ad
Deshabhimani

ഒഴിവുകൾ നികത്താതെ കേന്ദ്ര സർക്കാർ

ലോക്കോ പൈലറ്റുമാർക്ക്‌ അടിമപ്പണി ; ഡ്യൂട്ടി സമയം കൂട്ടാൻ നീക്കം

loco pilots work pressure
avatar
സുനീഷ്‌ ജോ

Published on Apr 25, 2025, 12:59 AM | 1 min read


തിരുവനന്തപുരം : ലോക്കോ പൈലറ്റുമാരുടെ ഒഴിവുനികത്താൻ തയ്യാറാകാത്ത കേന്ദ്രസർക്കാർ ജീവനക്കാരെ "അടിമപ്പണി'യിലേക്ക്‌ തള്ളുന്നു. ഇതിന്റെ ഭാഗമായി ലോക്കോ പൈലറ്റുമാരുടെ ഡ്യൂട്ടി സമയം കൂട്ടാൻ നീക്കം തുടങ്ങി. ദക്ഷിണ റെയിൽവേയിലെ വിവിധ ഡിവിഷനുകളിൽ നടപ്പാക്കിയ തൊഴിലാളിവിരുദ്ധ നടപടിയാണ്‌ മറ്റുസോണുകളിലേക്കും വ്യാപിപ്പിക്കാനൊരുങ്ങുന്നത്‌.


ആദ്യഘട്ടത്തിൽ ചരക്കു ട്രെയിനുകളിലെ ലോക്കോപൈലറ്റുമാരുടെ ജോലി സമയമാണ്‌ കൂട്ടുക. നിലവിൽ രണ്ടാഴ്‌ച 104 മണിക്കൂറാണ്‌ ഇവരുടെ ജോലി സമയം. ഇത്‌ 125 മണിക്കൂറുവരെ ഉയർത്താനാണ്‌ നീക്കം. എക്‌സ്‌പ്രസ്‌, മെയിൽ ട്രെയിനുകളിലെ ലോക്കോപൈലറ്റുമാരുടെ ജോലി സമയം അഞ്ചുമണിക്കൂറുവരെ കൂട്ടിയേക്കും. വിവിധ സോണുകളിലായി ഒഴിഞ്ഞുകിടക്കുന്ന 32924 തസ്‌തികകൾ നികത്താതെയാണ്‌ കേന്ദ്രസർക്കാർ ജീവനക്കാരെ പ്രയാസത്തിലാക്കുന്നത്‌.


ഹെഡ്‌ക്വാർട്ടേഴ്‌സ്‌ വിശ്രമം 16 മണിക്കൂറാണെങ്കിലും 14 മണിക്കൂർ കഴിയുന്നതിന്‌ മുമ്പുതന്നെ ജോലിക്ക്‌ ഹാജരാകണമെന്ന ഫോൺവിളി എത്തി തുടങ്ങിയതായി ജീവനക്കാർ പറഞ്ഞു. ഔട്ട്‌ സ്‌റ്റേഷൻ വിശ്രമം എട്ട്‌ മണിക്കൂറാണെങ്കിലും ആറുമണിക്കൂർ കഴിയുമ്പോഴേക്കും അടുത്ത ഡ്യൂട്ടിക്കുള്ള വിളി എത്തും. ആവശ്യത്തിന്‌ അവധിയും അനുവദിക്കുന്നില്ല. ഈ മാസം ആദ്യം മംഗളൂരുവിൽ ജോലി ചെയ്യുന്ന ഗുഡ്‌സ്‌ ട്രെയിനിലെ ലോക്കോ പൈലറ്റിന്‌ ഭാര്യയുടെ പ്രസവത്തിനും അവധി അനുവദിച്ചില്ല. ഡ്യൂട്ടി പൂർത്തിയാക്കി നിയമനാനുസൃതം അവധി അപേക്ഷ നൽകിയാണ്‌ അസി.ലോക്കോ പൈലറ്റ്‌ ചങ്ങനാശേരിയിലെ വീട്ടിലേക്ക്‌ പോയത്‌. ഇദ്ദേഹത്തിന്‌ ജോലിക്ക്‌ ഹാജരായില്ലെന്ന്‌ കാട്ടി നോട്ടീസ്‌നൽകി. ഇതിനെതിരെ ഓൾ ഇന്ത്യ ലോക്കോറണ്ണിങ്‌ സ്‌റ്റാഫ്‌ അസോസിയേഷൻ ദക്ഷിണറെയിൽവേ ജനറൽ മാനേജർക്ക്‌ കത്തി നൽകി. തുടർന്നാണ്‌ മൂന്ന്‌ ദിവസം അവധി അനുവദിച്ചത്‌.


list



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home