ചോരയിൽ കുതിർന്ന ആ മുഖമാണ് മനസ്സിൽ; ട്രാക്കിൽ നിന്നവളെ കോരിയെടുത്തപ്പോൾ മുതൽ രക്ഷപെടണേ എന്നാണ് പ്രാർഥന

അപകടത്തിൽപ്പെട്ട ശ്രീക്കുട്ടി, ലോക്കോ പൈലറ്റ് മഹേഷ്

ആൻസ് ട്രീസ ജോസഫ്
Published on Nov 04, 2025, 12:31 PM | 1 min read
തിരുവനന്തപുരം: ഇപ്പോഴും ആ പെൺകുട്ടിയുടെ മുഖമാണ് മനസ്സിൽ... ട്രാക്കിൽ നിന്നവളെ കോരിയെടുക്കുന്നത് മുതൽ ഇപ്പോൾവരെയും അവൾ രക്ഷപ്പെടണമെന്ന പ്രാർഥനയാണ് ഓരോ നിമിഷവും ഉരുവിടുന്നതെന്ന് ലോക്കോ പൈലറ്റ് എൻ വി മഹേഷ്. ഞായർ രാത്രിയിൽ വർക്കലയ്ക്കുസമീപം ട്രെയിനിലെ യാത്രക്കാരൻ ശ്രീക്കുട്ടിയെന്ന ഇരുപതുകാരിയെ തള്ളിയിട്ട സമയത്ത് എതിർദിശയിലെത്തിയ മെമു ട്രെയിനിന്റെ ലോക്കോ പൈലറ്റാണ് മഹേഷ്.
"കന്യാകുമാരി–കൊല്ലം മെമുവിലെ ഡ്യൂട്ടിക്കിടെ കടയ്ക്കാവൂർ എത്തിയപ്പോഴാണ് സ്റ്റേഷനിൽനിന്ന് "തിരുവനന്തപുരത്തേക്ക് പോകുന്ന കേരള എക്സ്പ്രസിലെ യാത്രക്കാരി ട്രാക്കിൽ വീണുവെന്നും വേണ്ടത് ചെയ്യുക' എന്നുമുള്ള സന്ദേശം ലഭിച്ചത്. സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ ട്രെയിൻ വേഗം കുറച്ചാണ് ഓടിച്ചത്. വർക്കലക്കുസമീപം ട്രാക്കിനടുത്ത് ഒരാൾ കിടക്കുന്നത് കണ്ടു, ഉടനെ ട്രെയിൻ നിർത്തി. രണ്ട് ട്രാക്കിനും ഇടയിലായി കമിഴ്ന്ന് കിടന്ന കുട്ടിയുടെ ദേഹമാകെ രക്തമായിരുന്നു. ശരീരം മുഴുവൻ ചതഞ്ഞിട്ടുണ്ട്. മെമുവിന്റെ ആദ്യ കോച്ചിന്റെ ഡോർ പെൺകുട്ടി കിടക്കുന്നതിന് അഭിമുഖമായി നിർത്തി. ശ്വാസമുണ്ടെന്ന് ഉറപ്പാക്കിയ സമയത്ത് ലോക്കൽ പൊലീസുമെത്തി. മെമുവിലേക്ക് കുട്ടിയെ എടുത്ത് കിടത്തി വർക്കല സ്റ്റേഷനെത്തിച്ചു. സ്റ്റേഷനിൽ കുട്ടിയെ കൊണ്ടുപോകാനായി ആംബുലൻസ് സജ്ജമാക്കിയിരുന്നു'– മഹേഷ് പറയുന്നു.
കൃത്യസമയത്ത് ആശുപത്രിയിൽ എത്തിച്ചതിനാൽ ജീവൻ രക്ഷപ്പെട്ടുവെന്ന വാർത്ത കണ്ടു. കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും അദ്ദേഹംകൂട്ടിച്ചേർത്തു.









0 comments