print edition ഹോട്ടലുകാർ ചോദിക്കുന്നു വില കൂട്ടാതെങ്ങനെ

കൊച്ചി: പാചകവാതക വിലവർധനയുടെ അമിതഭാരം താങ്ങാനാകാതെ ചെറുകിട തട്ടുകടക്കാർ മുതൽ ഹോട്ടലുടമകൾ വരെ ദുരിതത്തിൽ. ചായക്കും മറ്റ് വിഭവങ്ങൾക്കും വില വർധിപ്പിക്കാതെ മുന്നോട്ടുപോകാനാകാത്ത അവസ്ഥയിലാണ്. 19 കിലോ വാണിജ്യ സിലിണ്ടറിന് ഏറ്റവുമൊടുവിൽ കേന്ദ്രസർക്കാർ 993 രൂപയാണ് ഒറ്റയടിക്ക് വർധിപ്പിച്ചത്. ഇൗവർഷത്തെ ആദ്യനാല് മാസം ആകെ വർധിപ്പിച്ചത് 1490 രൂപ. വാണിജ്യ സിലിണ്ടറിന്റെ കൊച്ചിയിലെ ഇപ്പോഴത്തെ വില 3090 രൂപയാണ്.
വിലക്കയറ്റത്തിന്റെ അധികഭാരം താങ്ങാനാകാതെ 30 ശതമാനമെങ്കിലും വിലവർധിപ്പിക്കാനുള്ള തീരുമാനത്തിലാണ് കാറ്ററിങ് സ്ഥാപനങ്ങൾ. മുൻകൂറായി വലിയ ഓർഡറെടുക്കുന്ന കാറ്ററിങ് സ്ഥാപനങ്ങൾ നഷ്ടത്തിലാണ് പ്രവർത്തിക്കുന്നത്. സിലിണ്ടറിന് നിലവിലുണ്ടായിരുന്ന വിലയുടെ 50 ശതമാനംകൂടി വർധിച്ച സാഹചര്യത്തിൽ വ്യവസായംതന്നെ അവസാനിപ്പിച്ചവരുമേറെ.
വില പരിഷ്‌കരിച്ച് നിലനിൽക്കാനുള്ള ശ്രമത്തിലാണ് പലരും. 10 രൂപയുണ്ടായിരുന്ന ചായയ്ക്ക് നഗരത്തിലെ ഹോട്ടലുകളിൽ 13 മുതൽ 15 രൂപവരെയാണിപ്പോൾ. ഉൗണിനും ബിരിയാണിക്കും 10 മുതൽ 20 രൂപവരെ വർധിപ്പിച്ചു. കറികൾക്കും 10–15 രൂപ വർധനയുണ്ട്.
പെട്രോളിനും ഡീസലിനും വില വർധിക്കുമെന്ന ആശങ്കയിൽ അവശ്യസാധനങ്ങളുടെ വില വർധിച്ചത് പ്രതിസന്ധി കൂട്ടി. ഇറച്ചിക്കും മീനിനുമൊക്കെ വിലയുയർന്നു. പലരും വിറകടുപ്പിലേക്ക് മാറിയെങ്കിലും വലിയ ആദായമില്ല. ആവശ്യക്കാർ കൂടിയപ്പോൾ വിറകിനും വില ഉയർന്നു.









0 comments