print edition അന്തർവാഹിനി പ്രതിരോധ യുദ്ധക്കപ്പൽ ‘മച്ചിലിപട്ടണം' നീറ്റിലിറക്കി

കൊച്ചി കപ്പൽശാല നാവികസേനയ്ക്കായി നിർമിച്ച യുദ്ധക്കപ്പൽ ‘മച്ചിലിപട്ടണം' നീറ്റിലിറക്കിയപ്പോൾ
കൊച്ചി: കൊച്ചി കപ്പൽശാല നാവികസേനയ്ക്കായി നിർമിച്ച ആഴംകുറഞ്ഞ ജലാശയങ്ങൾക്കുള്ള അന്തർവാഹിനി പ്രതിരോധ യുദ്ധക്കപ്പൽ ‘മച്ചിലിപട്ടണം' നീറ്റിലിറക്കി. ഷിപ്‌യാർഡിൽ നടന്ന ചടങ്ങിൽ നാവികസേന വൈസ് അഡ്മിറൽ അതുൽ ആനന്ദിന്റെ ഭാര്യ ഗൂൽരുഖ് ആനന്ദ് കപ്പൽ നീറ്റിലിറക്കി. വൈസ് അഡ്മിറൽ അതുൽ ആനന്ദ് മുഖ്യാതിഥിയായി.
പൂർണമായും തദ്ദേശീയ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് രൂപകൽപ്പനചെയ്തത്. 78 മീറ്റർ നീളവും ഏകദേശം 900 ടൺ ഭാരവുമുള്ള കപ്പലിന് മണിക്കൂറിൽ 25 നോട്ടിക്കൽ മൈൽവരെ വേഗത്തിൽ സഞ്ചരിക്കാനാകും. പരമാവധി 1,800 നോട്ടിക്കൽ മൈൽ ദൂരം സഞ്ചരിക്കാൻ ശേഷിയുണ്ട്.
സമുദ്രാന്തർ ഭാഗത്തെ നിരീക്ഷണത്തിനും അന്തർവാഹിനികളെ കണ്ടെത്തുന്നതിനുമായി അത്യാധുനിക സോണാർ സംവിധാനങ്ങളും മറ്റു നൂതന സാങ്കേതികസംവിധാനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലുള്ള ചരിത്രപ്രസിദ്ധമായ തുറമുഖ നഗരമായ മച്ചിലിപട്ടണത്തിന്റെ സ്മരണാർഥമാണ് കപ്പലിന് ‘മച്ചിലിപട്ടണം' എന്ന പേര് നൽകിയത്.
ചടങ്ങിൽ കൊച്ചി കപ്പൽശാല ചെയർമാനും മാനേജിങ് ഡയറക്ടറുമായ വി ജെ ജോസ്, ഡയറക്ടർമാരായ ഡോ. എസ് ഹരികൃഷ്ണൻ, രാജേഷ് ഗോപാലകൃഷ്ണൻ, റിയർ അഡ്മിറൽ ദീപക് സിംഗാൾ, ഡോ. സി പാണ്ടി സെൽവ ദുരൈ, അനുപ് മേനോൻ എന്നിവർ പങ്കെടുത്തു.










0 comments