ഇഎസ്ഐ കോർപറേഷനെ കക്ഷിയാക്കാത്തതിൽ വിമർശനം; സർക്കാർ നടപടികളിൽ തൃപ്തി
ഇഎസ്ഐ മെഡിക്കൽ കോളേജ്: ബിജെപിയെ രക്ഷിക്കാനിറങ്ങിയ പ്രേമചന്ദ്രന് ഹൈക്കോടതിയിൽ വൻ തിരിച്ചടി; ഹർജി തള്ളി

എൻ കെ പ്രേമചന്ദ്രൻ
കൊച്ചി: കൊല്ലത്ത് ഇഎസ്ഐ മെഡിക്കൽ കോളേജിന് സംസ്ഥാന സർക്കാർ അനുമതി നിഷേധിച്ചു എന്ന് ആരോപിച്ച് ഹൈക്കോടതിയെ സമീപിച്ച എൻ കെ പ്രേമചന്ദ്രൻ എംപിയ്ക്ക് വൻതിരിച്ചടി. ഇഎസ്ഐ മെഡിക്കൽ കോളേജിനായി സംസ്ഥാന സർക്കാർ സ്വീകരിച്ച നടപടികളിൽ കോടതി പൂർണ തൃപ്തി രേഖപ്പെടുത്തി. ബിജെപിയെ സഹായിക്കാനായി, ഹർജിയിൽ ഇഎസ്ഐ കോർപറേഷനെ കക്ഷി ആക്കാത്തതിൽ പ്രേമചന്ദ്രനെതിരെ കോടതി വിമർശനം ഉന്നയിക്കുകയും ചെയ്തു. മറ്റ് ഉത്തരവുകളൊന്നുമില്ലാതെ പ്രേമചന്ദ്രന്റെ ഹർജി ഹൈക്കോടതി തള്ളി.
ഇഎസ്ഐ മെഡിക്കൽ കോളേജിന് എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റ് സംസ്ഥാന സർക്കാർ നൽകിയില്ലെന്ന ബിജെപിയുടെ വ്യാജപ്രചാരണം ഏറ്റുപിടിച്ചാണ് പ്രേമചന്ദ്രൻ ഹൈക്കോടതിയെ സമീപിച്ചത്. ഏകദേശം ഒരുവർഷം മുമ്പാണ് 10 ഇഎസ്ഐ മെഡിക്കൽ കോളേജ് തുടങ്ങാൻ ഇഎസ്ഐ കോർപറേഷൻ ബോർഡ് തീരുമാനമെടുത്തത്. അതിൽ കൊല്ലം ആശ്രാമത്തെ ഇഎസ്ഐ ആശുപത്രിയും ഉൾപ്പെടും. എന്നാൽ, ഇതുവരെ ഇതുമായി ബന്ധപ്പെട്ട് ഒരു നടപടിയും കേന്ദ്രസർക്കാരിന്റെയോ ഇഎസ്ഐയുടെയോ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.
2026 അധ്യയന വർഷം മെഡിക്കൽ പ്രവേശനം നടത്താൻ ആവശ്യമായ വൈകിയുള്ള അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജനുവരി 28 ആണെന്ന് മനസ്സിലാക്കി ജനുവരി തുടക്കത്തിലാണ് ഇതുമായി ബന്ധപ്പെട്ട് ആശ്രാമം ആശുപത്രി സൂപ്രണ്ട് കത്തയക്കുന്നത്. മുൻകാല അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ മെഡിക്കൽ കോളേജ് തുടങ്ങാൻ ആവശ്യമായ ഭൗതികസാഹചര്യങ്ങൾ ഒരുക്കാൻ എന്തൊക്കെ നടപടികളാണ് ഇഎസ്ഐ കോർപറേഷൻ സ്വീകരിച്ചിരിക്കുന്നതെന്ന് വിശദമായി അറിയിക്കാനും അതിന്റെ അടിസ്ഥാനത്തിൽ എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റ് നൽകുമെന്നുമാണ് സംസ്ഥാന സർക്കാർ ഇഎസ്ഐയെ അറിയിച്ചത്. മാത്രമല്ല അനുമതിപത്രം നൽകുന്നത് അടിസ്ഥാനസൗകര്യങ്ങൾ ഉറപ്പുവരുത്തി മാത്രമേ ആകാവൂ എന്ന് ദേശീയ മെഡിക്കൽ കമീഷൻ നിബന്ധനകളിൽ വ്യവസ്ഥയുണ്ട്.
സംസ്ഥാന സർക്കാർ നിർദേശ പ്രകാരം ജനുവരി 19-ന് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ ടീം ആശ്രാമം ആശുപത്രിയിൽ പരിശോധന നടത്തി. ചെന്നൈ ഇഎസ്ഐ ആശുപത്രിയിൽനിന്നുള്ള ഒരു ഡീനിനെ താൽക്കാലികമായി നിയമിച്ചത് ഒഴിച്ചാൽ നാഷണൽ മെഡിക്കൽ കമീഷന്റെ മെഡിക്കൽ കോളേജ് ആരംഭിക്കാനുള്ള നിബന്ധനകൾ അനുസരിച്ചുള്ള പശ്ചാത്തലസൗകര്യങ്ങൾ ഒരുക്കാനോ അധ്യാപക– -അനധ്യാപക ജീവനക്കാരുടെ നിയമനമോ ഒന്നും ഉണ്ടായിരുന്നില്ല. മാത്രമല്ല കുട്ടികൾക്ക് പഠിക്കാനാവശ്യമായ ക്ലാസ് മുറികളോ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് ഉൾപ്പെടെ പ്രാഥമിക സൗകര്യങ്ങളോ ഒന്നുമില്ല. ഇതെല്ലാം മെഡിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ സംസ്ഥാന സർക്കാരിനു നൽകിയ റിപ്പോർട്ടിലുണ്ട്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ആശുപത്രി സൂപ്രണ്ടിന് സർക്കാർ മറുപടി നൽകി. ഈ സൗകര്യങ്ങളെല്ലാം ഒരുക്കണമെന്നും അതിന്റെ അടിസ്ഥാനത്തിൽ അനുമതി നൽകാമെന്നുമാണ് അതിൽ പറഞ്ഞിരുന്നത്.
എന്നാൽ, ഇൗ സൗകര്യങ്ങളൊന്നും ഒരുക്കാത്ത കോർപറേഷനെയും കേന്ദ്ര ബിജെപി സർക്കാരിനെയും വെള്ളപൂശാനായിരുന്നു എംപിയുടെ ശ്രമം. ഇതിനാണ് ഹൈക്കോടതിയിൽനിന്നും തിരിച്ചടി ലഭിച്ചിരിക്കുന്നത്.










0 comments