വർഗീയക്കൂടേറി യുഡിഎഫ്, മതനിരപേക്ഷ ബദലുയർത്തി എൽഡിഎഫ്

എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജിന് നിലമ്പൂർ നഗരസഭയിലെ ഏനാന്തി കുട്ടികുന്നിൽ നൽകിയ സ്വീകരണം
നിലമ്പൂർ
നിലമ്പൂരിൽ രാഷ്‌ട്രീയ ആയുധങ്ങൾ നഷ്‌ടമായ യുഡിഎഫ് വർഗീയതയിൽ ചേക്കേറുന്നു. എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജിന് ലഭിക്കുന്ന രാഷ്‌ട്രീയാതീത പിന്തുണയാണ് യുഡിഎഫ് ക്യാമ്പിനെ ഭയപ്പെടുത്തുന്നത്. തുടക്കംമുതൽ വർഗീയ കാർഡിറക്കി പ്രചാരണം തുടങ്ങിയ യുഡിഎഫ് രണ്ടാംഘട്ടത്തിലും അതിൽനിന്ന് മാറിയിട്ടില്ല. ജമാഅത്തെ ഇസ്ലാമിയെ ഒപ്പംകൂട്ടി വർഗീയനീക്കം ശക്തമാക്കി. ഒമ്പതുവർഷത്തെ സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് എൽഡിഎഫ് വോട്ടർമാരുടെ മനസ്സ് കീഴടക്കുന്നു.
മന്ത്രിമാർക്കുപിറകെ വെള്ളിയാഴ്‌ച മുഖ്യമന്ത്രി പിണറായി വിജയൻകൂടി എത്തുമ്പോൾ എൽഡിഎഫ് ക്യാമ്പിൽ ആവേശത്തിര. യുഡിഎഫിനായി പ്രിയങ്ക ഗാന്ധി 15ന് മണ്ഡലത്തിലെത്തും. മുഖ്യമന്ത്രി ഹിന്ദുപത്രത്തിന് നൽകിയ അഭിമുഖത്തിലെ ഭാഗം തെറ്റായി വ്യാഖ്യാനിച്ചാണ് യുഡിഎഫ് തുടക്കംമുതൽ പ്രചാരണത്തിനിറങ്ങിയത്. പിറകെ ക്ഷേമപെൻഷനെതിരായി ആക്രമണം. സർക്കാരിന്റെ ക്ഷേമപ്രവർത്തനങ്ങൾ ജനമനസ്സ് സ്വാധീനിക്കുമെന്ന് തിരിച്ചറിഞ്ഞ് അതിനെ മോശമായി ചിത്രീകരിക്കാനുള്ള നീക്കമായിരുന്നു. എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജിനുവേണ്ടി എഴുത്തുകാരും സാംസ്‌കാരിക പ്രവർത്തകരും രംഗത്തെത്തിയതും യുഡിഎഫിന് ദഹിച്ചില്ല. കെ ആർ മീര ഉൾപ്പെടെ പ്രമുഖ എഴുത്തുകാരെ അധിക്ഷേപിച്ചാണ് കോൺഗ്രസ് നേരിട്ടത്. കേരളത്തിന്റെ സാംസ്‌കാരിക പരിഛേദമാകെ നിലമ്പൂരിലെത്തി സ്വരാജിന് ഐക്യദാർഢ്യമറിയിച്ചാണ് അതിന് മറുപടി നൽകിയത്.
പരാജയഭീതിയിലാണ്ട കോൺഗ്രസ് ജമാഅത്തെ ഇസ്ലാമിയെ കൂട്ടുപിടിച്ചാണ് പ്രചാരണം. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അവരെ മഹത്വവൽക്കരിച്ചതിലൂടെ ഈ കൂട്ടുകെട്ടിന്റെ ആഴം വ്യക്തമായി. അതിനെ പിന്തുണച്ച് കൂടുതൽ നേതാക്കൾ രംഗത്തെത്തി. എന്നാൽ, മുസ്ലിം സാമുദായിക സംഘടനകളും കത്തോലിക്ക കോൺഗ്രസും കൂട്ടുകെട്ടിനെതിരെ രംഗത്തെത്തി.
പൊതുസമൂഹത്തിൽനിന്ന് എതിർപ്പുതുടരുമ്പോഴും ജമാഅത്തെ കൂട്ടുകെട്ടുമായി മുന്നോട്ടുപോകാനാണ് കോൺഗ്രസ് നീക്കം. മതനിരപേക്ഷ സദസുകൾ സൃഷ്ടിച്ച് ഇതിനെ ചെറുക്കാനാണ് എൽഡിഎഫ് തീരുമാനം. 16ന് 50 കേന്ദ്രങ്ങളിൽ മതനിരപേക്ഷ കുടുംബ സദസ്സുകൾ സംഘടിപ്പിക്കും. സംസ്ഥാന നേതാക്കൾ പേരിന് വന്നുപോകുന്നതൊഴിച്ചാൽ ബിജെപി ക്യാമ്പിൽ കാര്യമായ പ്രചാരണ പ്രവർത്തനങ്ങളില്ല.
മുഖ്യമന്ത്രി നിലമ്പൂരിൽ
മുഖ്യമന്ത്രി പിണറായി വിജയൻ വെള്ളിയാഴ്‌ചമുതൽ നിലമ്പൂരിൽ എൽഡിഎഫ് പ്രചാരണയോഗങ്ങളിൽ സംസാരിക്കും. മൂന്നുദിവസങ്ങളിലായി ഏഴ് റാലികളിൽ പങ്കെടുക്കും.
വെള്ളി വൈകിട്ട് നാലിന് ചുങ്കത്തറയിലാണ് ആദ്യ യോഗം. അഞ്ചിന് മൂത്തേടത്തും പ്രസംഗിക്കും. ശനി വൈകിട്ട് നാലിന് വഴിക്കടവിലും അഞ്ചിന് എടക്കരയിലും എൽഡിഎഫ് പഞ്ചായത്ത് റാലികളിൽ മുഖ്യമന്ത്രി സംസാരിക്കും. ഞായറാഴ്‌ച പോത്തുകല്ല്, കരുളായി, അമരമ്പലം എന്നിവിടങ്ങളിലാണ് പൊതുയോഗം.









0 comments