ad
Deshabhimani

കുട്ടികളെ കേൾക്കൂ... അവർക്കൊപ്പമിരിക്കൂ...

Listen to Children.jpg
avatar
സ്വന്തം ലേഖകൻ

Published on Aug 19, 2026, 06:42 AM | 2 min read

നാടുഞെട്ടിത്തരിക്കുന്ന കൊടുംക്രൂരത ചെയ്‌തിട്ട്‌ ശാന്തമായി പ്രതികരിക്കുന്ന കുഞ്ഞുങ്ങൾ സമൂഹത്തിന്റെ പ്രഹേളികയാണ്‌. നെറ്റിന്റെ അമിത ഉപയോഗം, ഓൺലൈൻ ഗെയിം, കുടുംബങ്ങളിലെ ഛിദ്രത തുടങ്ങി ഒട്ടേറെ കാരണങ്ങളാണ്‌ ഇതിലേക്ക്‌ നയിക്കുന്നതെന്ന്‌ മനശാസ്‌ത്ര ക‍ൗൺസിലർമാർ പറയുന്നു


ആലപ്പുഴ: കുട്ടികൾ അക്രമപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിന്റെ പ്രധാനകാരണം കുടുംബാന്തരീക്ഷം. മാതാപിതാക്കൾ തമ്മിലുള്ള കലഹം, വൈകാരികപിന്തുണയും ശരിയായ മാർഗനിർദേശങ്ങളും ലഭിക്കാതിരിക്കുക തുടങ്ങിയവയും കുട്ടികളുടെ മാനസിക ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നെന്ന്‌ മനശാസ്‌ത്ര ക‍ൗൺസിലർമാർ വിശദമാക്കുന്നു. മാതാപിതാക്കളുടെ തിരക്കേറിയ ജീവിതം, കുടുംബത്തിലെ കലഹം തുടങ്ങിയവ കാരണം കുട്ടികൾക്ക്‌ സാമൂഹ്യമായി പാലിക്കേണ്ട നിയമങ്ങൾ, അതിരുകൾ, ഉത്തരവാദിത്തങ്ങൾ എന്നിവ മനസിലാക്കാൻ കഴിയുന്നില്ല. അമിതമായ നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കുന്നതും എന്നാൽ താൻ ആവശ്യപ്പെടുന്നത്‌ എന്തും ലഭിക്കും എന്നതും പ്രശ്‌നം സൃഷ്‌ടിക്കുന്നുണ്ട്‌. കുട്ടികൾ പറയുന്നത്‌ കേൾക്കാൻ മാതാപിതാക്കൾ തയ്യാറാകണം. അല്ലെങ്കിൽ മറ്റ്‌ പലരും കുട്ടികളുടെമേൽ മാനസികമായ മേൽക്കൈ നേടുകയും ഇത്‌ അവരെ വലിയ കുഴപ്പങ്ങളിലേക്ക്‌ തള്ളിവിടുകയും ചെയ്യുമെന്ന്‌ ജില്ലാ ശിശുസംരക്ഷണ യൂണിറ്റ്‌ സൈക്കോളജിസ്‌റ്റ്‌ ഷൈമ എസ്‌ ഷാജി പറഞ്ഞു.


