ദുർബല വിഭാഗങ്ങളെ കാര്യമായി ബാധിക്കും, എൽപിജി വിലവർധനവ് ഉടൻ പിൻവലിക്കണം: വി ശിവദാസൻ എംപി

വി ശിവദാസൻ എംപി
തിരുവനന്തപുരം : എൽപിജി വിലവർധനവ് ഉടൻ പിൻവലിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട് ഡോ. വി ശിവദാസൻ എംപി. കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രി ഹർദീപ് സിംഗ് പുരിയ്ക്ക് നൽകിയ കത്തിലാണ് എൽപിജി വിലവർധനവിനെക്കുറിച്ചുള്ള ആശങ്ക രേഖപ്പെടുത്തിയത്.
എൽപിജി സിലിണ്ടർ വിലയിലെ കുത്തനെയുള്ള വർധന സാധാരണക്കാരെയും ചെറുകിട കച്ചവടക്കാരെയും ബാധിക്കുമെന്ന് ശിവദാസൻ എംപി കത്തിൽ ചൂണ്ടിക്കാട്ടി. വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ ഏകദേശം 1000 രൂപ വർധിച്ചതിൽ കടുത്ത ആശങ്കയുണ്ടെന്നും ഈ കുത്തനെയുള്ള വർധനവ് ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് കനത്ത ഭാരമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
വിലവർധന വലിയ തോതിലുള്ള അടച്ചുപൂട്ടലിനും തൊഴിൽ നഷ്ടത്തിനും ഇടയാക്കും. 5 കിലോ സബ്‌സിഡിയില്ലാത്ത എൽപിജി സിലിണ്ടറുകളുടെ 261 രൂപയുടെ വർധനയും ജനദ്രോഹമാണ്. കുടിയേറ്റ തൊഴിലാളികളും ചെറുകിടക്കാരും ഉൾപ്പെടെയുള്ള സാമ്പത്തികമായി ദുർബലരായ വിഭാഗങ്ങളാണ് ഇവ പ്രധാനമായും ഉപയോഗിക്കുന്നത്. ഈ വർധന ഈ ദുർബല വിഭാഗങ്ങളെ കാര്യമായി ബാധിക്കും. അവരുടെ സാമ്പത്തിക ബുദ്ധിമുട്ട് കൂടുതൽ വഷളാക്കുകയും ചെയ്യും. അവശ്യസാധനങ്ങളുടെ വില ഇപ്പോൾത്തന്നെ ഉയരുന്ന സമയത്താണ് എൽപിജി വിലക്കയറ്റം വരുന്നത്. ഇത് ഗാർഹിക ബജറ്റുകളിൽ കൂടുതൽ സമ്മർദ്ദം ചെലുത്തുന്നു. വർദ്ധിച്ചുവരുന്ന ജീവിതച്ചെലവ് കാരണം നിരവധി കുടിയേറ്റ തൊഴിലാളികൾ അവരുടെ ജന്മസ്ഥലങ്ങളിലേക്ക് മടങ്ങുകയാണ്. രണ്ട് മാസത്തിനുള്ളിൽ വാണിജ്യ എൽപിജി വിലയിലെ രണ്ടാമത്തെ ഗണ്യമായ വർധനവാണിത്, വി.ശിവദാസൻ പറഞ്ഞു.
സാധാരണക്കാരുടെ താൽപ്പര്യം കണക്കിലെടുത്ത്, അടിക്കടിയുള്ള എൽപിജി വില വർദ്ധന സർക്കാർ ഉടൻ പിൻവലിക്കുകയും സമൂഹത്തിലെ ദുർബല വിഭാഗങ്ങളെ സംരക്ഷിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും വേണമെന്നും ഡോ. വി ശിവദാസൻ കൂട്ടിച്ചേർത്തു.










0 comments