എം എ ബേബിയുടെ ഇടപെടൽ; അക്ഷയ്ക്ക് നാട്ടിലേക്കുമടങ്ങാൻ എമർജൻസി പാസ്‌പോർട്ട്

അഞ്ചാലുംമൂട് : പാകിസ്ഥാൻ അധികൃതർ യാത്രാരേഖകൾ പിടിച്ചുവച്ചതിനെത്തുടർന്ന് ഇറാനിൽ കുടുങ്ങിയ പ്രാക്കുളം മണ്ണാശേരി അക്ഷയ്ക്ക് എമർജൻസി പാസ്‌പോർട്ട് ലഭിച്ചു. സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബിയുടെ ഇടപെടലിലാണ് നാട്ടിലേക്ക് മടങ്ങാൻ വഴിതുറന്നത്. വ്യാഴാഴ്ച രാവിലെ അക്ഷയിയുടെ വീട്ടിലെത്തിയ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എസ് ജയമോഹൻ മുഖേനയാണ് രക്ഷിതാക്കൾ എം എ ബേബിയെ ബന്ധപ്പെട്ടത്.
അക്ഷയിയുടെ അച്ഛൻ ഹരീഷ്, അമ്മ സരിത എന്നിവരുമായി ഫോണിൽ സംസാരിച്ച എം എ ബേബി വിവരങ്ങൾ ശേഖരിച്ചശേഷം അടിയന്തരമായി എംബസിയുമായി ബന്ധപ്പെടുകയായിരുന്നു. ജോലിക്കിടയിൽ കപ്പൽ പാക് തുറമുഖത്ത് എത്തിയപ്പോൾ ജീവനക്കാരുടെ പാസ്‌പോർട്ടും സിഡിസി ബുക്കും പാകിസ്ഥാൻ അധികൃതർ പരിശോധനയ്‌ക്കായി വാങ്ങിയെങ്കിലും തിരികെ നൽകിയില്ല. കപ്പൽ തിരികെ ഇറാനിലെത്തി അക്ഷയിയും സഹപ്രവർത്തകരും ഹോട്ടലിലെത്തി നാട്ടിലേക്ക് തിരിക്കാൻ തയ്യാറെടുക്കുമ്പോഴാണ് യാത്രാരേഖകൾ ക്യാപ്റ്റനെ തിരികെ ഏൽപ്പിച്ചില്ലെന്ന വിവരമറിയുന്നത്. തുടർന്ന് ഇറാനിലെ ബന്ദ്രലങ്കയിലെ ഹോട്ടലിൽ കുടുങ്ങി. പാസ്‌പോർട്ട് കമ്പനി അധികൃതർക്ക് നൽകിയെന്നും ചൊവ്വാഴ്ചയോടെ നാട്ടിലേക്ക് മടങ്ങാനുള്ള നടപടികൾ പൂർത്തിയാകുമെന്നും അക്ഷയ് തന്നെ അമ്മയെ ഫോണിൽ അറിയിച്ചു.









0 comments