മലങ്കര ഓർത്തഡോക്സ് സഭയ്ക്ക് നാല് പുതിയ മെത്രാപ്പോലീത്തമാർ

കൊച്ചി: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയ്ക്ക് നാല് പുതിയ മെത്രാപ്പോലീത്തമാരെ തെരഞ്ഞെടുത്തു. ഫാ. എ എ എൽദോസ്, ഫാ. സാംജി ടി ജോർജ്, ഫാ. ഷിബു വേണാട് മത്തായി, ഫാ. തോമസ് പോൾ റമ്പാൻ എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.
മുളന്തുരുത്തി വെട്ടിക്കൽ ദയറയിലെ സെന്റ് ഗ്രിഗോറിയോസ് നഗറിൽ ചേർന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ യോഗത്തിലാണ് വോട്ടെടുപ്പിലൂടെ തെരഞ്ഞെടുപ്പ് നടന്നത്. അസോസിയേഷൻ പ്രസിഡന്റും കാതോലിക്കാ ബാവായുമായ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയനാണ് വിജയികളുടെ പേരുകൾ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
സഭാ മാനേജിങ് കമ്മിറ്റി നാമനിർദേശം ചെയ്ത ആറ് സ്ഥാനാർഥികളാണ് തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. ഇന്ത്യയുടെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡിന്റെ മുൻ മേധാവി കെ ടി ചാക്കോ ഐഎഎസ് മുഖ്യ വരണാധികാരിയായി തെരഞ്ഞെടുപ്പ് നടപടികൾക്ക് നേതൃത്വം നൽകി.
വിദേശരാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾക്ക് ഓൺലൈനായി വോട്ട് ചെയ്യാനുള്ള സൗകര്യം ഏർപ്പെടുത്തിയിരുന്നു. നേരിട്ട് യോഗത്തിൽ പങ്കെടുത്ത പ്രതിനിധികൾ ബാലറ്റ് പേപ്പർ ഉപയോഗിച്ചാണ് വോട്ട് രേഖപ്പെടുത്തിയത്.









0 comments