എൽപിഎസ്‌ടി റാങ്ക് ഹോൾഡേഴ്‌സ്; സർക്കാരിന്റെ കൈയിൽ കണക്കുണ്ടെങ്കിൽ വെളിപ്പെടുത്തണം

ഓൾ കേരള എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സിന്റെ സമരപ്പന്തലിൽ നിരാഹാരമിരിക്കുന്ന വളർമതിക്കരികിൽ മുദ്രാവാക്യം വിളിക്കുന്ന ഉദ്യോഗാർഥികൾ
തിരുവനന്തപുരം: "സർക്കാരിന്റെ കൈയിൽ ഒരു കണക്കുമില്ല, ഉണ്ടെങ്കിൽ വെളിപ്പെടുത്തണം. കബളിപ്പിച്ചവരെ ഇനി കണ്ണടച്ച് വിശ്വസിക്കില്ല' എന്ന പ്രഖ്യാപനവുമായി എൽപിഎസ്‌ടി റാങ്ക് ഹോൾഡേഴ്‌സ് സമരസമിതി സെക്രട്ടറി എസ് വളർമതി. ഡിവിഷൻ കുറവ് കാരണം എത്ര അധ്യാപകർ പുറത്തുനിൽക്കുന്നു, വിരമിക്കൽ, എച്ച്‌ടിവി തസ്‌തിക എത്ര എന്നതിനൊക്കെ സർക്കാരിന്റെ കൈയിൽ കണക്കുണ്ടെങ്കിൽ കാണിക്കട്ടെ. ഞങ്ങളുടെ കൈയിൽ ഏകദേശ കണക്കുണ്ട്. നിയമസഭയിലുയർന്ന ചോദ്യങ്ങളിൽ വ്യക്തമായ കണക്ക് അവതരിപ്പിക്കാൻ വിദ്യാഭ്യാസ മന്ത്രിക്കായില്ല. ഡാറ്റ ശേഖരിക്കുന്നുവെന്നാണ് പറഞ്ഞത്. അങ്ങനെയെങ്കിൽ 45 ദിവസം സമയം ആവശ്യപ്പെട്ട് നിങ്ങളെന്താണ് പഠിച്ചത്.
എച്ച്‌ടിവി തസ്‌തിക ഉദ്യോഗാർഥികൾക്ക് എത്രമാത്രം ഗുണകരമാകും, ഒഴിവെത്ര, എത്രപേർക്ക് ജോലികിട്ടും, അധ്യാപക– വിദ്യാർഥി അനുപാതം കുറയ്‌ക്കുന്പോൾ സാന്പത്തിക ബാധ്യതയെത്ര, അധിക തസ്‌തികകളെത്ര വേണ്ടിവരും എന്നതിന് ഞങ്ങളുടെ ആവശ്യങ്ങൾ പഠിച്ചിരുന്നെങ്കിൽ മന്ത്രിക്ക് പറയാനാകുമായിരുന്നു. അനുപാതം കുറയ്‌ക്കാതെ ഒരാളെപ്പോലും റാങ്ക്‌ലിസ്‌റ്റിൽനിന്ന് നിയമിക്കാനാകില്ലെന്ന് വ്യക്തമാണ്.
എയ്‌ഡഡ് മേഖലയിൽ മുൻകാല പ്രാബല്യത്തോടെ എങ്ങനെയാണ് നിയമന ശുപാർശ നൽകിയതെന്നതിനും മറുപടി പറയണം. ആ സർക്കുലർ മരവിപ്പിക്കണം. റാങ്ക് ലിസ്‌റ്റിലെ ഉദ്യോഗാർഥികൾക്ക് ആദ്യം നിയമനം നൽകണം. ശാരീരിക പരിമിതികളുള്ള ഒരു സ്‌ത്രീയെ 13 ദിവസം നിരാഹാരം കിടത്തിയശേഷം അനുഭാവപൂർവം പരിഗണിക്കാമെന്ന് പറഞ്ഞാണ് സർക്കാർ വഞ്ചിച്ചത്. ഒരു വിട്ടുവീഴ്‌ചയ്‌ക്കും തയ്യാറല്ല. ഇനി ചർച്ചയല്ല തീരുമാനമാണുണ്ടാകേണ്ടത്. ജോലി ഞങ്ങളുടെ അവകാശമാണ്, ഒൗദാര്യമല്ല– വളർമതി മാധ്യമങ്ങളോട് പറഞ്ഞു.









0 comments