print edition ലീലാവതിയുടെ രചനാലോകം അടുത്തറിയാൻ സാഹിത്യോത്സവം

കൊച്ചി: ‘നിരൂപണം അബലകൾക്ക് ബാലികേറാമലയല്ല’. മലയാള സാഹിത്യ നിരൂപണത്തിൽ കരുത്തും കാന്പുമുള്ള സ്‌ത്രീശബ്ദം കേൾപ്പിച്ച ഡോ. എം ലീലാവതി തന്റെ ആദ്യ മൂന്ന് പുസ്‌തകങ്ങൾക്ക് ലഭിച്ച സ്വീകാര്യതയെ സ്വയം വിലയിരുത്തിയതിങ്ങനെ. നവരംഗം എന്ന പുസ്‌തകത്തിന് എസ്‌പിസിഎസിൽനിന്ന് ലഭിച്ചതാണ് പുരസ്‌കാരങ്ങളിൽ ആദ്യത്തേത്. തന്റെ സാഹിത്യപ്രവർത്തനത്തിന് ഉത്സാഹം നൽകിയ ഒന്നാമത്തെ അംഗീകാരം എന്നാണ് ആത്മകഥയായ ‘ധ്വനിപ്രയാണ’ത്തിൽ അതിനുള്ള വിശേഷണം. നിരൂപണമെഴുത്തിൽ ലീലാവതിയുടെ ആദ്യരചന ഒന്പതാം ക്ലാസിൽ പഠിക്കുന്പോഴാണ്; കുട്ടികളുടെ മാസികയായ ബാലമിത്രത്തിൽ. തലക്കെട്ട് ‘കേരള സ്‌ത്രീകളുടെ ഭാഷാപാണ്ഡിത്യം’. അതു ക്ലാസിൽ കൊണ്ടുവന്നു വായിച്ച കെമിസ്‌ട്രി അധ്യാപകൻ രാമചന്ദ്ര അയ്യർ, വലിയ എഴുത്തുകാരിയാകുമെന്ന് പ്രവചിച്ചത് ടീച്ചർ ഓർക്കുന്നു.
നിരൂപണരംഗത്ത് മുഴുവൻസമയം കർമലീനരായ സ്‌ത്രീകൾ വേറെയില്ലെന്ന് ഗുജറാത്തി സാഹിത്യകാരൻ ഉമാ ശങ്കർ ജോഷി ഒരിക്കൽ പറഞ്ഞതും ടീച്ചർ കുറിക്കുന്നു. എന്നാൽ, നിരൂപണത്തിൽ മാത്രമല്ല, കവിത, ജീവചരിത്രങ്ങൾ, വിവർത്തനം, നോവൽ–കഥാപഠനങ്ങൾ എന്നുവേണ്ട, എഴുത്തിന്റെ വൈവിധ്യമാർന്ന മേഖലകളിൽ ടീച്ചറുടെ കനപ്പെട്ട രചനകളുണ്ടായി. അവയെ സമഗ്രമായി വിലയിരുത്തുന്നതാണ് ദേശാഭിമാനി പുരസ്‌കാര സമർപ്പണത്തോടനുബന്ധിച്ച് 28ന് കുസാറ്റിൽ സംഘടിപ്പിക്കുന്ന സാഹിത്യോത്സവത്തിലെ പ്രബന്ധാവതരണങ്ങൾ.
ലീലാവതിയുടെ നിരൂപണങ്ങൾ ഇന്ന് വായിക്കുന്പോൾ (ഡോ. മ്യൂസ് മേരി ജോർജ്), മലയാള സാഹിത്യ നിരൂപണത്തിലെ പുതുധാരകളും ഡോ. എം ലീലാവതിയും (ഡോ. എ ജി ഒലീന), ലീലാവതിയുടെ വിമർശനം: അഭിനവ ഗുപ്‌തനും യുങ്ങും മാർക്‌സും സമന്വയിക്കുന്ന മാന്ത്രികവൃത്തം (ഡോ. എൻ അജയകുമാർ), കാവ്യലക്ഷ്‌മി ചാരിനിന്ന കൊന്ന: ലീലാവതിയും കാവ്യനിരൂപണവും (ഡോ. കെ വി സജയ്), ലീലാവതിയുടെ സാഹിത്യ വിമർശനത്തിലെ സ്‌ത്രീസമീപനങ്ങൾ (ഡോ. കെ ആർ സജിത), ലീലാവതിയും നോവൽ നിരൂപണങ്ങളും (ഡോ. ഹരികുമാർ ചങ്ങന്പുഴ), അന്തർവിജ്ഞാന നിരൂപണവും ഡോ. എം ലീലാവതിയും (ഡോ. ജിൻസി ടി സിറിയക്) എന്നിവയാണ് രാവിലെ ഒന്പതുമുതൽ രണ്ട് സെഷനുകളിലായി സാഹിത്യോത്സവത്തിൽ അവതരിപ്പിക്കുന്ന പ്രബന്ധങ്ങൾ.










0 comments