സിലിണ്ടർ വാഗ്‌ദാനം ചെയ്‌ത് പണം തട്ടുന്ന സംഘങ്ങൾ രംഗത്ത്; ജാഗ്രതാനിർദേശം


ശ്രീരാജ് ഓണക്കൂർ [email protected]
Published on Mar 13, 2026, 08:58 AM | 1 min read
കൊച്ചി: എൽപിജി ക്ഷാമം മുതലെടുക്കാൻ സൈബർ തട്ടിപ്പുകാരും. ഗ്യാസ് ബുക്കിങ്ങിന് ഓഫറുകർ നിരത്തിയാണ് സമൂഹമാധ്യമങ്ങളിൽ ഇവരുടെ പ്രചാരണം. ഇത്തരം തട്ടിപ്പുകാർക്കെതിരെ ജാഗ്രതപുലർത്തണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകുന്നു. ഹൈദരാബാദിൽ ഇത്തരം തട്ടിപ്പുകൾ നടന്നതായി വാർത്തകൾ പുറത്തുവന്നു.
എൽപിജി ഉപയോക്താക്കൾ കൂടുതലുള്ള കേരളം അടക്കമുള്ള സംസ്ഥാനങ്ങളെയും സൈബർ തട്ടിപ്പുകാർ ലക്ഷ്യമിടുന്നുണ്ട്. ഫേസ്‌ബുക്ക്, ഇൻസ്‌റ്റഗ്രാം അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ വ്യാജ പോസ്‌റ്റുകൾ നൽകി തട്ടിപ്പ് ആരംഭിച്ചിട്ടുണ്ട്. ‘ഇമ്മീഡിയറ്റ് ഗ്യാസ് സിലിണ്ടർ ഡെലിവറി’ ‘എമർജൻസി എക്‌സ്ട്രാ സിലിണ്ടർ സപ്ലൈ’ എന്നീ തലക്കെട്ടുകളോടെയാണ് സമൂഹമാധ്യമങ്ങളിൽ തട്ടിപ്പുകാരുടെ രംഗപ്രവേശം. വാട്‌സാപ്, എസ്‌എംഎസ് വഴിയും സന്ദേശങ്ങൾ എത്തുന്നുണ്ട്. ബുക്ക് ചെയ്‌ത് മുൻകൂർ പണമടച്ചാൽ ഉടൻ സിലിണ്ടർ വീട്ടിലെത്തിക്കുമെന്നാണ് പ്രചരിക്കുന്ന സന്ദേശങ്ങളിലൊന്ന്. അതിവേഗം എക്‌സ്‌ട്രാ സിലിണ്ടർ നൽകാമെന്നും വാഗ്‌ദാനവുമുണ്ട്.
താൽപ്പര്യമുണ്ടെന്ന് വാട്‌സാപ്പിൽ മറുപടി നൽകിയാൽ പിന്നെ പണം അടയ്‌ക്കാനുള്ള ലിങ്ക് അയച്ചുതരും. ഇതിൽ ക്ലിക്ക് ചെയ്‌താൽ തട്ടിപ്പുകാരന്റെ എപികെ ഫയൽ നിങ്ങളുടെ -ഫോണിൽ ഇൻസ്‌റ്റാളാകും. ഇതിലൂടെ നിങ്ങളുടെ -ഫോണിന്റെ നിയന്ത്രണം തട്ടിപ്പുകാരന്റെ കൈയിലാകും. എസ്‌എംഎസ് വഴിയും ഇത്തരം അജ്‌ഞാത ലിങ്കുകൾ നൽകിയാണ് തട്ടിപ്പ്. പണമടച്ചാൽ പിന്നെ തട്ടിപ്പുകാർ മുങ്ങും.
ഗ്യാസ് കന്പനികളുടെയോ അംഗീകൃത ഏജൻസികളുടെയോ ഒൗദ്യോഗിക വെബ്‌സൈറ്റുകളിലൂടെ മാത്രമെ ബുക്കിങ് നടത്താവൂവെന്ന് പൊലീസ് മുന്നറിയിപ്പ് നൽകുന്നു. ഒരുകാരണവശാലും ഒടിപിയോ യുപിഐ ഐഡിയോ ബാങ്ക് അക്കൗണ്ട് വിവരങ്ങളോ ഇത്തരം അജ്‌ഞാതസന്ദേശങ്ങൾക്ക് മറുപടിയായി നൽകരുതെന്നും പൊലീസ് അറിയിച്ചു.










0 comments