എല്ലാവർക്കും ലൈഫ്; എറണാകുളം ജില്ലയിൽ 37,535 വീടുകൾ പൂർത്തിയായി

കൊച്ചി: സംസ്ഥാന സർക്കാരിന്റെ സമഗ്ര പാർപ്പിട പദ്ധതിയായ ലൈഫ് മിഷൻ എറണാകുളം ജില്ലയിൽ ശ്രദ്ധേയമായ നേട്ടം കൈവരിച്ച് മുന്നേറുന്നു. സുരക്ഷിതവും മാന്യവുമായ പാർപ്പിടം ഓരോ കുടുംബത്തിനും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പദ്ധതിയിലൂടെ പതിനായിരക്കണക്കിന് കുടുംബങ്ങൾക്കാണ് സ്വന്തം വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ കഴിഞ്ഞത്.
ജില്ലയിലെ 14 നിയമസഭാ മണ്ഡലങ്ങളിലായി ഇതുവരെ 37,535 വീടുകൾ പൂർത്തീകരിച്ച് ഗുണഭോക്താക്കൾക്ക് കൈമാറിയിട്ടുണ്ട്. ആകെ 42,018 വീടുകൾക്കാണ് കരാർ നൽകിയിരിക്കുന്നത്. ഇതിൽ 4,483 വീടുകളുടെ നിർമ്മാണം വിവിധ ഘട്ടങ്ങളിലായി പുരോഗമിക്കുകയാണ്.
ജില്ലയിൽ ഏറ്റവുമധികം വീടുകൾ പൂർത്തിയായത് എറണാകുളം മണ്ഡലത്തിലാണ്. ഇവിടെ 6,133 കുടുംബങ്ങളാണ് ലൈഫ് മിഷൻ പദ്ധതിയിലൂടെ സ്വന്തം വീട് എന്ന സ്വപ്നം യാഥാർഥ്യമാക്കിയത്. കോതമംഗലം മണ്ഡലത്തിൽ 4,021 വീടുകളും പറവൂരിൽ 3,130 വീടുകളും പൂർത്തീകരിച്ചിട്ടുണ്ട്. മൂവാറ്റുപുഴയിൽ 3,107 വീടുകളും പിറവം മണ്ഡലത്തിൽ 2,874 വീടുകളും പെരുമ്പാവൂരിൽ 2,832 വീടുകളും വൈപ്പിനിൽ 2,569 വീടുകളും കളമശ്ശേരിയിൽ 2,436 വീടുകളും പദ്ധതിയിലൂടെ പൂർത്തിയായി. അങ്കമാലിയിൽ 2,184 വീടുകളും കുന്നത്തുനാട് മണ്ഡലത്തിൽ 2,104 വീടുകളും നിർമ്മാണം പൂർത്തിയായി. തൃപ്പൂണിത്തുറയിൽ 1,893 വീടുകളും തൃക്കാക്കരയിൽ 1,659 വീടുകളും ആലുവയിൽ 1,653 വീടുകളും കൊച്ചിയിൽ 940 വീടുകളും ഗുണഭോക്താക്കൾക്ക് കൈമാറിയിട്ടുണ്ട്.
നിലവിൽ നിർമ്മാണം പുരോഗമിക്കുന്ന 4,483 വീടുകളിൽ 875 വീടുകൾ കോതമംഗലം മണ്ഡലത്തിലാണ്. മലയോര മേഖലകളിലും നഗരപ്രദേശങ്ങളിലും ഒരുപോലെ ഗുണഭോക്താക്കളെ ഉൾപ്പെടുത്തി പദ്ധതി നടപ്പാക്കുന്നതിലൂടെ ജില്ലയിൽ സമഗ്രമായ പാർപ്പിട സുരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യം.
ലൈഫ് മിഷൻ പദ്ധതിയിലൂടെ ഭവനരഹിതരും പാർപ്പിട സുരക്ഷിതത്വം ഇല്ലാത്തവരുമായ കുടുംബങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങളോടുകൂടിയ സുരക്ഷിത വീടുകൾ ലഭ്യമാകുന്നത് അവരുടെ ജീവിത നിലവാരം ഉയർത്തുന്നതിൽ നിർണായകമായി മാറുകയാണ്.കരാർ ചെയ്ത വീടുകളെല്ലാം പൂർത്തിയാകുന്നതോടെ ജില്ലയിലെ പതിനായിരക്കണക്കിന് മനുഷ്യരുടെ ജീവിതത്തിൽ പുതിയൊരു പ്രഭാതം വിരിയും. സുരക്ഷിതമായ പാർപ്പിടം എന്നത് ഓരോ പൗരന്റെയും അവകാശമാണെന്ന പ്രഖ്യാപനമാണ് ലൈഫ് മിഷനിലൂടെ സർക്കാർ യാഥാർത്ഥ്യമാക്കുന്നത്.









0 comments