"അവൻ ഒറ്റയ്ക്കല്ല ഇത് ചെയ്തത്, വേറെ സഹായികളുമുണ്ട്"; 14കാരിയുടെ കൊലപാതകത്തിൽ ബന്ധുക്കൾ

മലപ്പുറം: മലപ്പുറം കരുവാരക്കുണ്ടിൽ പതിനാലുവയസുകാരി കൊല്ലപ്പെട്ട സംഭവത്തിൽ ശക്തമായ അന്വേഷണം വേണമെന്ന് പെൺകുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടു. നിലവിൽ കസ്റ്റഡിയിലുള്ള പതിനാറുവയസുകാരൻ ഒറ്റയ്ക്കല്ല കൃത്യം ചെയ്തതെന്നും വേറെയും സഹായികളുണ്ടെന്നും കുട്ടിയുടെ ബന്ധുക്കൾ ആരോപിച്ചു.
വെള്ളി രാവിലെ 11 മണിയോടെയാണ് ഒൻപതാംക്ലാസ് വിദ്യാർഥിനിയെ വാണിയമ്പലത്തിനും തൊടിയപുലത്തിനും ഇടയിൽ റെയിൽവേ പുറമ്പോക്ക് സ്ഥലത്തെ കുറ്റിക്കാട്ടിൽ നിന്നും കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച സ്കൂളിലേക്ക് പോയ പെൺകുട്ടി വീട്ടിലേക്ക് തിരിച്ചെത്തിയിരുന്നില്ല. കുട്ടിയുടെ അമ്മ കരുവാരക്കുണ്ട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. തുടർന്ന് വ്യാഴം രാത്രി പൊലീസും നാട്ടുകാരും തെരച്ചിൽ നടത്തി. പിന്നീടാണ് കുട്ടിയുടെ സുഹൃത്തായ പ്ലസ് ടു വിദ്യാർഥിയെ കസ്റ്റഡിയിലെടുത്തത്.
തുടർന്ന് നടത്തിയ ചോദ്യംചെയ്യലിൽ പതിനാറുകാരൻ കുറ്റംസമ്മതിച്ചു. പെൺകുട്ടിയെ ബലാത്സംഗം ചെയ്തെന്നും സൂചനയുണ്ട്. പെൺകുട്ടിയുടെ മൃതദേഹം ഇയാളാണ് കാണിച്ചുകൊടുത്തത്. ഇവർ നേരത്തേ അടുപ്പത്തിലായിരുന്നതായാണ് വിവരം. എന്നാൽ പിന്നീട് പെൺകുട്ടിയെ ശല്യപ്പെടുത്തുന്നു എന്ന് കാണിച്ച് അമ്മ നൽകിയ പരാതിയിൽ സുഹൃത്തിനെ പൊലീസ് താക്കീത് ചെയ്തിരുന്നതായും പറയപ്പെടുന്നു.
വ്യാഴം വൈകിട്ടോടെ റെയിൽവെ സ്റ്റേഷന് സമീപത്തായി നാല് പേർ നടന്നുപോകുന്നത് കണ്ടതായി പറയുന്നുണ്ട്. അതിൽ കൊല്ലപ്പെട്ട പെൺകുട്ടിയും ഉണ്ടായിരുന്നതായാണ് വിവരം. കസ്റ്റഡിയിലായ ആൺകുട്ടി ലഹരി ഉപയോഗിക്കുന്ന വ്യക്തിയാണെന്നും സൂചനകളുണ്ട്.











0 comments