print edition ഇൻഷുറൻസ് മേഖലയിൽ വിദേശ അധിനിവേശം പൂർണം

പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ഇൻഷുറൻസ് മേഖല പൂർണമായി വിദേശ അധിനിവേശത്തിന് വിട്ടുകൊടുത്ത് കേന്ദ്ര സർക്കാർ. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായ ഈ മേഖലയിലെ ഇന്ത്യൻ ഇൻഷുറൻസ് കന്പനികളിൽ 100 ശതമാനം വിദേശനിക്ഷേപ (എ-ഫ്‌ഡിഐ) ത്തിന് തുറന്നുകൊടുക്കുന്ന നിയമഭേദഗതി കേന്ദ്രസർക്കാർ ഗസറ്റിൽ വിജ്ഞാപനംചെയ്‌തു.
74 ശതമാനമായിരുന്നത് നൂറ് ശതമാനമാക്കിയതോടെ ഇനിമുതൽ വിദേശകുത്തകകൾക്ക് ഇന്ത്യയിലെ ഇൻഷുറൻസ് കമ്പനികളുടെ പൂർണ ഉടമസ്ഥാവകാശം സ്വന്തമാക്കാം.
പൊതുമേഖലയെ ബാധിക്കില്ലെന്ന ഉറപ്പുകൾക്ക് വിരുദ്ധമായി പൊതുമേഖല സ്ഥാപനമായ ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യ (എൽഐസി) യിൽ 20 ശതമാനം വിദേശനിക്ഷേപവും അനുവദിച്ചു. പുറമേ കന്പനിയുടെ ചെയർമാൻ, മാനേജിങ് ഡയറക്‌ടർ, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ എന്നിവയിൽ രണ്ട് പദവികൾ വിദേശികൾക്ക് തീറെഴുതി.
ഇൻഷുറൻസ് മേഖലയിൽ ഇനി പൂർണമായും ലാഭാധിഷ്‌ഠിതമായ ഘടനയാണ് നിലവിൽ വരിക. തൊഴിലാളികളും ഇടത്തരക്കാരും ഗ്രാമീണരും ഇൻഷുറൻസ് പരിരക്ഷയിൽനിന്ന് പുറത്താകും. ദേശീയ സന്പത്ത് വിദേശത്തേക്ക് ഒഴുക്കും. ആഭ്യന്തര കന്പനികൾ തകരും. 2034 ഓടെ ഇൻഷുറൻസ് വിപണിമൂല്യം 53.65 ലക്ഷം കോടിയിലേക്ക് ഉയരുമെന്ന് പ്രതീക്ഷിച്ചിരിക്കേ ഗുണം ലഭിക്കുക വിദേശ കുത്തകകൾക്കാണ്.
100 ശതമാനം എ-ഫ്‌ഡിഐ പോളിസി ഉടമകൾക്ക് ഗുണം ചെയ്യുമെന്ന പൊള്ളവാദമുയർത്തിയാണ് കേന്ദ്രം ചട്ടങ്ങൾ വിജ്ഞാപനം ചെയ്‌തത്. അതേസമയം ജനപ്രിയവും സന്പാദ്യ സ്വഭാവമുള്ള എൽഐസിയുടെ നോൺ പാർടിസിപ്പേറ്റിങ് പോളിസികൾ ദുർബലപ്പെടുത്തി കുത്തകകളെ പ്രീണിപ്പിക്കുകയാണ് കേന്ദ്രം. ലൈഫ് ഇൻഷുറസിന്റെ സിംഹഭാഗവും എൽഐസിയാണ് കൈയാളുന്നത്. അതേസമയം താരിഫ് ഉപദേശക സമിതി ഇല്ലാതാക്കിയതോടെ ജനറൽ ഇൻഷുറൻസ് മേഖലയിൽ സ്വകാര്യവൽക്കരണം നാശംവിതയ്‌ക്കും.
കടുത്ത പ്രത്യാഘാതം
ദേശീയ സന്പത്ത് വിദേശത്തേക്ക് ചോരും
ചെറു ആഭ്യന്തര കന്പനികളെ വിഴുങ്ങി തൊഴിൽനഷ്‌ടം സൃഷ്‌ടിക്കും
നിക്ഷേപകർക്ക് കൂടുതൽ ഡിവിഡന്റും ബോണസും ലഭിക്കുന്ന ഘടന
നിയമതീർപ്പുകൾ സങ്കീർണമാകും
ആഗോളപ്രതിസന്ധിയിൽ പേരന്റ് കന്പനികൾ നിക്ഷേപം പിൻവലിച്ചാൽ കടുത്ത സാന്പത്തിക തിരിച്ചടി










0 comments