print edition ബാലസംഘം സംസ്ഥാന സമ്മേളനം: ‘സമരപർവം’ ഇന്ന്

പാലായി (നീലേശ്വരം): ബാലസംഘം സംസ്ഥാന സമ്മേളനത്തിൽ ശനിയാഴ്ച വൈകിട്ട് ആറിന് നടക്കുന്ന സമരപർവം ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എം വിജിൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് കോഴിക്കോട് ചിലങ്ക ഫ്ലോട്ടിങ് തിയറ്ററിന്റെ മിസ ദി ലാസ്റ്റ് ബ്രീത്ത് നാടകം അരങ്ങേറും.
പ്രവിഷ പ്രമോദ്, അഭിരാം രഞ്ജിത്, കെ ദേവിക, ആദർശ് ബേപ്പ്, ആർ ജെ ആമിന, ബി എസ് നിള എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്. ബി എസ് ദേവിക(മിനിറ്റ്സ്), സി അഭയരാജ് (ക്രഡൻഷ്യൽ), എം പി ഗോകുൽ (നവമാധ്യമം), മുഹമ്മദ് അഷറഫ് (പ്രമേയം) എന്നിവർ കൺവീനർമാരായ വിവിധ സബ് കമ്മിറ്റികളും പ്രവർത്തിക്കുന്നു. സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി സ്റ്റിയറിങ് കമ്മിറ്റിയായി പ്രവർത്തിക്കുന്നു.
സമ്മേളനത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റുമാരായ സി അഭയരാജ്, അഭിരാം രഞ്ജിത്, സംസ്ഥാന ജോയിന്റ് സെക്രട്ടറി ബി എസ് ദേവിക, അക്കാദമിക് കൺവീനർ ടി കെ നാരായണദാസ്, ജോയിന്റ് കൺവീനർമാരായ ഡി വിജയകുമാർ, മീര ദർശക്, സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ കെ കെ ലതിക, പി കെ നിശാന്ത്, പുരോഗമന പ്രസ്ഥാനത്തിന്റെ നേതാക്കളായ പി ജയരാജൻ, പി കരുണാകരൻ, കെ പി സതീഷ്ചന്ദ്രൻ, സി എച്ച് കുഞ്ഞമ്പു തുടങ്ങിയവർ പങ്കെടുക്കുന്നുണ്ട്.
അട്ടപ്പാടി ശിശുമരണം; മനസാക്ഷിയുണരണം
പാലായി (നീലേശ്വരം): സംസ്ഥാന സർക്കാരിന്റെ കുറ്റകരമായ അനാസ്ഥ കാരണം അട്ടപ്പാടി വീണ്ടും കുഞ്ഞുങ്ങളുടെ ശവപ്പറമ്പായി മാറാതിരിക്കാൻ കേരള മനസാക്ഷി ഉണരണമെന്ന് ബാലസംഘം സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. ‘ശിശുരോദനം കേൾക്കാത്ത സർക്കാർ നാടിനപമാനം' എന്ന മുദ്രാവാക്യം ഉയർത്തി അട്ടപ്പാടിയിലെ കുഞ്ഞുങ്ങളുടെ ജീവനുവേണ്ടി ബാലസംഘം സംഘടിപ്പിച്ച ഉപവാസം പ്രശ്നം ഗൗരവമായി ചർച്ച ചെയ്യാൻ കേരളത്തെ നിർബന്ധിതമാക്കിയിട്ടുണ്ട്. അട്ടപ്പാടിയിൽ നാലുമാസത്തിനിടെ 10 കുട്ടികളാണ് മരിച്ചത്.
ഒരുമാസത്തിനിടെ നാല് നവജാതശിശുക്കൾ മരിച്ചു. ആരോഗ്യ വകുപ്പിനുകീഴിൽ ഏഴ് ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാർ, മൊബൈൽ ലാബിലെ ഫാർമസിസ്റ്റ് എന്നിവരെ സർക്കാർ സ്ഥലംമാറ്റി. പകരം നിയമനം നടത്തിയില്ല. മൊബൈൽ ക്ലിനിക് നിർത്തി. മരുന്ന് വിതരണം നിലച്ചു. 24 മെന്റർ അധ്യാപകരെ പിരിച്ചുവിട്ടു. ഊരുകളിൽ ആരോഗ്യപ്രവർത്തകർക്ക് യാത്ര ചെയ്യാനുള്ള ജീപ്പ് സർവീസ് നിർത്തലാക്കി. അങ്കണവാടികൾ മുഖേനയുള്ള പോഷകാഹാര വിതരണവും നിലച്ചു. അട്ടപ്പാടിയെ പ്രത്യേക പരിഗണനയോടെ കണ്ടിരുന്ന സർക്കാർ നയം പാടെ മാറിയതിന്റെ തെളിവുകളാണിത്.
അട്ടപ്പാടിയിൽ മൂന്നുമാസം മുതൽ ഒന്നരവയസ്സുവരെയുള്ള കുട്ടികൾക്ക് എല്ലാ മാസവും നൽകിയിരുന്ന രണ്ടായിരം രൂപ യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയത് മുതൽ മുടങ്ങി. കുഞ്ഞുങ്ങൾക്ക് നൽകേണ്ട ഈ സഹായവും സർക്കാർ ഉപേക്ഷിച്ചു. ആരോഗ്യ സംവിധാനങ്ങൾ ആദിവാസി വിഭാഗങ്ങളോട് കാണിക്കുന്ന വിവേചന സ്വഭാവം ഇതൊരു സർക്കാർ സ്പോൺസേഡ് ശിശുഹത്യയാണെന്ന് അടിവരയിടുകയാണ്. അട്ടപ്പാടിക്കായുള്ള പ്രത്യേക പദ്ധതികൾ മുടങ്ങാതിരിക്കാൻ സർക്കാരിന്റെ സൂക്ഷ്മ ഇടപെടലുകൾ ഉണ്ടാവണമെന്നും കുഞ്ഞുങ്ങൾ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് അടിയന്തരമായി സർക്കാർ ധനസഹായം നൽകണമെന്നും ബാലസംഘം സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു.









0 comments