വാർഡ് പ്രസിഡന്റിനെ ജയിലിലാക്കിയ സംഭവം ; കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റിനായി കർണാടകത്തിൽ തിരച്ചിൽ

കൽപ്പറ്റ
കോൺഗ്രസ് ഗ്രൂപ്പ് പോരിൽ വാർഡ് പ്രസിഡന്റിനെ കള്ളക്കേസിൽക്കുടുക്കി ജയിലിലാക്കിയ സംഭവത്തിൽ ഒളിവിലുള്ള മീനങ്ങാടി ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് അനീഷ് മാമ്പള്ളിക്കായി അന്വേഷകസംഘം തിരച്ചിൽ ഉൗർജിതമാക്കി. കർണാടകത്തിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. മഹാരാഷ്‌ട്രയിലേക്ക് കടന്നതായും പൊലീസ് സംശയിക്കുന്നു. വിമാനത്താവളങ്ങളിലുൾപ്പെടെ വിവരങ്ങൾ കൈമാറി.
ബത്തേരി ഡിവൈഎസ്‌പി കെ കെ അബ്ദുൾ ഷെരീഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. കൂടുതൽ പേരുടെ മൊഴി രേഖപ്പെടുത്തി. മുള്ളൻകൊല്ലി രണ്ടാം വാർഡ് കോൺഗ്രസ് പ്രസിഡന്റ് കാനാട്ടുമല തങ്കച്ചന്റെ വീട്ടിൽ സ്‌ഫോടകവസ്‌തുവും കർണാടകത്തിൽനിന്നുള്ള മദ്യവും കൊണ്ടിട്ട് പൊലീസിന് രഹസ്യവിവരം നൽകി അറസ്‌റ്റ് ചെയ്യിപ്പിച്ചതിൽ അനീഷ് മാമ്പള്ളിയാണ് മുഖ്യസൂത്രധാരൻ. അനീഷിനെ ചോദ്യംചെയ്താലേ സംഭവത്തിലെ ഗൂഢാലോചന വ്യക്തമാകുകയുള്ളൂവെന്ന് അന്വേഷകസംഘം പറഞ്ഞു. ഉന്നത കോൺഗ്രസ് നേതാക്കളുടെ സംരക്ഷണയിലാണ് അനീഷ് ഒളിവിൽ കഴിയുന്നതെന്നാണ് കോൺഗ്രസ് പ്രവർത്തകർതന്നെ പറയുന്നത്.









0 comments