ഉപലോകായുക്ത ; അശോക് മേനോനും വി ഷെർസിയും ചുമതലയേറ്റു

തിരുവനന്തപുരം : ഹൈക്കോടതി റിട്ട. ജഡ്ജിമാരായ വി ഷെർസിയും അശോക് മേനോനും ഉപലോകായുക്തമാരായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ലോകായുക്ത ജസ്റ്റിസ് എൻ അനിൽ കുമാർ സത്യവാചകം ചൊല്ലിക്കൊടുത്തു. അഡീഷണൽ ചീഫ് സെക്രട്ടറി കെ ആർ ജ്യോതിലാൽ വിജ്ഞാപനം വായിച്ചു.
1981ൽ തൃശൂർ, വടക്കാഞ്ചേരി എന്നിവിടങ്ങളിൽ അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ച അശോക് മേനോൻ 1988ലാണ് മുൻസിഫ് മജിസ്‌ട്രേട്ടായി ജുഡീഷ്യൽ സർവീസിൽ പ്രവേശിച്ചത്. ജില്ലാ ജഡ്‌ജി, സുപ്രീംകോടതി രജിസ്‌ട്രാർ എന്നീ ചുമതലകളും വഹിച്ചു. 2017 ൽ ഹൈക്കോടതിയിൽ അഡീഷണൽ ജഡ്‌ജിയായും 2019 ആഗസ്‌തിൽ ജഡ്‌ജിയായും നിയമിതനായി. 2021 ആഗസ്‌തിൽ ഹൈക്കോടതിയിൽനിന്ന് വിരമിച്ചു.
വി ഷെർസി 1984ൽ തൊടുപുഴയിൽ അഭിഭാഷകയായി പ്രാക്ടീസ് ആരംഭിച്ചു. 1984ൽ പത്തനംതിട്ടയിൽ മുൻസിഫായി. ജില്ലാ ജഡ്‌ജി, കോഴിക്കോട്, തൃശൂർ കുടുംബ കോടതി ജഡ്‌ജി, മഞ്ചേരിയിൽ പ്രിൻസിപ്പൽ ജില്ലാ ജഡ്‌ജി, ശ്രീപത്മനാഭ സ്വാമി ക്ഷേത്രം അഡ്‌മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ചെയർപേഴ്‌സൺ എന്നീ ചുമതലകളും വഹിച്ചു. ഹൈക്കോടതിയിൽ അഡീഷണൽ ജഡ്‌ജിയായും ജഡ്‌ജിയായും പ്രവർത്തിച്ചു. 2018 മാർച്ചിൽ വിരമിച്ചു.
മന്ത്രി പി രാജീവ്, ഹൈക്കോടതി മുൻ ജഡ്ജിമാരായ ജസ്റ്റിസ് എം ആർ ഹരിഹരൻ നായർ, ജസ്റ്റിസ് കെ പി ബാലചന്ദ്രൻ, ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്, മുഖ്യവിവരാവകാശ കമീഷണർ ഹരി നായർ, അഡീഷണൽ അഡ്വക്കറ്റ് ജനറൽ കെ പി ജയചന്ദ്രൻ, നിയമവകുപ്പ് സെക്രട്ടറി കെ ജി സനൽകുമാർ, നിയമസഭാ സെക്രട്ടറി ഡോ. എൻ കൃഷ്ണകുമാർ, പൊലീസ് കംപ്ലയിന്റ്‌സ് അതോറിറ്റി അംഗങ്ങളായ അരവിന്ദ ബാബു, സതീഷ് ചന്ദ്രൻ, ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻസ് ആൻഡ് സ്‌പെഷ്യൽ അറ്റോർണി ടു ലോകായുക്ത ടി എ ഷാജി തുടങ്ങിയവർ പങ്കെടുത്തു.










0 comments