ad
Deshabhimani

വേണ്ടത് നവമാധ്യമങ്ങളെ ജനാധിപത്യവല്‍ക്കരിക്കാനുള്ള ഇടപെടല്‍: പുത്തലത്ത് ദിനേശൻ

puthalath dineshan
വെബ് ഡെസ്ക്

Published on Apr 25, 2026, 03:03 PM | 3 min read

തിരുവനന്തപുരം: ദേശാഭിമാനിയുടെ പേരിൽ വ്യാജ കാർഡ് ഉണ്ടാക്കി നടത്തുന്ന വ്യാജപ്രചാരണങ്ങൾക്കെതിരെ നിയമ നടപടികൾ ആരംഭിച്ചതായി ചീഫ് എഡിറ്റർ പുത്തലത്ത് ദിനേശൻ. വലിയ മൂലധന നിക്ഷേപമില്ലാതെ തന്നെ സാധാരണക്കാർക്കും ലോകത്തോടും സമൂഹത്തോടും സംവദിക്കാനുള്ള വേദിയായി നവമാധ്യമങ്ങൾ മാറിയെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.


കുത്തക മാധ്യമങ്ങളുടെ ജനവിരുദ്ധ നയങ്ങളെ തുറന്നുകാട്ടാനും ഏതൊരു പൗരനും ഒരു പത്രപ്രവർത്തകനായി പ്രവർത്തിക്കാനും ഇതിലൂടെ സാധിക്കുന്നു. അതേസമയം, എന്തും പറയാമെന്ന സ്വാതന്ത്ര്യത്തെ അപവാദ പ്രചരണങ്ങൾക്കും വ്യക്തിഹത്യയ്ക്കുമായി ഉപയോഗിക്കുന്നത് നവമാധ്യമങ്ങളിലെ ജനാധിപത്യ അന്തരീക്ഷം തകർക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കിൽ വ്യക്തമാക്കി.


രാഷ്ട്രീയ ശത്രുക്കളെയും നേതാക്കളെയും ലക്ഷ്യം വെച്ച് സംഘടിതമായ രീതിയിൽ വ്യാജ കാർഡുകളും പ്രസ്താവനകളും നിർമ്മിക്കപ്പെടുന്നു. സിപിഐ എം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി എം എ ബേബി, കെ ടി ജലീല്‍ എംഎല്‍എ, റവന്യു മന്ത്രി കെ രാജൻ എന്നിവരുടെ പേരിലും ദേശാഭിമാനി പത്രത്തിന്റെ ലോഗോ ഉപയോഗിച്ചും വ്യാജ വാർത്തകൾ പ്രചരിക്കുന്നു. ദേശാഭിമാനി റെസിഡന്റ് എഡിറ്റർ എം സ്വരാജിനെതിരെ വർ​ഗീയ ശക്തികളും ചില രാഷ്ട്രീയ പ്രൊഫൈലുകളും ചേർന്ന് കൃത്രിമമായ വാർത്താ കാർഡുകൾ നിർമ്മിച്ച് അപവാദ പ്രചരണം നടത്തുന്നു.


വെറും നിഷേധക്കുറിപ്പുകൾ കൊണ്ട് ഇത്തരം പ്രചരണങ്ങളെ തടയാനാവില്ല. അതിനാൽ വ്യാജവാർത്താ നിർമ്മാതാക്കൾക്കും അത് പ്രചരിപ്പിക്കുന്നവർക്കും എതിരെ ശക്തമായ നിയമനടപടി ആവശ്യമാണ്. വ്യാജ പ്രചരണങ്ങൾക്കെതിരെ എം സ്വരാജും ദേശാഭിമാനി മാനേജ്‌മെന്റും പൊലീസ് മേധാവിക്ക് പരാതി നൽകി.ഇത്തരം പ്രവണതകൾക്കെതിരെ ശക്തമായ നിലപാടുകള്‍ സ്വീകരിച്ചുകൊണ്ട്‌ മാത്രമേ സാമൂഹ്യ മാധ്യമങ്ങളിലെ ജനാധിപത്യ ഇടം സംരക്ഷിക്കാനാവൂ എന്നും പുത്തലത്ത് ദിനേശൻ പോസ്റ്റിൽ വ്യക്തമാക്കി.


ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം



നവമാധ്യമങ്ങളെ ജനാധിപത്യവല്‍ക്കരിക്കാനുള്ള ഇടപെടല്‍


ശാസ്‌ത്ര സാങ്കേതിക വിദ്യയുടെ വളര്‍ച്ച മാധ്യമ രംഗത്ത്‌ വലിയ കുതിച്ചു ചാട്ടമാണ്‌ സൃഷ്ടിച്ചത്‌. അതിന്റെ ഫലമായി രൂപപ്പെട്ടുവന്ന വളര്‍ച്ചയില്‍ നിന്നാണ്‌ സാമൂഹ്യ മാധ്യമങ്ങള്‍ ഉയര്‍ന്നുവന്നത്‌. മറ്റ്‌ മാധ്യമങ്ങള്‍ക്ക്‌ വലിയ തോതിലുള്ള മൂലധന നിക്ഷേപം ആവശ്യമായി വരുമ്പോള്‍ അതൊന്നുമില്ലാതെ ലോകത്തെമ്പാടുമുള്ള ജനതയുമായി സംവദിക്കാന്‍ കഴിയുന്നുവെന്നതാണ്‌ നവമാധ്യമങ്ങളുടെ പ്രത്യേകത.


കുത്തക മാധ്യമങ്ങളുടെ ജനവിരുദ്ധ നയങ്ങളെ തുറന്നുകാട്ടാന്‍ ഏതൊരാള്‍ക്കും സാധ്യമാകുന്നുവെന്നതാണ്‌ ഇതിന്റെ സവിശേഷത. മാത്രമല്ല, ഏതൊരു പൗരനും പത്രപ്രവര്‍ത്തകനായി മാറി ലോകത്തിലുള്ള മനുഷ്യരുമായെല്ലാം സംവദിക്കാന്‍ കഴിയുന്നുവെന്നത്‌ ജനാധിപത്യത്തിന്റെ പുതിയ മുഖം തുറന്നുവെക്കുന്നതുമാണ്‌.

സാമൂഹ്യ മാധ്യമങ്ങളിലെ ഇത്തരം സാധ്യതകള്‍ നിലനില്‍ക്കുമ്പോഴും മറ്റ്‌ മാധ്യമങ്ങളില്‍ നിന്ന്‌ വ്യത്യസ്‌തമായി ഏതൊരാള്‍ക്കും എന്തും പറയാനും, അപവാദങ്ങള്‍ പ്രചരിപ്പിക്കാനും കഴിയുന്നുവെന്നത്‌ ഇതിന്റെ ദുരുപയോഗത്തില്‍ നിന്ന്‌ സംഭവിക്കുന്നതാണ്‌. ഇതിനെതിരെ ശക്തമായ നിലപാടുകള്‍ സ്വീകരിച്ചുകൊണ്ട്‌ മാത്രമേ സാമൂഹ്യ മാധ്യമങ്ങളിലെ ജനാധിപത്യ ഇടം സംരക്ഷിക്കാനാവൂ.


മാധ്യമങ്ങളെ സംബന്ധിച്ച ഈ തിരിച്ചറിവില്‍ നിന്നുകൊണ്ടാണ്‌ സാമൂഹ്യ മാധ്യമങ്ങളില്‍ ദേശാഭിമാനിയുടെ പേരില്‍ പ്രചരിപ്പിക്കുന്ന വ്യജ വാര്‍ത്തകള്‍ക്കെതിരെ കര്‍ശനമായ നിലപാട്‌ സ്വീകരിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്‌. നട്ടാല്‍ പൊടിക്കാത്ത നുണകളാണ്‌ ഇപ്പോള്‍ വർഗ്ഗീയശക്തികൾ പ്രത്യേകിച്ചും പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്‌. സി.പി.ഐ (എം)ന്റെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി എം.എ ബേബിയുടേയും, കെ.ടി ജലീല്‍ എം.എല്‍.എയും, റവന്യു മന്ത്രി കെ രാജന്റേയും ഇല്ലാത്ത പ്രസ്‌താവനകളാണ്‌ ദേശാഭിമാനിയുടെ പേരില്‍ ഇത്തരക്കാർ പ്രസിദ്ധീകരിച്ചിരിക്കുന്നത്‌.

