ad
Deshabhimani

റേഷൻ അരിയിൽ നിറയെ പുഴുക്കൾ; മൂവാറ്റുപുഴയിൽ പ്രതിഷേധം; ഒടുവിൽ തിരിച്ചയച്ചു

InfestIed Ration Rice Sparks Outrage in Vazhakulam

സംഭരണ കേന്ദ്രത്തിൽ നടത്തിയ പരിശോധന

വെബ് ഡെസ്ക്

Published on Sep 09, 2026, 10:40 PM | 1 min read

മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ റേഷൻകടകളിൽ വിതരണത്തിനെത്തിച്ച അരിയിൽ വീണ്ടും പുഴുക്കളെ കണ്ടെത്തി. മഞ്ഞള്ളൂർ പഞ്ചായത്തിലെ വാഴക്കുളത്ത് കല്ലൂർക്കാട് കവലയിലെ റേഷൻ കടയിലാണ്‌ ബുധനാഴ്‌ച ലോറിയിൽ അരി എത്തിച്ചത്‌. കഴിഞ്ഞദിവസവും വാഴക്കുളത്ത് എത്തിച്ച റേഷൻ അരിയിൽ പുഴുക്കളെ കണ്ടെത്തിയതിനെ തുടർന്ന് ബുധനാഴ്ച എത്തിയ അരിയും പരിശോധിക്കണമെന്ന് സിപിഐ എം, ഡിവൈഎഫ്ഐ നേതാക്കൾ ആവശ്യപ്പെട്ടു. തുടർന്ന് നടത്തിയ പരിശോധനയിലാണ് പുഴുക്കളെ വീണ്ടും കണ്ടെത്തിയത്.


ചാക്ക് തുറന്ന് പരിശോധിച്ചപ്പോൾ നിറയെ പുഴുക്കളെ കണ്ടെത്തി. പ്രതിഷേധത്തെ തുടർന്ന്, താലൂക്ക് സപ്ലൈ ഓഫീസർ കെ പി എബിയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. അരി പഴയതാണെന്ന് പറഞ്ഞ് തടിയൂരാൻ ഉദ്യോ​ഗസ്ഥർ ശ്രമിച്ചത് തർക്കത്തിനിടയാക്കി. കനത്ത പ്രതിഷേധത്തിന് പിന്നാലെ അരി തിരികെ വാഹനത്തിൽ കയറ്റിക്കൊണ്ടുപോയി.


സംഭവത്തിൽ ഭക്ഷ്യമന്ത്രി മറുപടി പറയണമെന്ന് മുൻ എംഎൽഎ എൽദോ എബ്രഹാം ആവശ്യപ്പെട്ടു. മഞ്ഞള്ളൂർ പഞ്ചായത്തിലെ റേഷൻകടകളിൽ തുടർച്ചയായി പുഴുവരിച്ച അരി വിതരണത്തിന് എത്തിച്ചതിൽ സിപിഐ എം ലോക്കൽ കമ്മിറ്റി പ്രതിഷേധിച്ചു. കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് ലോക്കൽ സെക്രട്ടറി എം കെ മധു ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home