ad
Deshabhimani

ബാങ്ക് ജീവനക്കാർ നടത്തുന്ന ധീരമായ പോരാട്ടത്തിന് ഐക്യദാർഢ്യം: പിണറായി വിജയൻ

cm pinarayi
വെബ് ഡെസ്ക്

Published on Sep 23, 2026, 03:40 PM | 1 min read

തിരുവനന്തപുരം: രാജ്യവ്യാപകമായി ബാങ്ക് ജീവനക്കാർ നടത്തുന്ന ത്രിദിന പണിമുടക്കിന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. രാജ്യത്തിന്റെ പൊതുമേഖലാ ബാങ്കുകളെ കുത്തക കോർപ്പറേറ്റുകൾക്ക് തീറെഴുതാനുള്ള കേന്ദ്ര സർക്കാരിന്റെ ഗൂഢനീക്കങ്ങൾക്കെതിരെ ധീരമായ പോരാട്ടത്തിലാണ് ബാങ്ക് ജീവനക്കാരെന്നും സർക്കാരിന്റെ തൊഴിലാളിദ്രോഹ നയങ്ങൾക്കെതിരെ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിന്റെ (UFBU) നേതൃത്വത്തിൽ സെപ്തംബർ 28 മുതൽ നടക്കുന്ന പണിമുടക്കിന് പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.


ശനിയാഴ്ചകൾ അവധിയാക്കുന്നതുമായി ബന്ധപ്പെട്ട് ഒപ്പുവെച്ച ഔദ്യോഗിക കരാർ അട്ടിമറിച്ച കേന്ദ്ര സർക്കാർ നടപടി ജീവനക്കാരോടുള്ള കടുത്ത വഞ്ചനയാണ്. പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കൽ ഉൾപ്പെടെയുള്ള ന്യായമായ ആവശ്യങ്ങൾ അവഗണിക്കുന്ന ധനമന്ത്രാലയം, സാധാരണ ജീവനക്കാരെ തഴഞ്ഞ് ഉന്നത ഉദ്യോഗസ്ഥർക്ക് മാത്രം ഉയർന്ന ആനുകൂല്യങ്ങൾ നൽകുന്നത് തികച്ചും വിവേചനപരമാണ്.


കോർപ്പറേറ്റ് വായ്പകൾ എഴുതിത്തള്ളുന്നതിനെതിരെ ശക്തമായി പ്രതിരോധിക്കുന്ന ബാങ്ക് യൂണിയനുകളുടെ വിലപേശൽ ശേഷി തകർക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഈ ഗൂഢാലോചനയെ തൊഴിലാളിവർ​ഗവും കേരളീയ സമൂഹവും ഒറ്റക്കെട്ടായി ചെറുക്കും. ജീവനക്കാരുടെ ആവശ്യങ്ങൾ അംഗീകരിച്ച് അടിയന്തരമായി പ്രശ്നപരിഹാരം കാണാൻ കേന്ദ്രസർക്കാർ തയ്യാറാകണമെന്നും പിണറായി വിജയൻ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home