print edition സ്‌ത്രീ സുരക്ഷാ പദ്ധതിയുടെ തുക വർധിപ്പിക്കും: എം വി ഗോവിന്ദൻ

എം വി ഗോവിന്ദൻ നയിക്കുന്ന എൽഡിഎഫ് വടക്കൻ മേഖലാ വികസന മുന്നേറ്റ ജാഥക്ക് നെന്മാറയിൽ നൽകിയ സ്വീകരണം ഫോട്ടോ / മിഥുൻ അനില മിത്രൻ
പാലക്കാട്
എല്ലാ സ്ത്രീകൾക്കും ആനുകൂല്യവും സുരക്ഷയും ഉറപ്പാക്കുക എന്നതാണ് എൽഡിഎഫ് നയമെന്നും മുഖ്യമന്ത്രിയുടെ സ്‌ത്രീസുരക്ഷാ പദ്ധതിവഴി ഇപ്പോൾനൽകുന്ന 1000 രൂപ പിന്നീട് വർധിപ്പിക്കുമെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. എൽഡിഎഫ് വടക്കൻമേഖലാ വികസന മുന്നേറ്റ ജാഥയ്‌ക്ക് വിവിധ കേന്ദ്രങ്ങളിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എങ്ങനെയെങ്കിലും മുഖ്യമന്ത്രിക്കസേരയിൽ ഇരിക്കാൻ കഴിയുമോയെന്ന് വിചാരിച്ച് നടക്കുകയാണ് വി ഡി സതീശനെപ്പോലുള്ളവർ. ഇവർക്കൊന്നും മുഖ്യമന്ത്രിയാകാനാകില്ല. യുഡിഎഫ് പരിപാടിയുടെ സ്റ്റേജിലെത്തിയാൽ കഴുത്തിന് പിടിക്കുകയാണ്. ഇവർ ഒരുതരം ഗുണ്ടാസംഘങ്ങളാണ്.
എൽഡിഎഫ് ജാഥ കേരള രാഷ്ട്രീയത്തിൽ വഴിത്തിരിവിലേക്ക് നീങ്ങുകയാണ്. എത്ര നുണപ്രചാരണങ്ങളുണ്ടായാലും എൽഡിഎഫ് സർക്കാരിനെ സംരക്ഷിക്കാൻ ഞങ്ങളുണ്ടെന്ന് പ്രഖ്യാപിക്കുകയാണ് സ്വീകരണകേന്ദ്രങ്ങളിലെ ജനസഞ്ചയമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
ശന്പളം മുടങ്ങുമെന്നുവരെ പ്രതിപക്ഷം നുണ പ്രചരിപ്പിച്ചു
കഴിഞ്ഞ പത്തുവർഷവും കേരളത്തിലെ സാന്പത്തിക സ്ഥിതിയെക്കുറിച്ച് പ്രതിപക്ഷം നുണ പ്രചരിപ്പിക്കുകയാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
ശന്പളം മുടങ്ങുമെന്ന് നിരന്തരം പറഞ്ഞു. ഇതുവരെ ശന്പളം മുടങ്ങിയില്ല. ട്രഷറി പൂട്ടുമെന്നും പ്രചരിപ്പിച്ചു, പൂട്ടിയില്ല. വികസനം മുടങ്ങുമെന്നാണ് യുഡിഎഫ് പ്രതീക്ഷിച്ചത്. എന്നാൽ, പത്തുവർഷത്തിനിടെ 1,10,000 കോടിരൂപ കിഫ്‌ബിയിലൂടെ കണ്ടെത്തി പശ്‌ചാത്തല സൗകര്യവികസനം സാധ്യമാക്കി. റിസർവ് ബാങ്ക്, നിതി ആയോഗ്, സിഎജി എന്നിവ കേരളത്തിന്റെ സാന്പത്തികസ്ഥിതി അംഗീകരിച്ചിട്ടുണ്ട്. കടം ഇരട്ടിയാകുന്ന പ്രവണതയിൽനിന്ന് കേരളം മാറി. പത്തുവർഷത്തിനിടയിൽ കടം കുറഞ്ഞു. സംസ്ഥാനം കടക്കെണിയിലല്ല. ഇന്ത്യയിൽ 17 –ാം സ്ഥാനത്താണ് കേരളത്തിന്റെ നില. പ്രതിസന്ധിക്കുകാരണം കേന്ദ്രത്തിന്റെ സാന്പത്തിക ഉപരോധമാണെന്ന് പ്രതിപക്ഷം പറയുന്നില്ല. വികസനം തടയുമെന്ന് പറഞ്ഞ ലോകത്തിലെ ഏക പ്രതിപക്ഷം കേരളത്തിലേതാണ്.
വികസനകാര്യത്തിൽ ഇടതുപക്ഷം യുഡിഎഫുമായി ചേരണമെന്നുപറഞ്ഞ കോൺഗ്രസ് നേതാവാണ് മണിശങ്കർ അയ്യർ. കാര്യങ്ങൾ പഠിച്ച് ശ്രദ്ധേയമായി അവതരിപ്പിക്കുന്നയാളാണ് അദ്ദേഹം. ഗാന്ധി സ്വപ്‌നം കണ്ട ഗ്രാമസ്വരാജ് സാധ്യമാക്കുന്നത് ഇടതുപക്ഷമാണെന്നും ഇടതുഭരണം കേരളത്തിൽ തുടരണമെന്നും വിഷൻ 2031 സെമിനാറിൽ അദ്ദേഹം ആവശ്യപ്പെട്ടു. വികേന്ദ്രീകൃത ആസൂത്രണത്തിൽ കേരളം ലോകത്തിന് മാതൃകയാണെന്ന് സാന്പത്തിക വിദഗ്‌ധൻ അമർത്യസെന്നും അഭിപ്രായപ്പെട്ടു. സെമിനാറിൽ പങ്കെടുക്കരുതെന്നുകാണിച്ച് രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ള കോൺഗ്രസുകാർ കത്തെഴുതി. മണിശങ്കർ അയ്യരുടെ നിലപാടിനെ തള്ളി കേരളത്തിലെ കോൺഗ്രസുകാർ പതിവുപോലെ നുണ ആവർത്തിക്കുമെന്നും എം വി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.











0 comments