ലോട്ടറി ടിക്കറ്റ് ഇരട്ടിപ്പ്: പിഴവ് ചൂണ്ടിക്കാണിച്ച ഏജൻസി ലൈസൻസ് സസ്പെൻഡ് ചെയ്തു; വിചിത്ര നടപടി

കൊല്ലം: സ്ത്രീശക്തി ലോട്ടറി ടിക്കറ്റ് ഇരട്ടിച്ചതിലെ പിഴവ് ചൂണ്ടിക്കാണിച്ച ഏജൻസികളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. സംസ്ഥാന ലോട്ടറി ഡയറക്ടറുടേതാണ് വിചിത്ര നടപടി. തങ്ങളുടെ പിഴവ് മറയ്ക്കാൻ, പൊതുമധ്യത്തിൽ അവമതിപ്പുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് കുണ്ടറ ചെറുമൂട് പ്രവർത്തിക്കുന്ന അഖി ലോട്ടറി ഏജൻസിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്തത്.
കൊല്ലത്ത് തൊട്ടടുത്ത ദിവസങ്ങളിൽ രണ്ടുസ്ഥലത്തായാണ് ഒരേ നമ്പരിൽ ഒന്നിലധികം ലോട്ടറികൾ വിൽപ്പനയ്ക്കെത്തിയത്. തിങ്കളാഴ്ച സ്ത്രീശക്തിയുടെ ഒരേ സീരീസിലും നമ്പരിലുമുള്ള രണ്ടു ടിക്കറ്റ് ലഭിച്ചതിനുപിന്നാലെ ചൊവ്വാഴ്ച കണ്ണനല്ലൂർ ഡീസന്റ് ജങ്‌ഷനിലെ മീനാക്ഷി ലക്കിസെന്ററിൽ വിൽപ്പനയ്ക്കെത്തിച്ച സ്ത്രീശക്തി ലോട്ടറിയിലും ഒരേ സീരീസിൽ ഒരേ നമ്പരിൽ രണ്ടു ലോട്ടറി കണ്ടെത്തി. ചൊവ്വാഴ്ച എസ്‌സി 819746 എന്ന നമ്പരിലാണ് രണ്ടുടിക്കറ്റ് മീനാക്ഷി ലക്കിസെന്റർ ഉടമ ഹരീഷിന് ലഭിച്ചത്.
കുണ്ടറ ചെറുമൂട് അഖി ലോട്ടറീസ് ഉടമ സന്തോഷിനാണ് തിങ്കളാഴ്ച ഒരേ നമ്പരിൽ ടിക്കറ്റ് ലഭിച്ചത്. ജില്ലാ ലോട്ടറി ഓഫീസിൽനിന്ന് എജന്റിന് നൽകിയ ടിക്കറ്റുകളായിരുന്നു. എസ് സി 817746 എന്ന നമ്പരിലെ ടിക്കറ്റുകളാണ് ആവർത്തിച്ചത്. വ്യാപാരത്തിനായി ലോട്ടറികൾ അടുക്കുമ്പോഴാണ് ക്രമക്കേട് കണ്ടെത്തിയത്.








0 comments