രാജ്‌ഭവനെ കാവിവൽക്കരിക്കരുത്: എം വി ഗോവിന്ദൻ
സ്ഥാനാർഥി പ്രഖ്യാപനം മുതൽ എൽഡിഎഫിന് മേൽക്കൈ : എം വി ഗോവിന്ദൻ

തിരുവനന്തപുരം
നിലമ്പൂരിൽ എൽഡിഎഫ് സ്ഥാനാർഥിയായി എം സ്വരാജിനെ പ്രഖ്യാപിച്ചതു മുതൽ എൽഡിഎഫിന് നല്ല നിലയിൽ മേൽക്കൈ നേടാനായെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.
എൽഡിഎഫ് വ്യക്തമായ രാഷ്‌ട്രീയ കാഴ്‌ചപ്പാട് മുന്നോട്ടുവച്ചു. വികസനവും രണ്ടു വർഗീയതകൾക്കെതിരായ ശക്തമായ ചെറുത്തുനിൽപ്പും. വർഗീയവാദികളുടെ വോട്ട് വേണ്ടായെന്ന് പറഞ്ഞ് തന്നെയായിരുന്നു പ്രചാരണം.
ലോക നിലവാരത്തിലേക്ക് കേരളത്തിലെ ജീവിത നിലവാരം ഉയർത്തുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ വികസന, ക്ഷേമ പരിപാടികൾ. ഇനിയങ്ങോട്ടുള്ള വികസനത്തിന് നവകേരള കാഴ്‌ചപ്പാട്. ലൈഫ് ഭവനം, റോഡുകൾ, വ്യാവസായിക രംഗത്തെ മാറ്റങ്ങൾ, കിഫ്‌ബി, ആരോഗ്യ പൊതുവിദ്യാഭ്യാസ മേഖല, വിഴിഞ്ഞം, വ്യവസായ ഇടനാഴികൾ തുടങ്ങി ഒട്ടേറെ കാര്യങ്ങൾ ചർച്ചയാക്കി.
എന്നാൽ യുഡിഎഫ് നിരായുധരായ സൈന്യത്തിന്റെ അവസ്ഥയിലായിരുന്നു. രാഷ്‌ട്രീയ മുദ്രാവാക്യം വയ്‌ക്കാനായില്ല. ജമാഅത്തെ ഇസ്ലാമിയെ വെള്ളപൂശി മുന്നണിയിൽ അസോസിയേറ്റ് അംഗമാക്കി. ഇസ്ലാമിക രാഷ്‌ട്രം, ലോകം എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന അവരെ ലോകത്ത് ആദ്യമായി ഒരുമുന്നണിയുടെ ഭാഗമാക്കിയത് യുഡിഎഫാണ്. ഇത് ദൂരവ്യാപക ഫലമുളവാക്കുമെന്ന് നേരത്തേ തന്നെ ഞങ്ങൾ പറഞ്ഞിട്ടുള്ളതാണ്. ആർഎസ്‌എസിന് വളരാനുള്ള അവസരമാണ് ഒരുക്കുന്നത്. ഈ ബാന്ധവത്തെക്കുറിച്ച് പ്രിയങ്ക ഗാന്ധി ഉൾപ്പെടെ കോൺഗ്രസിന്റ ദേശീയ നേതൃത്വം മറുപടി പറഞ്ഞിട്ടില്ല.
സർക്കാരിനെതിരെയോ എൽഡിഎഫിനെതിരെയോ എന്തെങ്കിലും മുന്നോട്ടുവയ്‌ക്കാൻ യുഡിഎഫിനായില്ല. ക്ഷേമപെൻഷനെ ‘കൈക്കൂലി’ എന്ന് ആക്ഷേപിക്കുകയായിരുന്നു അവർ–അദ്ദേഹം പറഞ്ഞു.
രാജ്‌ഭവനെ കാവിവൽക്കരിക്കരുത്: എം വി ഗോവിന്ദൻ
രാജ്‌ഭവൻ കാവിവൽക്കരണത്തിന്റെ കേന്ദ്രമാകുകയാണെന്നും ഇത് കേരളം വിശദമായി ചർച്ച ചെയ്യേണ്ട കാര്യമാണെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. രാജ്‌ഭവനിൽ ഹെഡ്‌ഗേവാറിന്റേയും ഗോൾവാൾക്കറുടേയും ചിത്രം കൂടിവച്ചിരിക്കുന്നു. ഗാന്ധിജിയുടെ ചിത്രത്തോടൊപ്പം ഇനി ഗോഡ്‌സേയുടെ ചിത്രംകൂടി എന്നാണ് കൊണ്ടുവയ്ക്കുന്നത് എന്നുകൂടിയേ നോക്കാനുള്ളു. ആർഎസ്‌എസ് പറയുന്നത് ഗാന്ധിജിയേക്കാൾ പ്രധാനപ്പെട്ട ദേശീയ സ്വാതന്ത്ര്യ നായകർ ഗോഡ്‌സേയും സവർക്കറുമാണെന്നാണ്. ഭാരതാംബയുടെ ചിത്രംവച്ചുള്ള പരിപാടികളും ഗുരുമൂർത്തിയുടെ പ്രഭാഷണവും ട്രംപിന്റെ ചുങ്കത്തെ ന്യായീകരിക്കാൻ ബിജെപി സർക്കാരിന്റെ ഉപദേശകനെ കൊണ്ടുവന്ന് നടത്തുന്ന പരിപാടികളുമെല്ലാം ബോധപൂർവമായ നീക്കമാണ്. രാജ്‌ഭവനിലൂടെ ആഗോളവൽക്കരണവും വർഗീയവാദവും പ്രചരിപ്പിക്കുന്ന രീതി മതനിരപേക്ഷ വാദികൾക്ക് ഉൽക്കണ്ഠയുണ്ടാക്കുന്നുണ്ട്.
ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ രാഷ്‌ട്രീയം പാടില്ലെന്ന ഗവർണറുടെ അഭിപ്രായം അരാഷ്‌ട്രീയവാദത്തെയും വർഗീയവാദത്തെയും പ്രോത്സാഹിപ്പിക്കുന്നതാണ്. രാഷ്‌ട്രീയ സമൂഹമാണ് ഇന്ത്യയിലുള്ളത്. അത് പഠിക്കാൻ പാടില്ലെന്ന് പറയുന്നത് ജനാധിപത്യത്തെ തന്നെ അപ്രസക്തമാക്കുന്ന കാര്യമാണ്. രാജ്യത്തെ നാളെ നയിക്കേണ്ടത് പുതിയ തലമുറയാണ്. ശരിയായ രാഷ്‌ട്രീയം മനസിലാക്കാൻ പുതിയ തലമുറയെ പഠിപ്പിക്കുകയാണ് വേണ്ടതെന്നും എം വി ഗോവിന്ദൻ പറഞ്ഞു.









0 comments