ad
Deshabhimani

print edition തലശേരി കലാപം ; ആർഎസ്‌എസിനെ വെളുപ്പിക്കാനുള്ള കോൺഗ്രസ്‌–
ലീഗ്‌ പ്രസ്‌താവന ദ‍ൗർഭാഗ്യകരം : എം വി ജയരാജൻ

M V Jayarajan
വെബ് ഡെസ്ക്

Published on Mar 02, 2026, 01:05 AM | 2 min read


കണ്ണൂർ

തലശേരി കലാപത്തിന്‌ ഉത്തരവാദികളായ ആർഎസ്‌എസിനെ വെളുപ്പിച്ചെടുക്കുന്ന കോൺഗ്രസ്‌, മുസ്ലിംലീഗ്‌ നേതാക്കളുടെ പ്രസ്‌താവന ദ‍ൗർഭാഗ്യകരമാണെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം വി ജയരാജൻ. തലശേരി കലാപത്തിന്‌ പിന്നിൽ ജനസംഘം ആണെന്ന ചരിത്രസത്യം മറച്ചുപിടിക്കുന്ന കോൺഗ്രസ്, സംഘപരിവാറിന്റെ സയാമീസ് ഇരട്ടയാണെന്ന് തെളിയിച്ചുവെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.


തലശേരി കലാപം നടക്കുന്പോൾ കോൺഗ്രസ് നേതാവ് കെ കരുണാകരനായിരുന്നു ആഭ്യന്തരമന്ത്രി. കലാപം അവസാനിക്കുന്നതുവരെ ആഭ്യന്തരമന്ത്രി തിരിഞ്ഞുനോക്കിയില്ല. ഒരാഴ്‌ചയ്‌ക്കുശേഷം വന്നപ്പോൾ പറഞ്ഞത്‌ കോൺഗ്രസ്‌ വീണ്ടും പൊടിതട്ടിയെടുക്കുകയാണ്‌. അത്‌ ജനങ്ങൾ അന്നേ തള്ളിക്കളഞ്ഞതാണ്‌. ചരിത്രത്തെ വളച്ചൊടിക്കുന്ന സംഘപരിവാറിനെപ്പോലെ കോൺഗ്രസും മാറിയെന്നതാണ്‌ ഇതിലൂടെ തെളിയുന്നത്‌.


ജസ്‌റ്റിസ്‌ ജോസഫ് വിതയത്തിൽ കമീഷൻ മുമ്പാകെ അന്നത്തെ സർക്കാരിനെ പിന്തുണയ്‌ക്കുന്നവർ നൽകിയ മൊഴി മാത്രം ഉദ്ധരിച്ചാണ് സിപിഐ എമ്മിനെ കോൺഗ്രസുകാർ കുറ്റപ്പെടുത്തുന്നത്. "സിപിഐ എം പ്രവർത്തകരാരും കലാപത്തിൽ പങ്കാളിയായിട്ടില്ലെന്നത് തർക്കമറ്റ കാര്യമാണ്. കൊടികെട്ടിയ കാറിൽ സിപിഐ എം പ്രവർത്തകർ സഞ്ചരിക്കുകയും കലാപം അവസാനിപ്പിക്കാൻ എല്ലാവരോടും അഭ്യർഥിക്കുകയാണ് ചെയ്തത്‌’ എന്നാണ്‌ കമീഷൻ വ്യക്തമാക്കിയത്‌. ഇത് കോൺഗ്രസുകാർ കണ്ടില്ലെന്നു നടിക്കുകയാണ്. തെരഞ്ഞെടുപ്പ് അടുത്തപ്പോൾ ആർഎസ്എസിനെ വെള്ളപൂശുകയും അവരുടെ വോട്ട് സമ്പാദിക്കുകയുമാണ് കോൺഗ്രസിന്റെ ലക്ഷ്യം. ആർഎസ്‌എസ്‌ ശാഖയ്ക്ക് കാവൽനിന്ന നേതാവുള്ള കോൺഗ്രസിന്റെ അനുയായികളും വ്യത്യസ്‌തരാകില്ല. കോൺഗ്രസ് പാർടിയുടെ അംഗങ്ങൾ വർഗീയ കലാപത്തിൽ പങ്കെടുത്തിട്ടുണ്ടെന്ന് അന്നത്തെ തലശേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ്‌ സമ്മതിച്ചതായും കമീഷൻ ചൂണ്ടിക്കാട്ടുന്നുണ്ട്‌.


യു കെ കുഞ്ഞിരാമനെ കൊലപ്പെടുത്തിയ സംഭവത്തിന് കലാപവുമായി ബന്ധമില്ലെന്ന കോൺഗ്രസിന്റെ കണ്ടെത്തലും പച്ചക്കള്ളമാണ്. മാങ്ങാട്ടിടം മണ്ഡലം കോൺഗ്രസ് പ്രസിഡന്റായിരുന്ന കെ പി അബൂട്ടി നേരത്തേ പറഞ്ഞത്, യു കെ കുഞ്ഞിരാമനും മറ്റും ഉണ്ടായിരുന്നില്ലെങ്കിൽ മെരുവമ്പായി പള്ളി ആർഎസ്എസുകാർ തകർക്കുമായിരുന്നുവെന്നും കുഞ്ഞിരാമൻ അടക്കമുള്ളവർ തങ്ങളുടെ രക്ഷയ്‌ക്കാണ് എത്തിയതെന്നുമാണ്‌. ഇത്‌ മറച്ചുവച്ചാണ്‌ കോൺഗ്രസിന്റെ വെള്ളപൂശൽ.


മെരുവന്പായി പള്ളിക്ക്‌ രണ്ടുനാൾ കാവൽനിന്നശേഷം വീട്ടിലേക്ക് പോകുന്നവഴിയിലാണ് ആർഎസ്എസുകാർ കുഞ്ഞിരാമനെ കൊലപ്പെടുത്തിയത്. ബാലൻ, വത്സൻ, നാണു എന്നിവർക്കും അന്ന്‌ പരിക്കേറ്റു. ‘പള്ളിപൊളിക്കാനാണവർ വന്നത്‌. അത്‌ ഞങ്ങൾ എതിർത്തു. അങ്ങനെയാണ്‌ ഞങ്ങൾക്കു പരിക്കേറ്റത്‌’ എന്ന്‌ നാണു കൃത്യമായി ഇന്നും ഓർക്കുന്നുണ്ട്‌.


തലശേരി കലാപത്തിൽ വീടുകൾ തകർക്കാൻ വന്നപ്പോൾ ചെറുക്കാനും ന്യൂനപക്ഷങ്ങളെ രക്ഷിക്കാനും കൊടികെട്ടിയ കാറിൽ സഞ്ചരിച്ച നേതാക്കളിൽ ഒരാളാണ്‌ ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ. അതുകൊണ്ടാണ് കഴിഞ്ഞ ദിവസം പാറപ്രത്തെ മുസ്ലിം ജുമാഅത്ത് പള്ളി ഭാരവാഹികൾ ഉപഹാരം സമർപ്പിച്ചത്. ഇതിൽ പ്രകോപിതരായാണ്‌, കലാപത്തിന് സിപിഐ എം പ്രവർത്തകരും നേതാക്കളുമാണ് സൂത്രധാരൻമാർ എന്ന പച്ചക്കള്ളം ഇപ്പോൾ പറയുന്നതെന്നും എം വി ജയരാജൻ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home