ad
Deshabhimani

സിപിഐ എമ്മിൽ ആര് നേതാവാകണമെന്ന് നിശ്ചയിക്കുന്നത് മാധ്യമങ്ങളല്ല, പാർടിയാണ്; വ്യാജവാർത്തകൾക്കെതിരെ എം വി ​ഗോവിന്ദൻ

MV Govindan

എം വി ​ഗോവിന്ദൻ

വെബ് ഡെസ്ക്

Published on Jun 15, 2026, 03:37 PM | 1 min read

തിരുവനന്തപുരം: യഥാർഥ്യത്തിന്റെ കണിക പോലുമില്ലാത്ത വ്യാജവാർത്തകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പാർടി നേതാക്കൾ പങ്കെടുത്ത യോഗത്തിൽ നടന്നതെന്ന പേരിൽ, വസ്‌തുതാ വിരുദ്ധമായ കാര്യങ്ങളാണ്‌ കഴിഞ്ഞ കുറച്ച് ദിവസമായി ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത്‌. ഇത്തരം കള്ളപ്രചാരണങ്ങൾക്കെതിരെ ശക്തമായ ജനകീയ പ്രതിരോധം സൃഷ്ടിക്കുമെന്നും വ്യാജ വാർത്തകൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.


'എന്നെയും പിണറായിയെയും മാറ്റിയിട്ട്‌ മറ്റാരെ വെക്കും, അത്‌ നടക്കില്ല', 'എന്നെയും പിണറായിയെയും മാറ്റാമെന്നത്‌ വ്യാമോഹം മാത്രം' എന്നെല്ലാം തിരുവനന്തപുരത്ത്‌ നടന്ന യോഗത്തിൽ സംസ്ഥാന സെക്രട്ടറി റിപ്പോർട്ട്‌ ചെയ്‌തു എന്നാണ്‌ ചില മാധ്യമ സൃഷ്ടി. സിപിഐ എമ്മിൽ ആര്‌ നേതാവാകണം എങ്ങനെ പ്രവർത്തിക്കണം എന്നൊക്കെ നിശ്ചയിക്കുന്നത്‌ പാർടിയാണ്‌, മാധ്യമങ്ങളല്ല. ബൂർഷ്വാ രാഷ്‌ട്രീയ പാർടികളിൽ നിന്നും വ്യത്യസ്‌തമാണ്‌ കമ്മ്യൂണിസ്റ്റ്‌ പാർടികളുടെ സംഘടനാരീതി. നിയമസഭാ തെരഞ്ഞെടുപ്പ്‌ തോൽവിയുമായി ബന്ധപ്പെട്ട്‌ വിശദമായ പരിശോധനയാണ്‌ പാർടി ആകെ നടത്തിയത്‌.


പാർടി പ്രവർത്തകർ ബ്രാഞ്ച്‌ യോഗങ്ങളിൽ വരെ ഉന്നയിച്ച വിമർശനങ്ങൾ പരിശോധിച്ച്‌, ആവശ്യമായ തിരുത്തലുകൾ പാർടി വരുത്തുകയാണ്‌. തെറ്റ്‌ പറ്റിയാൽ ഏത്‌ നേതാവിനെയും വിമർശിക്കാനും തിരുത്താനും പാർടിക്ക്‌ കഴിയും, എല്ലാ നേതാക്കൾക്കും ഇത്‌ ബാധകമാണ്‌. ഇതിനൊപ്പം പുതിയ കാലത്തെ വെല്ലുവിളികൾ നേരിടാൻ പൊതുജനങ്ങളിൽ നിന്ന്‌ അഭിപ്രായങ്ങളും സിപിഐ എം തേടുന്നുണ്ട്‌. പതിനായിരക്കണക്കിന്‌ നിർദ്ദേശങ്ങളാണ്‌ പൊതുജനങ്ങളിൽ നിന്ന്‌ ഇതിനകം ലഭിച്ചത്‌. പൊതുജനങ്ങൾക്കുള്ള വിശ്വാസവും സ്‌നേഹവുമാണ്‌ ഇതിലൂടെ വ്യക്തമാവുന്നത്‌.


ഈ നിർദ്ദേശങ്ങൾ കൂടി പരിഗണിച്ച്‌, ആഗസ്‌റ്റ്‌ മാസത്തിൽ നടക്കുന്ന വിപുലീകൃത സംസ്ഥാന കമ്മിറ്റിയിൽ കർമപദ്ധതിക്ക്‌ രൂപം നൽകും. ഈ തിരുത്തൽ പ്രക്രിയയ്‌ക്ക്‌ തുരങ്കം വെക്കാനും യുഡിഎഫ്‌ സർക്കാരിനെതിരായ ജനരോക്ഷം മറച്ച്‌ വയ്‌ക്കാനുമാണ്‌ മാധ്യമങ്ങൾ വ്യാജവാർത്തകളിലൂടെ നിരന്തരം ശ്രമിക്കുന്നത്‌. സിപിഐ എമ്മിനെതിരെയുള്ള ഇത്തരം കള്ളപ്രചരണങ്ങൾ തള്ളിക്കളയണമെന്ന് എം വി ​ഗോവിന്ദൻ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home