കുട്ടികൾ ഒരുപ്രായംവരെ മാതാപിതാക്കളെയാണ്‌ റോൾ മോഡലായി കാണുന്നത്‌. അതിനാൽ മാതാപിതാക്കൾ തമ്മിലുള്ള പ്രശ്‌നങ്ങൾ കുട്ടികളിലേക്കും എത്തും. ഉപഭോക്‌തൃസംസ്‌കാരം കുട്ടികളിൽ മാനസികസമ്മർദവും മത്സരത്തിനുള്ള ത്വരയും വർധിപ്പിക്കുന്നുണ്ട്‌. തനിക്ക്‌ ചുറ്റുമുള്ളവരെപ്പോലെയാകാൻ കുട്ടി ശ്രമിക്കുന്നു. സമൂഹമാധ്യമങ്ങളുടെ ശരിയല്ലാത്ത ഉപയോഗവും തെറ്റായ വിവരങ്ങൾ നൽകുന്ന ഇൻഫ്ലുവൻസർമാരും പ്രശ്‌നം സൃഷ്‌ടിക്കുന്നുണ്ട്‌. ഇൻഫ്ലുവൻസർമാരുടെ സ്വാധീനത്തിൽ കുടുങ്ങി എളുപ്പത്തിൽ പണമുണ്ടാക്കാൻ നിയമവിരുദ്ധപ്രവർത്തനങ്ങളിൽ ഏർപ്പെടുകയും സാഹസികമായ യാത്രയുമൊക്കെ ചെയ്‌ത്‌ അപകടത്തിൽപ്പെട്ട കുട്ടികളുണ്ട്‌. സമൂഹമാധ്യമങ്ങൾക്കും മൊബൈൽഫോൺ ഉപയോഗത്തിനും അടിമപ്പെടുന്നവരും ഏറെയാണ്‌. ഇതിൽനിന്ന്‌ തടഞ്ഞാൽ അവർ അക്രമാസക്‌തരാകാറുണ്ട്‌.


ഇങ്ങനെ, വൈകാരികമായ പ്രതികരണങ്ങൾ നിയന്ത്രിക്കാൻ കഴിയാത്തവരായും തോൽവിയും ഒഴിവാക്കലും ഉൾക്കൊള്ളാൻ കഴിയാത്തവരായുമൊക്കെ കുട്ടികൾ മാറുന്നു. ഇവർക്ക്‌ ദേഷ്യം നിയന്ത്രിക്കാനാകില്ല. പ്രത്യാഘാതം എന്തെന്ന്‌ നോക്കാതെ പലകാര്യങ്ങളിലും ഇവർ ഇടപെടും.

മാറിയ കാലത്ത്‌ കുട്ടികളുടെ സ്വഭാവരൂപീകരണത്തിൽ മാതാപിതാക്കൾ കൃത്യമായി ശ്രദ്ധിക്കേണ്ടതുണ്ട്‌.


1. പ്രായത്തിന്‌ അനുസൃതമായ മാർഗനിർദേശം നൽകണം. കുട്ടികളുടെ സുഹൃത്തുക്കൾ ആരൊക്കെയെന്ന്‌ കൃത്യമായ മനസിലാക്കിയിരിക്കണം.

2. എന്തെങ്കിലും തെറ്റ്‌ സംഭവിച്ചാലും അത്‌ മാതാപിതാക്കൾ തിരുത്തും എന്ന വിശ്വാസം ഉണ്ടാക്കിയെടുക്കണം. വഴക്ക്‌ പറയില്ല എന്ന്‌ മനസിലാക്കിയാൽ കുട്ടികൾ സത്യം പറയും. ക‍ൗമാരകാലത്ത്‌ രക്ഷിതാവ്‌ എന്ന മനോഭാവമല്ല അച്ഛനിൽനിന്നും അമ്മയിൽനിന്നും അവർ പ്രതീക്ഷിക്കുന്നത്‌. അതിലുപരി അവരുടെ സുഹൃത്ത്‌ ആകാൻ ശ്രമിക്കുക.

3. വീടുകളിൽ ഫോണിന്റെ ഉപയോഗം പരിമിതപ്പെടുത്തുക. ‘നോ ഫോൺ സോൺ’ ഏർപ്പെടുത്തുന്നതും നല്ലതാണ്‌. കൂടുതൽ സമയം വീട്ടുകാര്യങ്ങൾ ചർച്ചചെയ്യാൻ ഉപയോഗപ്പെടുത്തുക.

4. വീട്ടിലെ വരുമാനവും ചെലവുമെല്ലാം കുട്ടികൾ അറിഞ്ഞിരിക്കണം. ഇതിനൊപ്പം ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാനും അവരെ പരിശീലിപ്പിക്കുക.

5. ഓൺലൈൻ ഗെയിമുകളിൽനിന്ന്‌ പിന്തിരിപ്പിക്കുക.











deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home