print edition രാധയെയും സുജിതയെയും കൊന്നുതള്ളിയിട്ടും മിണ്ടാത്ത കോൺഗ്രസ്

മലപ്പുറം : കോൺഗ്രസുകാർ മലപ്പുറം ജില്ലയിൽ നടത്തിയത് രണ്ട് അരുംകൊലകൾ. 2014 ഫെബ്രുവരി അഞ്ചിനാണ് നിലമ്പൂർ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫീസിലെ തൂപ്പുജോലിക്കാരി രാധ കൊല്ലപ്പെട്ടത്. രാവിലെ എട്ടരയോടെ പതിവുപോലെ ജോലിക്ക് പോയ രാധയെ പിന്നീടാരും ജീവനോടെ കണ്ടിട്ടില്ല. രാത്രിയായിട്ടും തിരിച്ചെത്താത്തതിനെത്തുടർന്ന് സഹോദരൻ നിലമ്പൂർ പൊലീസിൽ പരാതി നൽകി. തെരച്ചിലിനൊടുവിൽ പത്താം തീയതി വൈകിട്ട് നാലോടെയാണ് ചുള്ളിയോട് ഉണ്ണികുളത്തെ കാടുമൂടിയ കുളത്തിൽ രാധയുടെ മൃതദേഹം കണ്ടെത്തിയത്. തുണികൊണ്ട് കഴുത്തുഞെരിച്ചാണ് കൊലപ്പെടുത്തിയത്. മുൻ മന്ത്രി ആര്യാടൻ മുഹമ്മദിന്റെ പേഴ്സണൽ സ്റ്റാഫും കോൺഗ്രസ് ഓഫീസ് സെക്രട്ടറിയുമായിരുന്ന ബിജു നായരും സഹായിയും കോൺഗ്രസ് പ്രവർത്തകനുമായ ഷംസുദ്ദീനുമായിരുന്നു പ്രതികൾ. കേസിൽ 2015 ഫെബ്രുവരി 12ന് മഞ്ചേരി സെഷൻസ് കോടതി ഇരുവർക്കും ജീവപര്യന്തം കഠിന തടവ് വിധിച്ചു. പിന്നീട് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചു. 2021 മാർച്ച് 31ന് ഹൈക്കോടതി പ്രതികളെ വെറുതെവിട്ടു. രാധയുടെ ബന്ധുക്കളെ സംരക്ഷിക്കുമെന്ന വാഗ്‌ദാനവും കോൺഗ്രസ് പാലിച്ചില്ല.
തുവ്വൂർ കൃഷിഭവനിലെ താൽക്കാലിക ജീവനക്കാരി പള്ളിപ്പറമ്പ് മാങ്കുത്ത് സുജിതയെ (35) ശ്വാസംമുട്ടിച്ച് കൊന്ന് കുഴിച്ചുമൂടിയത് യൂത്ത് കോൺഗ്രസ് തുവ്വൂർ മണ്ഡലം സെക്രട്ടറി മാതോത്ത് വിഷ്ണു. കൊലചെയ്യാൻ സഹായിച്ച സഹോദരങ്ങളായ വൈശാഖ്, വിവേക്, സുഹൃത്ത് മൂന്നുകണ്ടത്തിൽ മുഹമ്മദ് ഷിഹാൻ എന്നിവരെയും വിവരം അറിഞ്ഞിട്ടും മറച്ചുവച്ചതിന് അച്ഛൻ മുത്തു(കുഞ്ഞുണ്ണി)വിനെയും അറസ്റ്റ് ചെയ്‌തു. 2023 ആഗസ്‌ത് 11ന് രാവിലെ ജോലിക്കുപോയ സുജിത 11.30ന് തൊട്ടടുത്ത പിഎച്ച്‌സിയിലേക്കെന്ന് പറഞ്ഞാണ് ഇറങ്ങിയത്. വൈകിട്ട് വീട്ടിലെത്താതായപ്പോൾ ഭർത്താവ് മനോജ് കരുവാരക്കുണ്ട് പൊലീസിൽ പരാതി നൽകി. സുജിതയെ കണ്ടെത്താനുള്ള അന്വേഷണത്തിനടക്കം വിഷ്‌ണു മുന്നിലുണ്ടായിരുന്നു. പൊലീസ് സ്‌റ്റേഷനിലേക്ക് യുഡിഎഫിനെകൊണ്ട് മാർച്ച് നടത്തിക്കാനും വിഷ്‌ണു പദ്ധതിയിട്ടു. വിഷ്‌ണുവിനായിരുന്നു സുജിത അവസാനമായി ഫോണിൽ വിളിച്ചത്. ഇതിൽ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. സുജിതയുടെ 53 ഗ്രാം സ്വർണം തുവ്വൂരിലെ രണ്ട് ജ്വല്ലറികളിലായി വിഷ്‌ണു വിറ്റിരുന്നു.
സ്വന്തം നേതാക്കളെയും വെറുതെ വിട്ടില്ല
രാഹുൽ മാങ്കൂട്ടത്തിൽ, എംഎൽഎ സ്ഥാനം രാജിവയ്‌ക്കണമെന്നാവശ്യപ്പെട്ട കോൺഗ്രസ് വനിതാനേതാക്കൾക്കുനേരെ ഷാഫി പറമ്പിൽ–രാഹുൽ അനുകൂലികളുടെ സൈബർ ആക്രമണം അതിഭീകരമായിരുന്നു. ഷാനിമോൾ ഉസ്‌മാൻ, കെ കെ രമ എംഎൽഎ, ബിന്ദുകൃഷ്‌ണ, ദീപ്‌തി മേരി വർഗീസ്, കെ സി വേണുഗോപാലിന്റെ ഭാര്യ ആശ എന്നിവരെയും അവർ വെറുതെ വിട്ടില്ല.
ഹരിത നേതാവിനും രക്ഷയില്ല
എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ് അപമാനിച്ചെന്ന ഹരിത നേതാവിന്റെ മൊഴിയും വലിയ വാർത്തയായി. ഹരിത മുൻ ജനറൽ സെക്രട്ടറി നജ്മ തബ്ഷിറയാണ് പൊലീസിന് മൊഴി നൽകിയത്. 2021 ജൂൺ 24ന് കോഴിക്കോട് ഹബീബ് സെന്ററിൽ നടന്ന യോഗത്തിലാണ് പി കെ നവാസ് അധിക്ഷേപ പരാമർശം നടത്തിയതെന്ന് നജ്മ തബ്ഷിറ നൽകിയ മൊഴിയിൽ പറയുന്നു. വേശ്യക്കും അവരുടെതായ വിശദീകരണം ഉണ്ടാവുമെന്ന് പറഞ്ഞാണ് നവാസ് തന്നെ പ്രസംഗിക്കാൻ ക്ഷണിച്ചത്. ഹരിതയെ നിയന്ത്രിക്കുന്നത് യാസർ എടപ്പാളെന്ന വ്യക്തിയാണെന്നും അയാളുടെ കൈയിൽ പെൺകുട്ടികളുടെ വീഡിയോ ഉണ്ടെന്നും നവാസ് പറഞ്ഞു. ഇതേ തുടർന്ന് ബഹളത്തോടെയാണ് യോഗം അവസാനിച്ചത്.










0 comments