ആർഎസ്എസുകാരനെതിരെ കവർച്ചക്കേസിൽ ലുക്കൗട്ട് നോട്ടീസ്

അമ്പലവയൽ: സിപിഐ എം പള്ളൂർ ലോക്കൽ കമ്മിറ്റി അംഗത്തെ കൊലപ്പെടുത്തിയ കണ്ണൂരിലെ ആർഎസ്‌എസ് പ്രവർത്തകനായി അമ്പലവയൽ പൊലീസിന്റെ ലുക്കൗട്ട് നോട്ടീസ്. പാനൂർ സ്വദേശി ശ്യാംജിത്തിന്റെ പേരിലാണ് കവർച്ച കേസിൽ ഉൾപ്പെട്ട ശേഷം ഒളിവിൽ പോയതിന് ലുക്കൗട്ട് നോട്ടീസ് ഇറക്കിയത്.
ഫെബ്രുവരി നാലിന് രാത്രി 7.30ന് അമ്പലവയൽ സ്‌റ്റേഷൻ അതിർത്തിയിലെ നെന്മേനി അമ്മായിപാലത്ത് കാർ യാത്രക്കാരനായ കണ്ണൂർ കുഞ്ഞിമംഗലം സ്വദേശി പടിഞ്ഞാറേതിൽ സനീഷിൽ നിന്നും ഒന്നരക്കോടി തട്ടിയെടുത്ത കേസിലാണ് ശ്യാംജിത്ത് പ്രതിയായത്. രണ്ട് ഇന്നോവ കാറുകളിൽ എത്തിയ സംഘം അമ്മായിപാലത്ത് സനീഷ് സഞ്ചരിച്ച കാറിനെ പിന്തുടർന്ന ശേഷം തടഞ്ഞ് നിർത്തി സനീഷിനെ കാറിൽ നിന്നും ബലമായി പിടിച്ചിറക്കി മറ്റൊരു കാറിൽ കയറ്റി മർദിച്ച് ഉൂടുവഴികളിലൂടെ സഞ്ചരിച്ച ശേഷം രാത്രി വൈകി വാര്യാട്ട് ഇറക്കിവിട്ടു.
സനീഷ് സഞ്ചരിച്ച കാർ കൈക്കലാക്കിയ സംഘം രഹസ്യ അറയിൽ സൂക്ഷിച്ച പണം കവരുകയായിരുന്നു. അഞ്ചിന് രാവിലെയാണ് സനീഷ് അമ്പലവയൽ പൊലീസിൽ പരാതി നൽകിയത്. സംഭവത്തിൽ ഇതുവരെ കണ്ണൂർ സ്വദേശികളായ ഒമ്പത് പേർ പിടിയിലായിട്ടുണ്ട്. പ്രതികൾ എല്ലാവരും കൊലപാതകം, പിടിച്ചുപറി, മർദനം, തട്ടിക്കൊണ്ടുപോകൽ അടക്കമുള്ള വിവിധ കേസുകളിൽ ഉൾപ്പെട്ടവരാണ്. അറസ്റ്റിലായ പ്രതികളിൽ നിന്നുള്ള വിവര പ്രകാരമാണ് ശ്യാംജിത്താണ് കേസിലെ മുഖ്യപ്രതികളിൽ ഒരാളെന്ന് കണ്ടെത്തിയത്. കേസ് അന്വേഷണത്തിനിടെയാണ് ഇയാൾ ഒളിവിൽ പോയത്. തുടർന്നാണ് ലുക്കൗട്ട് നോട്ടീസ് ഇറക്കിയത്. സിപിഐ എം പള്ളൂർ ലോക്കൽ കമ്മിറ്റി അംഗവും മാഹി നഗരസഭ മുൻ കൗൺസിലറുമായ കണ്ണിപ്പൊയിൽ ബാബുവിനെ വീടിന് സമീപം പതിയിരുന്ന് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയാണ് ശ്യാംജിത്ത്.
ശ്യാംജിത്തിനായി അമ്പലവയൽ പൊലീസ് ഇറക്കിയ ലുക്കൗട്ട് നോട്ടീസ്









0 comments