25 പവൻ സ്വർണം കവർന്നു; ചെന്നിത്തലയിൽ വീട് കുത്തിത്തുറന്ന് മോഷണം

Representative Image: Meta AI
മാന്നാർ: ആലപ്പുഴ ചെന്നിത്തലയിൽ വീട് കുത്തിത്തുറന്ന് 25 പവനോളം സ്വർണാഭരണങ്ങളും വിലപിടിപ്പുള്ള സാധനങ്ങളും കവർന്നു. തൃപ്പെരുന്തുറ പണിക്കരോടത്ത് ജങ്ഷന് സമീപം വലിയവീട്ടിൽ ഷാരോൺ വില്ലയിൽ വി ഒ ജോസിന്റെ വീട്ടിൽ വ്യാഴാഴ്ച രാത്രിയായിരുന്നു മോഷണം. ഈ സമയം വീട്ടിൽ ആരുമുണ്ടായിരുന്നില്ല.
സ്വർണകൊയിൻ, ഐ പാഡ്, ലാപ്ടോപ്പ്, വാച്ച് , 30000 രൂപ നിരക്ക് വരുന്ന 25 യുകെ പൗണ്ട് എന്നിവയുൾപ്പെടെ 40 ലക്ഷത്തോളം വിലവരുന്ന സാധനങ്ങൾ മോഷണം പോയി. രണ്ടുമാസം മുമ്പാണ് ജോസും ഭാര്യ ഏലിയാമ്മയും യുകെ യിൽ നിന്നും നാട്ടിലെത്തിയത്. ഇരുവരും വ്യാഴാഴ്ച തുമ്പമണ്ണിലെ ബന്ധുവീട്ടിൽ പോയിരുന്നു. സിറ്റൗട്ടിന്റെ ഇരുമ്പ്ഗ്രില്ലിന്റെ താഴ് അറുത്ത് തടിയിൽ തീർത്ത പ്രധാനവാതിൽ കുത്തിപ്പൊളിച്ചാണ് മോഷ്ടാക്കൾ അകത്ത് കയറിയത്. മുറിയിൽ അലമാരയുടെ ലോക്കർ പൊളിച്ചായിരുന്നു മോഷണം. വീടിന്റെ സൂക്ഷിപ്പുകാരൻ രാവിലെ എത്തിയപ്പോഴാണ് ഗ്രില്ലും വാതിലും തുറന്ന്കിടക്കുന്നത് കണ്ടത്.
മാന്നാർ പൊലീസ് എസ് എച്ച് ഒ ഡി രജീഷ് കുമാറിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പൊലീസ്‌നായ മണം പിടിച്ച് ഒരു കിലോമീറ്ററോളം ഓടി മാന്നാർ മാവേലിക്കര സംസ്ഥാന പാതയിലെത്തി നിന്നു. സമീപത്തുള്ള സിസിടിവി ഫൂട്ടേജുകൾ പൊലീസ് ശേഖരിച്ചു.










0 comments