ad
Deshabhimani

print edition വിദ്യാർഥികൾ കുറവ്‌: 692 ഹയർസെക്കൻഡറി 
ബാച്ചുകൾ പ്രതിസന്ധിയിൽ

Class Room
വെബ് ഡെസ്ക്

Published on Aug 04, 2026, 01:31 AM | 1 min read

കൊട്ടാരക്കര: ബാച്ച് നിലനിർത്താൻ ആവശ്യത്തിന്‌ വിദ്യാർഥികളില്ലാത്തതിനാൽ സംസ്ഥാനത്തെ 692 ഹയർസെക്കൻഡറി ബാച്ചുകൾ വൻ പ്രതിസന്ധിയിലേക്ക്‌. ഒരു ബാച്ചിൽ കുറഞ്ഞത് 25 വിദ്യാർഥികളെങ്കിലും വേണമെന്നിരിക്കെ എണ്ണം തികയ്ക്കാൻ സ്‌കൂളുകൾ തമ്മിൽ കടുത്ത മത്സരത്തിലാണ്‌. സംസ്ഥാനത്തെ 85 വിഎച്ച്എസ്‌--സി ബാച്ചുകളും ഇതേ പ്രതിസന്ധി നേരിടുന്നു.


പുതിയ അധ്യയന വർഷം സംസ്ഥാനത്ത് 120 പുതിയ ഹയർസെക്കൻഡറി ബാച്ചുകൾ സർക്കാർ അനുവദിച്ചിരുന്നു. എന്നാൽ, ശാസ്ത്രീയ പഠനം നടത്താതെയുള്ള തീരുമാനമാണെന്ന്‌ അക്ഷേപമുയർന്നു. വിദ്യാർഥികൾ തീരെ കുറവുള്ള ബാച്ചുകൾ ആവശ്യകതയുള്ള സ്കൂളുകളിലേക്ക് പുനഃക്രമീകരിക്കാനുള്ള സാധ്യതയുണ്ടായിരുന്നു. എന്നാൽ, ഭൂരിഭാഗവും എയ്ഡഡ് സ്‌കൂളുകളിൽ അധിക ബാച്ചുകളായി അനുവദിച്ചതാണ് നിലവിലെ പ്രതിസന്ധി രൂക്ഷമാക്കിയതെന്ന്‌ വിദഗ്ധർ പറയുന്നു.


നിലവിൽ 40,917 ഹയർ സെക്കൻഡറി സീറ്റുകളും 6255 വിഎച്ച്എസ്‌--സി സീറ്റുകളും ഒഴിഞ്ഞുകിടക്കുകയാണ്. തത്സമയ പ്രവേശനവും മാനേജ്മെന്റ്‌ ക്വാട്ട പ്രവേശനവും പൂർത്തിയാകുമ്പോൾ ഈ കണക്കുകളിൽ മാറ്റംവന്നേക്കാം. വിദ്യാർഥികൾ കുറയുന്നതോടെ ആയിരത്തിലധികം അധ്യാപകർക്ക് തൊഴിൽ നഷ്ടപ്പെടുമെന്നുള്ള ആശങ്കയും ശക്തമാണ്. 50 വിദ്യാർഥികൾക്ക്‌ ഒരു ബാച്ചെന്നതാണ്‌ നിലവിലെ കണക്ക്‌. ചിലഘട്ടങ്ങളിൽ 60 വരെ ഉയർന്നേക്കാം. ഇ‍ൗ സാഹചര്യത്തിൽ അധ്യാപകരുടെ തൊഴിലും ബാച്ചും സംരക്ഷിക്കാൻ പരമാവധി വിദ്യാർഥികളുടെ എണ്ണം 45 ആക്കണമെന്നാണ ആവശ്യം ഉയരുന്നത്‌.


അതേസമയം മുൻവർഷത്തെ അപേക്ഷിച്ച്‌ കൂടുതൽ വിദ്യാർഥികൾ വിഎച്ച്എസ്‌--സി കോഴ്സുകൾ തേടിയെത്തുന്നതായാണ്‌ കണക്ക്‌. നൂതന തൊഴിൽ നൈപുണി കോഴ്‌സുകളും ഹയർസെക്കൻഡറി സർട്ടിഫിക്കറ്റിനൊപ്പം തൊഴിൽ നൈപുണി സർട്ടിഫിക്കറ്റും ഉൾപ്പെടെ വിഎച്ച്എസ്‌--സി കോഴ്‌സുകളിലേക്ക് വിദ്യാർഥികളെ ആകർഷിക്കുന്നതിന്‌ കാരണമായി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home