വികസനത്തെക്കുറിച്ച് പറയാൻ യുഡിഎഫിന് ഭയം
ജമാഅത്തെ ഇസ്ലാമി–യുഡിഎഫ് കൂട്ട് ; നിലമ്പൂർ മറുപടി നൽകും : എം വി ഗോവിന്ദൻ

നിലമ്പൂർ
മതരാഷ്‌ട്രവാദികളായ ജമാഅത്തെ ഇസ്ലാമിയുമായുള്ള യുഡിഎഫ് സഖ്യത്തിനെതിരെ നിലമ്പൂരിലെ ജനങ്ങൾ വിധിയെഴുതുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ജമാഅത്തെ ഇസ്ലാമി– യുഡിഎഫ് കൂട്ട് ദൂരവ്യാപക ഫലം ഉണ്ടാക്കും. ഇത് വരാനിരിക്കുന്ന തദ്ദേശ–-നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ളതാണ്. ജമാഅത്തെയുടെ വെൽഫെയർ പാർടിയെ യുഡിഎഫിൽ അസോസിയേറ്റ് അംഗമാക്കാമെന്നാണ് ധാരണ. സമൂഹത്തെ വർഗീയധ്രുവീകരണത്തിലേക്ക് നയിക്കുന്നതാണ് ഈ സഖ്യം. ഇത് ഭൂരിപക്ഷ വർഗീയശക്തികളെ സഹായിക്കുന്ന അപകടകരമായ നിലയുണ്ടാക്കും. മതനിരപേക്ഷ– ജനാധിപത്യ ചിന്താഗതിക്കാർക്കൊപ്പം യഥാർഥ മതവിശ്വാസികളും ഈ വർഗീയ– തീവ്രവാദസഖ്യത്തിനെതിരെ രംഗത്തുവരും.
ജമാഅത്തെ ഇസ്ലാമി മതരാഷ്‌ട്രവാദം ഉപേക്ഷിച്ചെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറയുന്നത് വിവരക്കേടാണ്. ഈ അവസരവാദ–-വിചിത്ര നിലപാട് കോൺഗ്രസ് ദേശീയ നേതൃത്വം അംഗീകരിക്കുമോയെന്ന് സതീശൻ വ്യക്തമാക്കണം. എഐസിസി ഇതിനെതിരാണ്. അതാണ് കെ സി വേണുഗോപാൽ സഖ്യത്തെപ്പറ്റി മിണ്ടാത്തത്.
പ്രിയങ്ക ഗാന്ധി നിലപാട് പറയണമെന്ന് ഞങ്ങൾ ആവർത്തിച്ച് ആവശ്യപ്പെട്ടു. അവർ പ്രതികരിച്ചില്ല. മുസ്ലിം രാജ്യവും മുസ്ലിം ലോകവുമെന്ന അപകടകരമായ മുദ്രാവാക്യമാണ് ജമാഅത്തെ ഇസ്ലാമിയുടേത്. മുസ്ലിംലീഗിന്റെ പഴയകാല നേതൃത്വം ജമാഅത്തെ ബന്ധം ശക്തമായി എതിർത്തിരുന്നു. ഇക്കാര്യം ഇന്നത്തെ ലീഗ് നേതാക്കൾ മറക്കരുത്.
ജമാഅത്തെ ഇസ്ലാമി–- യുഡിഎഫ് സഖ്യവും ഹിന്ദുത്വ അജൻഡയുമായി സംഘപരിവാറും ചേർന്ന് നിലമ്പൂരിലെ തെരഞ്ഞെടുപ്പ് പ്രചാരണം വർഗീയവൽക്കരിച്ചു. ജമാഅത്തെയുമായി ഇടതുപക്ഷത്തിന് നാളിതുവരെ ബന്ധമുണ്ടായിരുന്നില്ലെന്നും ആ നിലപാടിൽ മാറ്റമില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വികസനത്തെക്കുറിച്ച് പറയാൻ യുഡിഎഫിന് ഭയം
ഉപതെരഞ്ഞെടുപ്പിൽ വികസനം പറയാൻ യുഡിഎഫ് മടിക്കുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മൂന്നാം ഭരണലക്ഷ്യവമായി മുന്നേറുന്ന എൽഡിഎഫ് സർക്കാരിന്റെ വികസന നേട്ടങ്ങളാണ് ഇടതുപക്ഷം അവതരിപ്പിക്കുന്നത്. നവകേരളത്തിനായുള്ള രാഷ്‌ട്രീയ–-വികസന പരിപാടികളാണ് നടപ്പാക്കുന്നത്. ബിജെപി സർക്കാരിന്റെ നയത്തിന് ബദലാണിവ. വികസിത, അർധവികസിത രാജ്യങ്ങളുടെ പുരോഗതിയിലേക്ക് കേരളീയരുടെ ജീവിതാവസ്ഥ ഉയർത്താനുള്ള പദ്ധതികളാണ് സർക്കാർ ആവിഷ്‌കരിച്ചിട്ടുള്ളത്. ഒമ്പതുവർഷമായി തുടരുന്ന ഈ പ്രവർത്തനം എല്ലാമേഖലയിലും മാറ്റമുണ്ടാക്കി. വ്യവസായ നിക്ഷേപത്തിലും പശ്ചാത്തല സൗകര്യങ്ങളിലും കൈവരിച്ച വളർച്ച തൊഴിലില്ലായ്‌മയടക്കം കുറച്ചു. വിജ്ഞാന കേരളവും വൈജ്ഞാനിക സമ്പദ്‌വ്യവസ്ഥയുമാണ് സർക്കാർ ലക്ഷ്യമിടുന്നത്. 62ലക്ഷം പാവങ്ങൾക്ക് പെൻഷൻ നൽകുന്നതടക്കം ക്ഷേമപദ്ധതികളും നടപ്പാക്കുന്നു. കേരളത്തെ സാമ്പത്തികമായി ഉപരോധിക്കുന്ന കേന്ദ്രസർക്കാർ നയത്തെ അതിജീവിച്ചാണീ പദ്ധതികൾ തുടരുന്നത്. വിഭവസമാഹരണത്തിൽ വലിയ മുന്നേറ്റം ആർജിച്ചു. കോടതി പറഞ്ഞിട്ടും വയനാട് ദുരന്തബാധിതരുടെ വായ്‌പ എഴുതിതള്ളാൻ കൂടി കേന്ദ്രം തയ്യാറാകുന്നില്ല. കേരളം കൈവരിച്ച പുരോഗതിയടക്കം രാഷ്‌ട്രീയം പറഞ്ഞ് എൽഡിഎഫ് വോട്ടർമാരെ സമീപിക്കുന്നു. അതിനാൽ വലിയ ആത്മവിശ്വാസം ഞങ്ങൾക്കുണ്ടെന്നും എം വി ഗോവിന്ദൻ പറഞ്ഞു.









0 comments