print edition കിഫ്‌ബിയുടെ പേരിൽ അസത്യം പ്രചരിപ്പിക്കുന്നു: പിണറായി

തലശേരി: കിഫ്‌ബിയുടെ പേരിൽ വസ്‌തുതാവിരുദ്ധമായ കാര്യങ്ങളാണ് സർക്കാർ നിയോഗിച്ച കമീഷനും മുഖ്യമന്ത്രിയും പ്രചരിപ്പിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഭൂമി ഏറ്റെടുക്കുന്നതിന് കിഫ്‌ബി അഞ്ചുമടങ്ങ് വിലകൊടുത്തുവെന്നാണ് പറയുന്നത്. ഭൂമി ഏറ്റെടുക്കലുമായി കിഫ്‌ബിക്ക് ബന്ധമില്ല. അത് മുഴുവൻ ചെയ്യുന്നത് സർക്കാരാണ്. തോന്നിയപോലെ ആർക്കും ഭൂമി എടുക്കാനാവില്ല. അതിന് രാജ്യം അംഗീകരിച്ച ഭൂമി ഏറ്റെടുക്കൽ നിയമമുണ്ടെന്നും സി എച്ച് കണാരൻ ദിനാചരണത്തോടനുബന്ധിച്ച് തലശേരിയിൽ പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കണ്ണൂരിൽ ഒരുപാട് ഭൂമി ഏറ്റെടുത്തുവെന്നാണ് പറയുന്നത്. കണ്ണൂർ വിമാനത്താവളവുമായി ബന്ധപ്പെട്ട് വലിയ വ്യവസായ വികസന സാധ്യതയുള്ളതാണ്. അതിന്റെ നേട്ടം കണ്ണൂരിന് മാത്രമല്ല കേരളത്തിനാകെയാണ്. ഏറ്റെടുത്ത ഭൂമി മുഴുവൻ ഉപയോഗിച്ചില്ലെന്നും പറയുന്നു. ഭൂമി ഒരു മാസംകൊണ്ടോ ഒരു വർഷംകൊണ്ടോ ഉപയോഗിച്ച് തീരുമോ. ഭൂമി ബാങ്ക് എന്ന ആശയത്തിന്റെ ഭാഗമായാണ് അത് ഏറ്റെടുത്തത്. വികസനത്തിന്റെ ഓരോ ഘട്ടത്തിലും ഭൂമി ആവശ്യമായി വരും.
കിഫ്‌ബിയിലൂടെ കൈവരിച്ച നേട്ടങ്ങൾ നാടിന് വലിയ ആപത്താണെന്ന് വരുത്തിത്തീർക്കാൻ നുണപ്രചാരണം അഴിച്ചുവിടുകയാണ്. കഴിഞ്ഞ പത്തുവർഷത്തെ വികസന പദ്ധതികൾ കേരളം വലിയ തോതിൽ അംഗീകരിച്ചതാണ്. പശ്ചാത്തല സൗകര്യം, ആരോഗ്യം, വിദ്യാഭ്യാസം, പാർപ്പിടം തുടങ്ങി എല്ലാറ്റിലും വലിയ മാറ്റമുണ്ടായി. കിഫ്‌ബിയിലൂടെയാണ് ഇത് കൈവരിച്ചത്. ഒരു ലക്ഷം കോടിയോളം രൂപയുടെ വികസന പ്രവർത്തനങ്ങളാണ് കിഫ്‌ബി ഏറ്റെടുത്തത്. 40,000 കോടിയോളം രൂപയുടെ പദ്ധതികൾ പ്രാവർത്തികമായി. കേരളത്തിലെ യുഡിഎഫ് സർക്കാരും കേന്ദ്രത്തിലെ ബിജെപി സർക്കാരും സംയുക്തമായാണ് കേരളത്തെ പിറകോട്ടടിപ്പിക്കാൻ ശ്രമിക്കുന്നത്. നല്ല രീതിയിലുള്ള ചെറുത്തുനിൽപ് ഇതിനെതിരെ ഉയരണം. രാജ്യം വലിയ പ്രക്ഷോഭത്തിന്റെ തീച്ചൂളയിലാണ്. അധികാരത്തിന്റെ ഹുങ്ക് ഉപയോഗിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്‌കുമാറിനെ സംരക്ഷിക്കാമെന്ന വ്യാമോഹമാണ് കേന്ദ്രസർക്കാരിനെന്നും പിണറായി പറഞ്ഞു.









0 comments