print edition മുഖ്യമന്ത്രി അഹങ്കാരം ഉപേക്ഷിക്കണമെന്ന് മഹിളാ കോൺഗ്രസ്

തിരുവനന്തപുരം: കെഎസ്‌യുവിനുപിന്നാലെ മുഖ്യമന്ത്രി വി ഡി സതീശനെതിരെ രൂക്ഷവിമർശവുമായി മഹിളാ കോൺഗ്രസും. കഴിഞ്ഞദിവസം സംസ്ഥാന കമ്മിറ്റി യോഗംചേർന്ന് മുഖ്യമന്ത്രിക്കെതിരെ പ്രമേയം അവതരിപ്പിച്ച് അംഗീകരിച്ചു. സതീശൻ പാർടിക്ക് വിധേയനാകണമെന്നും അഹങ്കാരം ഉപേക്ഷിക്കണമെന്നും ഏകകണ്‌ഠമായി അംഗീകരിച്ച പ്രമേയത്തിൽ പറയുന്നു. ഇത് കെപിസിസിക്കും ഹൈക്കമാൻഡിനും അയച്ചുകൊടുക്കാനുമാണ് തീരുമാനം.
പ്രസിഡന്റ് ജെബി മേത്തറുടെ അധ്യക്ഷതയിൽ ഇന്ദിരാഭവനിൽചേർന്ന യോഗത്തിലാണ് സതീശനെതിരെ രൂക്ഷവിമർശമുയർന്നത്. മഹിളാ കോൺഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ഗായത്രിയെ പരസ്യമായി അപമാനിച്ചതുൾപ്പെടെയുള്ള അനുഭവങ്ങൾ പ്രവർത്തകർ എണ്ണിപ്പറഞ്ഞു. യുഡിഎഫിനെ അധികാരത്തിലേറ്റാൻ പ്രവർത്തിച്ച മഹിളാ കോൺഗ്രസിനെ എല്ലായിടത്തും അവഗണിക്കുകയാണെന്നും ആരോപണമുയർന്നു.
വി ഡി സതീശനെതിരെ കോൺഗ്രസിനുള്ളിൽനിന്നുതന്നെ ഉയരുന്ന വിമർശങ്ങളുടെ തുടർച്ചയാണ് മഹിളാ കോൺഗ്രസിന്റേതും. ഗവ. പ്ലീഡർമാരുടെ നിയമനത്തിൽ കെഎസ്‌യുവും ലോയേഴ്‌സ് കോൺഗ്രസും മുഖ്യമന്ത്രിക്കെതിരെ രംഗത്തുവന്നിരുന്നു. കെഎസ്‌യു പ്രസി്ഡന്റ് അലോഷ്യസ് സേവ്യറിനെ കാണാൻപോലും സമ്മതിച്ചില്ല. വിവാദമായപ്പോഴാണ് സന്ദർശനാനുമതി നൽകിയത്.
ആർഎസ്‌എസ് പശ്‌ചാത്തലമുള്ളവരെ പ്ലീഡർമാരാക്കിയത് വിവാദമായപ്പോൾ, ലോയേഴ്‌സ് കോൺഗ്രസ് നൽകിയ കത്തിൽനിന്നാണ് നിയമനമെന്നായിരുന്നു മറുപടി. ഇത് നിഷേധിച്ച ലോയേഴ്‌സ് കോൺഗ്രസ് സതീശനെതിരെ പരസ്യമായി രംഗത്തുവന്നിരുന്നു. തങ്ങൾക്ക് അഭിപ്രായം പറയാൻപോലും അവസരം നൽകാതെ പലതും സ്വയം തീരുമാനിക്കുന്നു എന്ന അഭിപ്രായം ചില മന്ത്രിമാർക്കുമുണ്ട്.










0 comments