ഇനി അടുപ്പ് പുകയില്ല; 'ജീ വാക്കുപാലിച്ചു', ട്രോളായി എല്‍പിജി പരസ്യം

സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്ന എൽപിജി യുടെ പരസ്യം
തിരുവനന്തപുരം: വാക്ക് നൽകിയാൽ പാലിക്കുന്നവർ ആയിരിക്കണം യഥാർഥ രാഷ്ട്രീയ നേതാക്കൾ. അത്തരത്തിൽ വാക്ക് പാലിക്കുന്ന നേതാവാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നാണ് ഇപ്പോൾ സോഷ്യൽമീഡിയയുടെ നിരീക്ഷണം! 'ഇനി അടുപ്പ് പുകയില്ല' എന്ന പരസ്യമാണ് ഈ നിരീക്ഷണത്തിന് അടിസ്ഥാനം. പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് രാജ്യം കടുത്ത എൽപിജി ക്ഷാമത്തിലേയ്ക്ക് നീങ്ങിയതിന് പിന്നാലെയാണ് മോദിയുടെ പരസ്യം വീണ്ടും ചർച്ചയ്ക്ക് വഴിവെച്ചത്.
അന്താരാഷ്ട്ര ഉൗർജ ഏജൻസി (ഐഇഎ) നിർദേശിച്ചിട്ടുളള 90 ദിവസത്തെ ക്രൂഡോയിൽ കരുതൽ ശേഖരം ഉറപ്പാക്കുന്നതിൽ സർക്കാരിന് സംഭവിച്ച ഗുരുതര വീഴ്‌ചയാണ് രാജ്യത്തെ എൽപിജി പ്രതിസന്ധി ഘട്ടത്തിലേയ്ക്ക് നയിച്ചത്. അമേരിക്കൻ നിർദേശപ്രകാരം റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തിയതും പ്രതിസന്ധി രൂക്ഷമാക്കി. ഇതോടെ പരസ്യം മോദിക്ക് തന്നെ തിരിച്ചടിയായി.
ജീ പറയുന്നതേ ചെയ്യൂ, ചെയ്യുന്നതേ പറയൂ എന്ന പരിഹാസങ്ങൾ ഉയർന്നു കഴിഞ്ഞു. പറഞ്ഞ വാക്ക് പാലിക്കുന്ന പ്രധാനമന്ത്രി നമ്മുടെ രാജ്യത്തിന് അഭിമാനം എന്ന തലത്തിലും ട്രോളുകൾ നിറയുന്നുണ്ട്. ഇനി അടുപ്പ് പുകയില്ല എന്ന് പറഞ്ഞതിന്റെ അർത്ഥം ഇപ്പോഴാണ് അർത്ഥവത്തായതെന്നും ചിലർ പ്രതികരിച്ചു. പാചക വാതക പ്രതിസന്ധി കൂടിയതോടെ കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിലെ ഹോട്ടലുകൾ അടച്ചു പൂട്ടി.
എൽപിജി ബുക്കിങ്ങിനായി ഗ്രാമീണ മേഖലയിൽ 45 ഉം, നഗര പ്രദേശങ്ങളില്‍ 25 ഉം ദിവസത്തെ ഇടവേള ഏർപ്പെടുത്തിയത് പൊതുജനങ്ങൾക്ക് മേലുള്ള മറ്റൊരു പ്രഹരം കൂടിയാണ്. പലയിടങ്ങളിലും നീണ്ട നീണ്ട വരിയാണ് കാണപ്പെടുന്നത്. പഞ്ചാബിൽ പാചക വാതകത്തിനായി വരി നിന്ന മധ്യവയസ്കൻ കുഴഞ്ഞു വീണു മരിച്ചു. പാചക വാതകത്തിന്റെ ലഭ്യത കുറഞ്ഞതോടെ പരിഭ്രാന്തരായ പൊതുജനം കൂട്ടത്തോടെയാണ് ബുക്കിങ്ങിനായി എത്തുന്നത്.
ഹോട്ടലുകൾ പൂട്ടുന്നതോടൊപ്പം മറ്റ് മേഖലകളെ കൂടി എൽപിജി ക്ഷാമം തകർത്തെറിയും. ആശുപത്രികളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ബാധിക്കുന്നതോടെ രാജ്യം ഗുരുതര സാഹചര്യത്തിലേയ്ക്ക് വഴുതി വീഴും. പല സംസ്ഥാനങ്ങളിലും സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയെ എൽപിജി ക്ഷാമം ബാധിച്ചു കഴിഞ്ഞു.
തൊഴിൽമേഖലയും ജീവിതംപോലും സ്‌തംഭിക്കുന്ന നിലയിലേക്ക് ആണ് രാജ്യം നീങ്ങുന്നത്. ഗൾഫ് രാജ്യങ്ങളിൽനിന്ന് എൽപിജിയുമായുള്ള കപ്പലുകൾക്ക് ഹോർമുസ് കടലിടുക്ക് താണ്ടാൻ കഴിയാത്തതാണ് പ്രതിസന്ധി സൃഷ്‌ടിച്ചത്. ഇതിനോടകം കരിഞ്ചന്ത വിൽപ്പനകളും തകൃതിയായി നടക്കുകയാണ്.










0 comments