print edition ഉയർത്തിയത് വസ്‌തുതയുള്ള രാഷ്‌ട്രീയ വിമർശം : എം ബി രാജേഷ്

തിരുവനന്തപുരം
തൊഴിലുറപ്പ് അട്ടിമറിച്ച് ഗാന്ധിജിയുടെ പേര് വെട്ടി വിബിജി ആർഎഎംജി നിയമം പാസാക്കിയ നരേന്ദ്രമോദിക്കൊപ്പം പ്രിയങ്കാഗാന്ധി ചായകുടിക്കാൻ പോയിയെന്ന് പറഞ്ഞതാണോ അതോ ചായകുടിച്ചതാണോ വില കുറഞ്ഞ നടപടിയെന്നത് ജനം തീരുമാനിക്കട്ടെയെന്ന് മന്ത്രി എം ബി രാജേഷ്. നിയമസഭയിൽ നടത്തിയ പരാമർശം വിലകുറഞ്ഞതാണെന്ന പ്രതിപക്ഷനേതാവിന്റെ ആക്ഷേപത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ബില്ലിനെ എതിർത്തവർ അത് പാസാക്കിയ ഉടനെ നിയമമാക്കിയവർക്കൊപ്പം ചായകുടിച്ച് ആഘോഷിക്കുന്നത് ആർക്കെങ്കിലും സങ്കൽപ്പിക്കാനാകുമോയെന്നും മന്ത്രി ചോദിച്ചു. പദ്ധതി അട്ടിമറിക്കുന്നതിന് കോൺഗ്രസ് ഒപ്പമായിരുന്നുവെന്നാണ് ഇതിൽനിന്ന് വ്യക്തമാകുന്നത്. അനുരാഗ് താക്കൂറും രാഹുൽഗാന്ധിയും ഞാനുമൊക്കെ ഒരേസമയം ലോക്‌സഭാ അംഗങ്ങളായിരുന്നു.
ഒന്നിച്ചുള്ള ചിത്രങ്ങളൊക്കെയുണ്ടാകാം. രാഷ്‌ട്രീയമായ അഭിപ്രായഭിന്നതയുള്ളതുകൊണ്ട് വ്യക്തിപരമായ അഭിപ്രായവ്യത്യാസം വച്ചുപുലർത്തേണ്ടതുണ്ടോ. ഗോൾവാൾക്കറുടെ മുന്പിൽ പോയി നിലവിളക്ക് കൊളുത്തി വണങ്ങുന്ന പ്രതിപക്ഷനേതാവിന്റെ ചിത്രം പോലെയൊന്നാണോ വി ഡി സതീശൻ പറയുന്നത്. വസ്‌തുതകളുടെ അടിസ്ഥാനത്തിലുള്ള രാഷ്‌ട്രീയ വിമർശമാണ് സഭയിൽ ഉന്നയിച്ചത്. സഭയിൽ മിണ്ടാതെ പുറത്തിറങ്ങി വ്യക്ത്യധിഷ്‌ഠിത പരാമർശം നടത്തുന്നതാണ് വിലകുറഞ്ഞ നടപടി. പ്രതിപക്ഷം രാഷ്‌ട്രീയമായി പ്രതിരോധത്തിലാണ്. വസ്‌തുത പുറത്തുവരുമെന്ന ഭയംകൊണ്ടാണ് ചർച്ചയ്‌ക്ക് മടിക്കുന്നത്. പാർലമെന്ററി മര്യാദകളെക്കുറിച്ച് ക്ലാസെടുക്കുന്ന വി ഡി സതീശൻ അത് ലംഘിച്ചെന്ന് എല്ലാവരെയും ആക്ഷേപിക്കുകയാണ്. പ്രതിപക്ഷ നേതാവിന്റെ തിരക്കഥയാണ് പ്രതിപക്ഷാംഗങ്ങൾ അവതരിപ്പിക്കുന്നത്. ഇതുകണ്ട് ചിരിച്ച് രസിച്ചിരിക്കുകയാണ് നിയമസഭയിൽ അദ്ദേഹം. ഒന്നു പറഞ്ഞ് നേർ വിപരീതമായി പ്രവർത്തിക്കുന്ന സിദ്ധിവിശേഷമുള്ളയാളാണ് അദ്ദേഹമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.










0 comments