തദ്ദേശം: കോർപറേഷൻ, മുനിസിപ്പാലിറ്റി അധ്യക്ഷരെ ഇന്നറിയാം

തിരുവനന്തപുരം : സംസ്ഥാനത്തെ ആറ് കോർപറേഷനിലെയും 86 മുനിസിപ്പാലിറ്റിയിലെയും അധ്യക്ഷ, ഉപാധ്യക്ഷ തെരഞ്ഞെടുപ്പ് വെള്ളിയാഴ്‌ച നടക്കും. കൊച്ചി, തൃശൂർ, കണ്ണൂർ കോർപറേഷനുകളിൽ വനിതകളാവും മേയറാവുക. മുനിസിപ്പാലിറ്റികളിൽ 44 അധ്യക്ഷ സ്ഥാനങ്ങൾ വനിതകൾക്കും ആറ് എണ്ണം പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്കും ഒരെണ്ണം പട്ടികവർഗ വിഭാഗത്തിനുമാണ് സംവരണം ചെയ്തിരിക്കുന്നത്.
ചെയർപേഴ്സൺ, മേയർ തെരഞ്ഞെടുപ്പ് വെള്ളി രാവിലെ 10.30നും ഡെപ്യൂട്ടി ചെയർപേഴ്സൺ, ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പ് പകൽ 2.30നും നടത്തും. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് എന്നിവയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് 27ന് രാവിലെ 10.30നും വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് പകൽ 2.30നും നടക്കും.
ഒന്നിലധികം സ്ഥാനാർഥികളുണ്ടെങ്കിൽ വോട്ടെടുപ്പ് ഓപ്പൺ ബാലറ്റ് മുഖേന ആയിരിക്കും. രണ്ടു സ്ഥാനാർഥികൾക്ക് തുല്യവോട്ടാണെങ്കിൽ നറുക്കെടുപ്പ് നടത്തും. രണ്ടിലധികംപേർ മത്സരിക്കുമ്പോൾ, ഒരു സ്ഥാനാർഥിക്ക് മറ്റ് എല്ലാ സ്ഥാനാർഥികൾക്കുംകൂടി കിട്ടിയ ആകെ വോട്ടിനെക്കാൾ കൂടുതൽ ലഭിച്ചാൽ അയാൾ തെരഞ്ഞെടുക്കപ്പെടും. ഇത്തരത്തിൽ ലഭിക്കാതിരുന്നാൽ ഏറ്റവും കുറച്ച് വോട്ട് ലഭിച്ചയാളെ ഒഴിവാക്കി വീണ്ടും വോട്ടെടുക്കും. മൂന്നോ അതിലധികമോ സ്ഥാനാർഥികൾ ഉണ്ടായിരിക്കുകയും ഏറ്റവും കുറവ് വോട്ട് രണ്ടോ അതിലധികമോ പേർക്ക് തുല്യമായി ലഭിക്കുകയും ചെയ്താൽ നറുക്കെടുപ്പ് നടത്തും. നറുക്കുകിട്ടുന്നയാളെ ഒഴിവാക്കി തെരഞ്ഞെടുപ്പ് തുടരും.
ഏറെ തർക്കങ്ങൾക്കും നാടകീയതയ്ക്കും ഒടുവിലാണ് കോൺഗ്രസും ബിജെപിയും മേയർ സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. തലസ്ഥാനത്ത് ആർ ശ്രീലേഖ മേയറോ ഡെപ്യൂട്ടി മേയറോ ആയേക്കുമെന്ന പ്രചാരണം വ്യാപകമായിരുന്നു. എന്നാൽ വ്യാഴാഴ്ച പകൽ വരെ മാത്രമേ പ്രചാരണം നിലനിന്നുള്ളൂ. വൈകിട്ട് പത്ര സമ്മേളനത്തിൽ വി വി രാജേഷിനെ മേയർ സ്ഥാനാർഥിയായി പ്രഖ്യാപിക്കുകയായിരുന്നു. കൊച്ചിയിൽ ദിവസങ്ങളായി തുടരുന്ന വടംവലിക്കൊടുവിലാണ് ദീപ്തി മേരി വർഗീസിനെ വെട്ടി വി കെ മിനിമോളെ മേയർ സ്ഥാനാർഥിയാക്കുന്നത്. ടേം അടിസ്ഥാനത്തിലാണ് കൊച്ചിയിലെ മേയർ സ്ഥാനം. തൃശൂരിലും സമാന അന്തരീക്ഷമായിരുന്നു. നിജി ജസ്റ്റിനെ മേയറാക്കാൻ ഒരു വിഭാഗം ശ്രമിച്ചപ്പോൾ ലാലി ജെയിംസ്, സുബി ബാബു എന്നിവർക്കുവേണ്ടി മറുവിഭാഗവും രംഗത്തെത്തി.










0 comments