തൊട്ടതെല്ലാം പിഴച്ച് യുഡിഎഫ് ; പ്രിയങ്കരനായി സ്വരാജ്

നിലമ്പൂർ ചുങ്കത്തറയിലെ എൽഡിഎഫ് തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സ്ഥാനാർഥി എം സ്വരാജിന്റെ കൈപിടിച്ച് ജനങ്ങളെ അഭിവാദ്യംചെയ്യുന്നു ഫോട്ടോ: സുമേഷ് കോടിയത്ത്
പി വി ജീജോ
Published on Jun 14, 2025, 01:23 AM | 1 min read
നിലമ്പൂർ
നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാനഘട്ടത്തിൽ പ്രകടമാകുന്നത് യുഡിഎഫ് നിരായുധമാകുന്ന കാഴ്‌ച. തീവ്രവാദത്തെയും വർഗീയതയെയും കൂട്ടുപിടിക്കുന്ന അവസരവാദവും ക്ലച്ചുപിടിക്കുന്നില്ല. എം സ്വരാജിന്റെ സ്ഥാനാർഥിത്വം, ഒമ്പതുവർഷമായി നിലമ്പൂരിലുണ്ടായ വികസന മുന്നേറ്റം, ആദിവാസികളടക്കം ദുർബല ജനവിഭാഗത്തിന് ലഭിച്ച പരിരക്ഷ എന്നിവ ഉയർത്തി എൽഡിഎഫ് നടത്തുന്ന പ്രചാരണത്തെ വെല്ലാൻ എതിരാളികൾക്കാകുന്നില്ല.
മതരാഷ്‌ട്രവാദികളായ ജമാഅത്തെ ഇസ്ലാമിയെ കൂടെകൂട്ടിയതും യുഡിഎഫിനെ തിരിഞ്ഞുകുത്തുന്നു. ജമാഅത്തെയ്‌ക്ക് ഗുഡ്‌സർടിഫിക്കറ്റ് നൽകിയ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ന്യായീകരിക്കേണ്ട ഗതികേടിലാണ് യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത്. തെരഞ്ഞെടുപ്പ് കൺവൻഷൻമുതൽ പ്രതിരോധത്തിലാണ് യുഡിഎഫ്. പി വി അൻവറുണ്ടാക്കിയ പൊല്ലാപ്പിൽ തുടങ്ങി ഗതികേട്. ക്ഷേമപെൻഷൻ കൈക്കൂലിപ്പണമാണെന്ന എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുവേണുഗോപാലിന്റെ അധിക്ഷേപം തിരിച്ചടിച്ചു. പന്നിക്കെണിയിൽ ഷോക്കേറ്റ് വിദ്യാർഥി മരിച്ചത് രാഷ്‌ട്രീയ ആയുധമാക്കാനായി അടുത്ത ശ്രമം. കെണിവച്ച കോൺഗ്രസ് പ്രവർത്തകൻ നമ്പ്യാടൻ വിനീഷ് അറസ്റ്റിലായതോടെ യുഡിഎഫ് സ്വയം കെണിയിൽച്ചാടിയ പോലെയായി.
നാട്ടുകാരനായ എം സ്വരാജിന്റെ പൊതുസ്വീകാര്യത എതിരാളികളെ അങ്കലാപ്പിലാക്കിയിട്ടുണ്ട്. പ്രഭാഷകൻ, കവി, പോരാളി എന്നീ നിലകളിൽ തിളങ്ങുന്ന സ്വരാജിന്റെ പ്രഭാവമാണ് മണ്ഡലത്തിലെങ്ങും. യുഡിഎഫിലെ കേരളാകോൺഗ്രസ് ജോസഫ് നേതാവ് മോഹൻ ജോർജാണ് ബിജെപി സ്ഥാനാർഥി. പി വി അൻവറും എസ്‌ഡിപിഐയുടെ സാദിഖ് നടുത്തൊടിയുമടക്കം പത്ത് പേർ ജനവിധി തേടുന്നു.
നിലമ്പൂരിന്റെ തെരഞ്ഞെടുപ്പ് ചരിത്രമാണ് എൽഡിഎഫിന്റെ മറ്റൊരു അനുകൂല ഘടകം. മണ്ഡലം രൂപീകരിച്ച 1965ൽ കെ കുഞ്ഞാലിയിലൂടെ വിജയക്കൊടി പാറിച്ചു. പിന്നീട് ആറുതവണ വിജയം ആവർത്തിച്ചു.
ഏഴുപഞ്ചായത്തിലും നഗരസഭയിലുമായി 2,32,381 വോട്ടർമാരാണ് 19ന് ബൂത്തിലെത്തുക. ഒമ്പതുവർഷം എൽഡിഎഫ് സർക്കാർ നടപ്പാക്കിയ 1800 കോടിയുടെ വികസനപദ്ധതികൾ ജനങ്ങൾക്ക് നേരിട്ടറിയാം. മുഖ്യമന്ത്രി പിണറായി വിജയൻ നിലമ്പൂരിൽ പര്യടനം തുടങ്ങി. എം വി ഗോവിന്ദൻ, ബിനോയ് വിശ്വം തുടങ്ങി മുന്നണി നേതാക്കളും.









0 comments