ad
Deshabhimani

print edition മകരവിളക്ക് തീർഥാടനം: തിരക്കിലമർന്ന്‌ സന്നിധാനം

sabarimala master plan

ഫയൽ ചിത്രം

avatar
ജിതിൻ ബാബു

Published on Jan 01, 2026, 03:55 AM | 1 min read

ശബരിമല: മകരവിളക്ക് ഉത്സവത്തിനായി ശബരിമല നടതുറന്നതിന്‌ പിന്നാലെ തിരക്കിലമർന്ന്‌ സന്നിധാനം. ചൊവ്വാഴ്ച നടതുറന്ന ശേഷം 1, 20, 256 തീർഥാടകരാണ്‌ ദർശനം നടത്തിയത്‌. ബുധൻ വൈകിട്ട്‌ അഞ്ച്‌ വരെയുള്ള കണക്കാണിത്‌. ചൊവ്വ വൈകിട്ട് അഞ്ചിനാണ്‌ നട തുറന്നത്. ആദ്യ ദിവസം 57,256 പേർ ദർശനം നടത്തി. വിർച്വൽ ക്യൂവിലൂടെ 20,477 പേരും സ്പോട്ട് ബുക്കിങ്ങിലൂടെ 4401 പേരും പുല്ലുമേട് വഴി 4283 പേരും മലചവിട്ടി. മകരവിളക്ക്‌ സീസണിന്റെ രണ്ടാം ദിവസമായ ബുധനാഴ്ചയും വലിയ തിരക്കാണ്‌ അനുഭവപ്പെട്ടത്‌. പുലർച്ചെ മുതൽ തീർഥാടകരാൽ നിറഞ്ഞിരുന്നു. തീർഥാടകരുടെ നിര നടപ്പന്തലും പിന്നിട്ട്‌ മരക്കൂട്ടം വരെ നീണ്ടു.


​കാനനപാത വഴിയുള്ള തീർഥാടകരുടെ എണ്ണത്തിലും വലിയ വർധനവാണ്‌. സത്രം– പുല്ലുമേട്‌ വഴി 4898 പേരാണ്‌ ബുധനാഴ്ച ദർശനം നടത്തിയത്‌. രാവിലെ ഏഴ്‌ മുതൽ 12 വരെ മാത്രമാണ്‌ ഇതുവഴി പ്രവേശനമുള്ളൂ. രണ്ടുദിവസം കൊണ്ട്‌ മുക്കുഴി വഴി 16, 411 തീർഥാടകരെത്തി. മകരവിളക്ക്‌ സീസണിൽ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ ശക്തമായ സുരക്ഷ ഒരുക്കിയിട്ടുണ്ട്‌. 14നാണ് മകരവിളക്ക്. 19ന് രാത്രി 11 വരെ തീർഥാടകർക്ക് ദർശനം സാധ്യമാകും. 20ന് രാവിലെ 6.30ന് നടയടയ്ക്കും.


നെയ്യഭിഷേകത്തിന് തുടക്കമായി


ശബരിമല: മകരവിളക്ക് തീർഥാടനത്തിന് നടതുറന്നതോടെ സന്നിധാനത്ത്‌ നെയ്യഭിഷേകത്തിന് തുടക്കമായി. പുലർച്ചെ 3.30 മുതൽ ഏഴ്‌ വരെയും തുടർന്ന് രാവിലെ എട്ട്‌ മുതൽ 11 വരെയുമാണ് നെയ്യഭിഷേകം നടന്നത്. അയ്യപ്പനുള്ള മുഖ്യ വഴിപാടാണ് നെയ്യഭിഷേകം. 18 വരെയാണ് തീർഥാടകർക്ക് നെയ്യഭിഷേകത്തിന്‌ അവസരം. 20ന്‌ രാവിലെ 6.30ന് നടയടക്കും.


നടതുറന്ന ശേഷമുള്ള ആദ്യ കളഭാഭിഷേകം ബുധൻ പകൽ 11ന്‌ നടന്നു. സന്നിധാനത്തെ പ്രധാന വഴിപാടുകളിലൊന്നാണ്‌ കളഭാഭിഷേകം . അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ എസ് ശ്രീനിവാസ്, എക്സിക്യൂട്ടീവ് ഓഫീസർ ഒ ജി ബിജു എന്നിവരും പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home