മലങ്കര സുറിയാനി കത്തോലിക്കാ സഭ 95–ാം പുനരൈക്യ വാർഷികം സമാപിച്ചു
മാർ ഇവാനിയോസ് കേരളത്തിന്റെ യഥാർഥ പുത്രൻ : മുഖ്യമന്ത്രി

അടൂർ
കേരളത്തിന്റെ സവിശേഷതകൾ ഉൾക്കൊള്ളുന്ന യഥാർഥ പുത്രനാണ് മലങ്കര സുറിയാനി സഭയുടെ പ്രഥമ അധ്യക്ഷനായ മാർ ഇവാനിയോസെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മലങ്കര സുറിയാനി കത്തോലിക്കാ സഭ 95–ാം പുനരൈക്യ വാർഷികവും മാർ ഇവാനിയോസ് മെത്രാപ്പോലീത്തയുടെ മെത്രാഭിഷേക ശതാബ്ദി ആഘോഷ സമാപന സമ്മേളനവും ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
ചരിത്രപരമായ പ്രതിസന്ധികളെ അതിജീവിച്ചാണ് കേരളം മുന്നേറിയത്. ആ മുന്നേറ്റത്തിൽ ആരും പിന്തള്ളപ്പെട്ട് പോയില്ലെന്ന് നമ്മൾ ഉറപ്പുവരുത്തുകയാണ്. വികസന പദ്ധതികളുടെ ഗുണം എല്ലാവരിലേക്കും എത്തിക്കുന്നു. പാവപ്പെട്ടവർക്കായി ക്ഷേമപ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നു. ആ നിലയ്‌ക്ക് മാർ ഇവാനിയോസിന്റെ ജീവിതവും കേരളത്തിന്റെ മുന്നോട്ടുപോക്കും തമ്മിൽ സമാനതകളുണ്ട്.
തിരുവനന്തപുരത്ത് ആർച്ച് ബിഷപ്പായിരുന്ന 22 വർഷം അദ്ദേഹം 96 പ്രൈമറി സ്‌കൂളുകളും 15 ഹൈസ്‌കൂളും ഒരു കോളേജും സ്ഥാപിച്ചു. ആ സൃഷ്‌ടിയിൽ നിന്നുകൊണ്ടാണ് വിദ്യാഭ്യാസ മേഖലയിൽ സഭ ഗണ്യമായ സംഭാവന നൽകുന്നത്. ഐക്യവും പരസ്‌പര സ്‌നേഹവുമാണ് മനുഷ്യർക്ക് ഏറ്റവും അനിവാര്യമെന്ന ആദർശത്തിൽ ഉൗന്നിയാണ് 1930ൽ അദ്ദേഹം പുനരൈക്യ സമ്മേളനം സംഘടിപ്പിച്ചത്.
ആട്ടിൻതോലിട്ട ചെന്നായ്‌ക്കൾ ശാന്തിയും സമാധാനവും അസ്ഥിരപ്പെടുത്താൻ ശ്രമിക്കുകയാണ്. അവയെ ഒറ്റക്കെട്ടായി തുരത്താനും അതിജീവിക്കാനുമാവണം. യേശുവിനെ സമാധാനത്തിന്റെ രാജകുമാരനായാണ് ക്രൈസ്‌തവർ കാണുന്നത്. ആ സന്ദേശം സമൂഹത്തിനാകെ പകരാൻ മലങ്കര കത്തോലിക്ക സഭയ്‌ക്ക് മാർ ഇവാനിയോസിന്റെ സ്‌മരണകൾ പ്രചോദനമാകും.
ബസേലിയോസ് കർദിനാൾ ക്ലിമീസ് കാതോലിക്കാ ബാവ കേരളത്തിന്റൈ സാമൂഹ്യ അന്തരീക്ഷത്വത്തിന് വലിയ സംഭാവനയാണ് നൽകുന്നത്. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്കും മലങ്കര സുറിയാനി സഭയ്‌ക്കും പിന്തുണയുമായി സർക്കാർ ഒപ്പമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കർദിനാൾ ക്ലിമീസ് കാതോലിക്കാ ബാവ അധ്യക്ഷനായി. മന്ത്രി വീണാ ജോർജ്, രമേശ് ചെന്നിത്തല എംഎൽഎ, മുൻ ഗവർണർ പി എസ് ശ്രീധരൻപിള്ള എന്നിവർ സംസാരിച്ചു.









0 comments