൂർവം മറച്ചുവച്ചാണ്‌ പ്രചാരണം. 2011ൽ 64,407 കുട്ടികൾ എസ്‌എസ്‌എൽസി ജയിച്ചപ്പോൾ 51,880 പ്ലസ്‌ വൺ സീറ്റ്‌ മാത്രം. എൽഡിഎഫ്‌ സർക്കാരുകൾ ഇ‍ൗ അന്തരം കുറച്ചുകൊണ്ടുവന്നു. 2023–24ൽ 77,951 പേർ എസ്‌എസ്‌എൽസി ജയിച്ചപ്പോൾ 70,976 പ്ലസ്‌ വൺ സീറ്റ്‌ ഉറപ്പാക്കാനായി.

എസ്‌എസ്‌എൽസി ജയിച്ച എല്ലാവരും തുടർപഠനത്തിന്‌ ഹയർസെക്കൻഡറി തെരഞ്ഞെടുക്കില്ല. വിഎച്ച്‌എസ്‌സി, പോളിടെക്‌നിക്‌, ഐടിഐ തുടങ്ങിയ സാധ്യതകളുമുണ്ട്‌. ഏകജാലക പ്രവേശനം നടപ്പാക്കി സുതാര്യതയും എൽഡിഎഫ്‌ സർക്കാർ ഉറപ്പാക്കി. ഓരോ ഘട്ടത്തിലും ആവശ്യാനുസരണം മാർജിനൽ സീറ്റ്‌ വർധിപ്പിച്ചു, താൽക്കാലിക ബാച്ചും അധിക ബാച്ചും അനുവദിച്ചു. വിവിധ ജില്ലകളിൽ താൽക്കാലിക പ്രതിസന്ധികളുണ്ടായിരുന്നു. എന്നാൽ, എൽഡിഎഫ്‌ സർക്കാർ മലപ്പുറത്തെ ലക്ഷ്യംവയ്‌ക്കുന്നു എന്ന പ്രതീതിനിർമാണത്തിനാണ്‌ മാധ്യമങ്ങൾ ശ്രമിച്ചത്‌.

ആദ്യ അലോട്ട്‌മെന്റിൽ പ്രവേശനം സാധ്യമാകും വിധം തുടക്കത്തിൽത്തന്നെ അധികബാച്ചുകൾ അനുവദിച്ച്‌ എൽഡിഎഫ്‌ സർക്കാർ പ്രതിസന്ധിയെ മികച്ചനിലയിൽ മറികടന്നു. ആ മാതൃക നിലവിലെ യുഡിഎഫ്‌ സർക്കാരും പിന്തുടരുന്നു. എന്നാൽ, വാർത്തകളിൽ എൽഡിഎഫ്‌ സർക്കാരിനുനേരെ പ്രയോഗിച്ച വിഷലിപ്ത പ്രയോഗങ്ങളുടെ നിഴൽപോലും തട്ടി യുഡിഎഫ്‌ സർക്കാരിന്‌ അലോസരം ഉണ്ടാകാതിരിക്കാനുള്ള ഭഗീരഥയത്നത്തിലാണ്‌ ഇതേ ‘നിഷ്‌പക്ഷ’ മാധ്യമങ്ങൾ.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home