ad
Deshabhimani

പണപ്പെരുപ്പം വര്‍ധിക്കുന്നു,വിലക്കയറ്റം തുടരുമെന്ന് ആര്‍ബിഐ

rbi
വെബ് ഡെസ്ക്

Published on Aug 05, 2026, 11:01 AM | 1 min read

മുംബൈ: നടപ്പ് സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ പണപെരുപ്പം വർധിക്കാനുള്ള സാധ്യതയുണ്ടെന്ന് ആർ ബി ഐ വിലയിരുത്തൽ. നാലാം പാദത്തോടെ സ്ഥിതിഗതികൾ അനുകൂലമാവാം. എന്നാൽ നിലനിൽക്കുന്ന വിലക്കയറ്റ സാഹചര്യത്തിൽ അയവ് പ്രതീക്ഷിക്കാനാവില്ല എന്നാണ് സൂചന. സാധാരണയിൽ കുറഞ്ഞ തെക്കുപടിഞ്ഞാറൻ മൺസൂൺ പ്രവചനവും'എൽ നിനോ'സാധ്യതയും കാർഷിക ഉൽപ്പാദനത്തെയും ഭക്ഷ്യവസ്തുക്കളുടെ വിലയെയും പ്രതികൂലമായി ബാധിച്ച സാഹചര്യവും നിലനിൽക്കയാണ്.


രാജ്യത്തെ അവശ്യ സാധനങ്ങൾ ഉൾപ്പെടെയുള്ളവയുടെ വിലക്കയറ്റം പിടിച്ചു നിര്‍ത്താനാവാതെ തുടരുന്നു. വിലക്കയറ്റം തടയാനും വിപണി ചലനങ്ങളെ സാധാരണ ജനങ്ങൾക്ക് അനുകൂലമാക്കാനും നടപടികൾ ഒന്നുമില്ലാതെ കേന്ദ്ര സര്‍ക്കാരും തുടരുന്നു.


റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പണനയ കമ്മിറ്റിയുടെ യോഗത്തിലാണ് വിലക്കയറ്റ മുന്നറിയിപ്പ് നൽകിയത്. ഈ സാഹചര്യത്തിൽ പണപ്പെരുപ്പം വര്‍ധിക്കാതെ സൂക്ഷിക്കേണ്ടത് ആവശ്യമാണ്. അതിനാൽ റീപ്പോ നിരക്ക് 5.25% ആയി തന്നെ തുടരുമെന്ന് ആർ ബി ഐ ഗവർണർ സഞ്ജയ് മൽഹോത്ര അറിയിച്ചു. പശ്ചിമേഷ്യയിലെ സംഘർഷങ്ങളും ആഗോള വിപണിയിലെ അസംസ്കൃത എണ്ണവില വർധനവും സൃഷ്ടിക്കുന്ന സാമ്പത്തിക അനിശ്ചിതത്വങ്ങൾ മുൻനിര്‍ത്തിയാണ് രാജ്യത്തെ പലിശ നിരക്കുകളിൽ മാറ്റം വരുത്താതെ തുടരുന്നത്.


ആറംഗ പോളിസി കമ്മിറ്റി ഐകകണ്ഠ്യേനയാണ് പലിശ നിരക്ക് മാറ്റമില്ലാതെ തുടരാൻ തീരുമാനമെടുത്തത്. കേന്ദ്ര ബാങ്ക് തങ്ങളുടെ 'ന്യൂട്രൽ' നയം തന്നെ നിലനിർത്താൻ തീരുമാനിച്ചതോടെ,വരും ദിവസങ്ങളിലെ സാമ്പത്തിക ചലനങ്ങളിൽ നിലനിൽക്കുന്ന ചാഞ്ചാട്ടങ്ങളും വിലക്കയറ്റം ഉൾപ്പെടെ വെല്ലുവിളികളും തുടരും. നേരിട്ട് പറയാതെ തന്നെ വിലക്കയറ്റം അടുത്ത സാമ്പത്തിക വര്‍ഷത്തിലും മാറ്റമില്ലാതെ തുടരാം എന്ന സൂചന പുറത്തുവിടുകയാണ് ആര്‍ബിഐ ചെയ്തിരിക്കുന്നത്.


സാമ്പത്തിക വളർച്ചയും നാണയപ്പെരുപ്പവും തമ്മിൽ സന്തുലിതാവസ്ഥ പാലിക്കൽ വെല്ലുവിളിയായ് തുടരുന്ന സാഹചര്യമാണ്. എന്നാൽ നിലവിൽ ഉപഭോക്തൃ വില സൂചികഅടിസ്ഥാനമാക്കിയുള്ള നാണയപ്പെരുപ്പം ആർബിഐയുടെ ലക്ഷ്യപരിധിക്കുള്ളിലാണ്എന്നും വിശദീകരിക്കുന്നു.


"ആഗോള തലത്തിലുണ്ടായ വിതരണ തടസ്സങ്ങൾ ആഭ്യന്തര വിലകളെ വലിയതോതിൽ ബാധിച്ചിട്ടില്ലാത്തതിനാൽ നാണയപ്പെരുപ്പം നിയന്ത്രണവിധേയമാണ്.എങ്കിലും,ആഗോള അനിശ്ചിതത്വങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ കൂടുതൽ വ്യക്തത വരുന്നതുവരെ കാത്തിരിക്കുകയാണ് ബുദ്ധിപൂർവ്വമായ നിലപാട്."

സഞ്ജയ് മൽഹോത്ര,ആർ.ബി.ഐ ഗവർണർ



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home