വാഹന രെജിസ്ട്രേഷൻ ഇനി ഞൊടിയിടയിൽ; വാഹനം കൈയിൽ കിട്ടുമ്പോൾ തന്നെ നമ്പർ പ്ലേറ്റും

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: വാഹന രെജിസ്ട്രേഷനും നമ്പർ പ്ലേറ്റും ഇനി ഞൊടിയിടയിൽ. ഷോറൂമിൽ ഫീസും നികുതിയും അടയ്ക്കുന്നതിനൊപ്പം വാങ്ങുന്നയാളുടെ ആധാർ നമ്പർ കൂടെ നൽകിയാണ് അതിവേഗ രെജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കുക.
ആധാർ ഡാറ്റാബേസിൽ നിന്ന് ഉടമയുടെ വിവരങ്ങൾ ലഭിക്കും. വിവരങ്ങൾക്ക് സോഫ്റ്റ്‌വെയറിൽ നിന്ന് ഓട്ടോ അപ്പ്രൂവൽ ലഭിക്കുന്നതോടെ വാഹന രെജിസ്ട്രേഷൻ പൂർത്തിയാകും. പഴയ രീതി പ്രകാരം ഓൺലൈനായി നൽകുന്ന അപേക്ഷകൾ അസിസ്റ്റന്റ് വെഹിക്കിൾ ഇൻസ്‌പെക്ടർമാർ പരിശോധിച്ചാണ് രെജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കിയിരുന്നത്.
പുതിയ രീതിപ്രകാരം ഉദ്യോഗസ്ഥരുടെ ഇടപെടൽ ഇല്ലാതെ വിവരങ്ങൾ ശേഖരിച്ച് രെജിസ്ട്രേഷൻ നടക്കുന്നതിനാൽ അഴിമതി നടക്കാനുള്ള സാധ്യതകളും കുറയും. വാഹന ഉടമയുടെ ആധാറിലെ അഡ്രസിൽ നിന്ന് പോസ്റ്റ് ഓഫീസ് തിരിച്ചറിഞ്ഞ് വീടിന്റെ പരിസരത്തെ ഓഫീസിലേക്ക് ഓട്ടോമാറ്റിക്കായി രജിസ്റ്റർ ചെയ്യുകയാണ് പുതിയ രീതി.
അതേസമയം ഫാൻസിനമ്പർ ബുക്ക് ചെയ്യുന്നവർക്കും ബോഡി നിർമിക്കേണ്ട വാഹനങ്ങൾക്കും പഴയപടി ഓഫീസിൽനിന്ന് തന്നെയാകും രജിസ്ട്രേഷൻ നൽകുക. വാഹനം വാങ്ങി ഫീസും നികുതിയും അടയ്ക്കുമ്പോൾ തന്നെ വാഹനം നിരത്തിലിറക്കാനാകും എന്നതും പുതിയ രീതിയുടെ ഒരു പ്രത്യേകതയാണ്.









0 comments