ദേശാഭിമാനിയുടെ റസിഡന്റ്‌ എഡിറ്റര്‍ കൂടിയായ എം സ്വരാജിനെതിരെ ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച പ്രസ്‌താവന എന്ന പേരില്‍ വ്യാജ കാര്‍ഡുണ്ടാക്കി വ്യക്തഹത്യ നടത്താനാണ്‌ ഇവര്‍ ശ്രമിക്കുന്നത്‌. പ്രതീഷ്‌ വിശ്വനാഥന്‍ എന്ന സംഘപരിവാറിന്റെ പ്രചാരകനുമായി കണ്ടുമുട്ടിയെന്നതാണ്‌ ഒന്നാമത്തെ വ്യാജ വാര്‍ത്ത. രണ്ടാമതായി, അത്‌ ഒരു സൗഹൃദ സംഭാഷണമായിരുന്നുവെന്ന സ്വരാജിന്റെ വിശദീകരണമാണ്‌ രണ്ടാമത്തെ വ്യാജവാര്‍ത്ത. മൂന്നാമത്തേത്‌, ഇത്തരമൊരു വാര്‍ത്ത ദേശാഭിമാനി പ്രസിദ്ധീകരിച്ചിരിക്കുന്നുവെന്ന്‌ പറഞ്ഞ്‌ കാര്‍ഡ്‌ ഇറക്കുന്നതാണ്‌ മൂന്നാമത്തെ വ്യാജ രീതി.


ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വപരമായ പങ്കുവഹിച്ചുകൊണ്ടിരിക്കുന്നത്‌ ജമാഅത്തെ ഇസ്ലാമിയേയും, മുസ്ലീം ലീഗിനേയും പിന്തുണയ്‌ക്കുന്ന പല പ്രൊഫൈലുകളും, ചില വ്യാജ പ്രൊഫൈലുകളുമാണ്.സംഘപരിവാറിൻ്റെ വഴിയിൽ തന്നെയാണിവർനീങ്ങികൊണ്ടിരിക്കുന്നത്.സ്വരാജിനെ സംഘാവ്‌ എന്ന്‌ വിളിച്ച യു.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥിയുടേയും മറ്റും നേതൃത്വത്തില്‍ നേരത്തെ തുടങ്ങിയ പ്രചാരവേലയാണ്‌ ഇപ്പോള്‍ ഇത്തരത്തില്‍ വികസിച്ചിരിക്കുന്നത്‌.

ദേശാഭിമാനിയുടെ പേരില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഇത്തരം വ്യാജ വാര്‍ത്തക്കാരേയും, പ്രചാരകരേയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവന്ന്‌ നവമാധ്യമത്തിലെ ജനാധിപത്യപരമായ സംവാദ സാധ്യതകള്‍ക്ക്‌ അനിവാര്യമാണ്‌. സംവാദങ്ങള്‍ സമൂഹത്തെ ജനാധിപത്യവല്‍ക്കരിക്കുമ്പോള്‍ അപവാദ പ്രചരണങ്ങള്‍ അത്തരം സാധ്യതകളെ ഇല്ലാതാക്കുന്നു.

വ്യാജ വാര്‍ത്തയെ തുറന്നുകാട്ടുന്നതിനോടൊപ്പം ഇവയ്‌ക്കെതിരെ ശക്തമായ നിയമ നടപടിയിലേക്കും നീങ്ങുകയെന്നത്‌ പ്രധാനമാണ്‌. ദേശാഭിമാനിയും, അതിന്റെ റസിഡന്റ്‌ എഡിറ്റര്‍ കൂടിയായ എം സ്വരാജും പോലീസ്‌ മേധാവിക്ക്‌ പരാതി നല്‍കി കഴിഞ്ഞു. നവമാധ്യമത്തിന്റെ ജനാധിപത്യപരമായ സംവാദ സാധ്യതകളെ നിലനിര്‍ത്തുന്നതിന്‌ ഇത്‌ അനിവാര്യമാണ്‌. അതിന്‌ എല്ലാവരുടേയും പിന്തുണ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.






deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home