ചോലനായ്‌ക്കർ പ്രധാന വേഷമഭിനയിച്ച ‘തന്തപ്പേര്’ രാജ്യാന്തര ചലച്ചിത്ര മേളയിലേക്ക്
print edition കാടിറങ്ങിയ ജീവിതം ഹൃദയം കീഴടക്കുന്നു

തന്തപ്പേര് സിനിമയുടെ ചിത്രീകരണം
സി പ്രജോഷ്‌കുമാർ
Published on Nov 15, 2025, 03:01 AM | 1 min read
മലപ്പുറം
ഭരണകൂടം കാടുകയറി വേട്ടയാടിയതാണ് അവരുടെ ജീവിതം. സങ്കടങ്ങൾ ഉള്ളിലൊതുക്കി അവർ കാടിനുള്ളിൽ കഴിഞ്ഞു. ഒടുവിൽ അവരുടെ സങ്കടങ്ങൾ കാടിറങ്ങി വന്നപ്പോൾ അത് ഹൃദയങ്ങളിൽ മുറിവേൽപ്പിച്ചു. ഏഷ്യയിലെ ഏക ഗോത്രവർഗമായ ചോലനായ്‌ക്കർ നായകനും സഹകഥാപാത്രങ്ങളും സഹതിരക്കഥാകൃത്തും സഹസംവിധായകനുമാവുന്ന ‘തന്തപ്പേര്’ അഥവാ ‘ലൈഫ് ഓഫ് എ പാലസ്’ സിനിമയ്‌ക്കാണ് ഇൗ അപൂർവത. ഉണ്ണിക്കൃഷ്‌ണൻ ആവള സംവിധാനംചെയ്‌ത സിനിമ ഡിസംബറിൽ ഐഎഫ്‌എഫ്കെ ഉൾപ്പെടെ മൂന്ന് രാജ്യാന്തര ചലച്ചിത്ര മേളകളിൽ ഇടംനേടിക്കഴിഞ്ഞു.
അടിയന്തരാവസ്ഥയിൽ നടപ്പാക്കിയ ഗോത്രവിഭാഗങ്ങളിലെ വന്ധ്യംകരണം എങ്ങനെയാണ് അവരുടെ ജീവിതം മാറ്റിമറിച്ചതെന്ന അന്വേഷണമാണ് സിനിമ. വന്ധ്യംകരണംമൂലം ആദിവാസികളിൽ പുരുഷന്മാരുടെ എണ്ണം കുറഞ്ഞതും ഇണ തേടിയുള്ള അവരുടെ വേട്ടയുമാണ് സിനിമയുടെ പ്രമേയം. ചോലനായ്‌ക്കർ യുവാവ് ബെള്ളക്കരയിൽ മനീഷാണ് നായകൻ. ചോലനായ്‌ക്കരിലെ ആദ്യ ഗവേഷക വിദ്യാർഥി വിനോദ് ചെല്ലനാണ് സഹ തിരക്കഥാകൃത്ത്, വിനയൻ സഹസംവിധായകൻ. പ്രധാന കഥാപാത്രങ്ങൾ ഉൾപ്പെടെ ഗോത്രവിഭാഗത്തിലെ ഇരുപതോളം പേർ അഭിനേതാക്കളാണ്. കരിമ്പുഴ ഉൾവനത്തിലും ടി കെ ഉന്നതിയിലുമായിരുന്നു ചിത്രീകരണം.
ആറുവർഷത്തെ പ്രയത്‌നം
ആറുവർഷത്തെ പ്രയത്‌നമാണ് സിനിമയ്‌ക്കുപിറകിലെന്ന് ഉണ്ണികൃഷ്‌ണൻ ആവള ‘ദേശാഭിമാനി’യോട് പറഞ്ഞു. 16 വർഷംമുമ്പ് ആദ്യ ഡോക്യമെന്ററി ‘ലാസ്‌റ്റ് പേജി’ന്റെ ചിത്രീകരണത്തിനിടയിലാണ് ചോലനായ്‌ക്കരെ അടുത്തറിയുന്നത്. അവരെ കാമറയ്‌ക്കുമുന്നിൽ എത്തിക്കുകയായിരുന്നു പ്രധാന വെല്ലുവിളി. പൂച്ചപ്പാറ മണിയാണ് മറ്റുള്ളവരെ സിനിമയിലേക്ക് എത്തിച്ചത്. 90 ശതമാനം ചിത്രീകരണവും പൂർത്തിയാക്കിയശേഷം മണി ആനയുടെ ചവിട്ടേറ്റ് മരിച്ചു. നായകന്റെ അച്ഛനായി അഭിനയിക്കേണ്ടിയിരുന്ന മാതനെയും ആന കുത്തിക്കൊന്നു. പിന്നീട് തിരക്കഥ മാറ്റി എഴുതിയാണ് ചിത്രീകരണം പൂർത്തിയാക്കിയത്. മാതന്റെ ഭാര്യ കരിക്ക സിനിമയിലുണ്ട്. സംവിധായകൻ ജിയോ ബേബിയും നായിക കഥാപാത്രം ചിഞ്ചിന ഭാമിനിയും മാത്രമാണ് ചോലനായ്‌ക്കരല്ലാത്ത മുഖ്യ കഥാപാത്രങ്ങൾ.
പിന്നണിയിൽ പ്രമുഖർ
സിനിമയുടെ പിന്നണിയിലും പ്രമുഖരുടെ നിരയുണ്ട്. ജാനകി ഇൗശ്വർ, ഋതു വൈശാഖ് എന്നിവരാണ് പശ്ചാത്തല സംഗീതം. അരുൺ സോനു – തത്സമയ സംഗീതം, വിധുപാൽ– ഗാനങ്ങൾ. എ മുഹമ്മദ് –കാമറ, ജിനുശോഭ– എഡിറ്റിങ്, അമ്പിളി മൈഥിലി– ഛായാഗ്രഹണം, ബാനു ബ്ലഷ്– നിർമാണം.









0 comments