ad
Deshabhimani

തലസ്ഥാനത്ത് വഴിയോരക്കച്ചവടത്തിൽ പിടിമുറുക്കി മാഫിയകൾ; ലൈസൻസുള്ള തൊഴിലാളികളെ ആട്ടിപ്പായിക്കുന്നു, യുഡിഎഫ്‌ നേതാവിന്‌ കമീഷൻ

Chala market
avatar
സ്വന്തം ലേഖകൻ

Published on Aug 05, 2026, 09:14 AM | 1 min read

തിരുവനന്തപുരം : അന്യസംസ്ഥാന വസ്ത്രവ്യാപാരികൾക്കായി നഗരത്തിലെ വഴിയോരക്കച്ചവടക്കാരെ പൊലീസിനെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി ഒഴിപ്പിക്കാൻ നീക്കം. കോർപറേഷന്റെ തിരിച്ചറിയൽ കാർഡും ലൈസൻസുമുള്ള കച്ചവടക്കാരെയാണ്‌ ഉന്നത യുഡിഎഫ്‌ നേതാവിനായി നഗരത്തിലെ ചില പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ തുരത്തുന്നത്‌. ബംഗളൂരു തുടങ്ങിയയിടങ്ങളിൽനിന്നെത്തിയ വൻകിട വസ്ത്രവ്യാപാരികൾക്ക് വഴിയോരക്കച്ചവടത്തിന്‌ സ‍ൗകര്യമൊരുക്കാനാണീ ഗുണ്ടാരാജ്‌.


കോട്ടയ്ക്കകത്ത് പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനത്തിന്റെ താൽപ്പര്യപ്രകാരം ഫോർട്ട് സ്റ്റേഷനിലെ ചില പൊലീസുകാർ കമീഷണറുടെ ഉത്തരവെന്ന വ്യാജേന പ്രായമായ സ്ത്രീകളടക്കമുള്ളവരെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്‌തു. കച്ചവടം ചെയ്യാൻ അനുവദിക്കുന്നില്ല. തൊഴിലാളികൾക്ക് രേഖാമൂലം നോട്ടീസ് കൊടുക്കാനും തയ്യാറായില്ല. നഗരത്തിലെ പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനത്തിന്റെ സെക്യൂരിറ്റി ഓഫീസറായ റിട്ട. പൊലീസുകാരന്റെ താൽപ്പര്യവും പിന്നിലുണ്ട്.


വഴിയോരക്കച്ചവടം മാഫിയകൾക്ക്‌ കൈമാറാനുള്ള ആസൂത്രിതനീക്കത്തിന്‌ ഭരണകക്ഷിയിലെ ഉന്നതൻ വൻതുക കമീഷൻ പറ്റിയിട്ടുണ്ട്‌. വഴിയോരക്കച്ചവട സംരക്ഷണ നിയന്ത്രണ നിയമത്തിന്റെ പരിരക്ഷയുള്ള തൊഴിലാളികളെ നിയമവിരുദ്ധമായി ഒഴിപ്പിക്കുന്നതിനും ഭീഷണിപ്പെടുത്തുന്നതിനുമെതിരെ ആഭ്യന്തരമന്ത്രിക്ക് പരാതി നൽകിയിട്ടും നടപടിയില്ലെന്ന്‌ വഴിയോരക്കച്ചവടത്തൊഴിലാളി യൂണിയൻ ജില്ലാ കമ്മിറ്റി പറഞ്ഞു. വൻകിട മുതലാളിമാരുടെ താൽപ്പര്യം സംരക്ഷിക്കാൻ പൊലീസിനെ ഉപയോഗപ്പെടുത്തിയാൽ ശക്തമായി ചെറുക്കുമെന്നും മുന്നറിയിപ്പ്‌ നൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home