ad
Deshabhimani

print edition എസ്ഐആറിലൂടെ ജനങ്ങളെ രണ്ടാംനിര പ‍ൗരൻമാരാക്കി: എം എ ബേബി

ഇഎംഎസിന്റെ ലോകം സെമിനാർ സമാപനം സിപിഐ എം ജനറൽ സെക്രട്ടറി  എം എ ബേബി ഉദ്‌ഘാടനം ചെയ്യുന്നു

ഇഎംഎസിന്റെ ലോകം സെമിനാർ സമാപനം സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി ഉദ്‌ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jun 15, 2026, 12:01 AM | 1 min read

അരീക്കോട്: എസ്ഐആറിലൂടെ രാജ്യത്തെ ലക്ഷക്കണക്കിന്‌ ജനങ്ങളെ രണ്ടാംനിര പ‍ൗരൻമാരാക്കിയെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി പറഞ്ഞു. എസ്‌ഐആർ വഴി ലക്ഷക്കണക്കിന് മനുഷ്യരെയാണ്‌ കേന്ദ്രസർക്കാർ വോട്ടർ പട്ടികയിൽനിന്ന് നീക്കിയത്‌. അരീക്കോട്‌ ഇ എം എസിന്റെ ലോകം സെമിനാർ സമാപനം ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.


ഫാസിസ്റ്റ് സ്വഭാവമുള്ള ആർഎസ്എസ് ഇന്ത്യയുടെ ഭരണത്തിൽ പിടിമുറുക്കിയെന്നത്‌ യാഥാർഥ്യമാണ്‌. ഇന്ത്യാ ബ്ലോക്ക് എന്നത് ചെറുത്തുനിൽപ്പിനുള്ള രാഷ്ട്രീയസംവിധാനമാണ്. ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കി മാറ്റാനുള്ള ബിജെപിയുടെ നീക്കം ചെറുക്കാൻ കഴിയുന്നവരെ ഒരുമിപ്പിക്കാനുള്ള ശ്രമം കോൺഗ്രസ് കളഞ്ഞുകുളിക്കുകയാണ്. ബിജെപി വാഴ്ചയെ ചെറുക്കാൻ വിശാലമായ രാഷ്ട്രീയ നിരയെ വാർത്തെടുക്കണമെന്നാണ് സിപിഐ എം നയം.


കേരളത്തിൽ തുടർ ഭരണമെന്ന ചരിത്രം എൽഡിഎഫ് സൃഷ്ടിച്ചു. നവകേരളം ദാരിദ്ര്യമുക്ത കേരളം തുടങ്ങിയ പദ്ധതികളുമായി മുന്നോട്ടുപോകുമ്പോഴാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ അപ്രതീക്ഷിതപരാജയം നേരിടേണ്ടിവന്നത്. നമ്മൾ തന്നെ എങ്ങനെ മാറണമെന്നും കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ വളർച്ചക്ക് തടസ്സമാകുന്നത് എന്ത് എന്നെല്ലാം ചർച്ചചെയ്യണം. ഭരണത്തെയും സമരത്തെയും വൈരുധ്യാത്മകമായി സമന്വയിപ്പിക്കാനാകണം.


ജനകീയ താൽപ്പര്യം കണക്കിലെടുത്ത് ഭരിക്കണം. സമരങ്ങളിലൂടെ അവകാശങ്ങൾ നേടിയെടുക്കണം. ഇ എം എസിന്റെ അവസാന കാലത്ത് ദേശാഭിമാനിയിൽ എഴുതിയ ലേഖന പരമ്പരകൾ കേന്ദ്രത്തിലെ ബിജെപി സർക്കാരിനെ തുറന്നുകാട്ടുന്നതായിരുന്നു. പൊരുത്തപ്പെടാൻ കഴിയാത്ത, വർഗീയ പ്രത്യയശാസ്ത്രം മുറുകെ പിടിക്കുന്ന, വർഗീയ ലഹളകൾ സൃഷ്ടിക്കുന്ന ഇവരെ നേരിടേണ്ടതിനെക്കുറിച്ചാണ്‌ അന്നുതന്നെ ഇ എം എസ് മുന്നറിയിപ്പുനൽകിയതെന്നും എം എ ബേബി പറഞ്ഞു.






deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home