print edition മയ്യഴിയിൽ 14 വർഷമായി തെരഞ്ഞെടുപ്പില്ല

മയ്യഴി
പുതുച്ചേരിയുടെ ഭാഗമായ മയ്യഴിയിൽ തദ്ദേശതെരഞ്ഞെടുപ്പ് നടന്നിട്ട് 14 വർഷമായി. വിദേശികളിൽനിന്ന് വിമോചനം നേടി അന്പത്തേഴ് വർഷത്തിനിടെ മയ്യഴിയിൽ രണ്ട് തവണയേ തദ്ദേശതെരഞ്ഞെടുപ്പ് നടന്നിട്ടുള്ളൂ.
1968ൽ ആയിരുന്നു ആദ്യതെരഞ്ഞെടുപ്പ്. പിന്നീട് 38 വർഷത്തെ നീണ്ട കാത്തിരിപ്പിനുശേഷം 2006ലാണ് ഒടുവിൽ നടന്നത്. മയ്യഴിസ്വദേശി അഡ്വ. ടി അശോക്‌കുമാർ നൽകിയ ഹർജിയിലാണ് തദ്ദേശതെരഞ്ഞെടുപ്പിന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടത്. നഗരസഭയുടെ കാലാവധി 2011ൽ അവസാനിച്ചെങ്കിലും കോൺഗ്രസ് സർക്കാർ നഗരസഭ–-പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടത്താൻ തയാറായില്ല. 2021ൽ അധികാരത്തിലെത്തിയ ബിജെപി–എൻആർ കോൺഗ്രസ് സർക്കാരും മുഖംതിരിച്ചു. സുപ്രിംകോടതി ഉത്തരവ് പ്രകാരം 2021ൽ രണ്ട് തവണ പ്രഖ്യാപിച്ച തെരഞ്ഞെടുപ്പും മാറ്റി.
പിന്നാക്ക സംവരണത്തിന്റെ പേരുപറഞ്ഞാണ് തെരഞ്ഞെടുപ്പ് നടപടികൾ രണ്ട് തവണയും മദ്രാസ് ഹൈക്കോടതി സ്‌റ്റേ ചെയ്‌തത്. ജസ്‌റ്റിസ് കെ കെ ശശിധരനെ പിന്നാക്ക സംവരണ വാർഡുകൾ നിശ്‌ചയിക്കാനുള്ള കമീഷനായി നിയോഗിച്ചെങ്കിലും ഇതുവരെ റിപ്പോർട്ട് നൽകിയിട്ടില്ല.
തദ്ദേശതെരഞ്ഞെടുപ്പ് നടത്താൻ നിർദേശം നൽകണമെന്നും തെരഞ്ഞെടുപ്പ് കമീഷനെ നിയമിക്കണമെന്നും ആവശ്യപ്പെട്ട് ഇൗ മാസം മദ്രാസ് ഹൈക്കോടതിയിൽ ഹർജി നൽകുമെന്ന് അഡ്വ. ടി അശോക്‌കുമാർ പറഞ്ഞു.










0 comments